പെന്‍ഷന്‍ പ്രായം ഉടന്‍ 60 ആക്കി ഉയര്‍ത്തണം, എന്തിന് ഇത്രയും കാലം വൈകിപ്പിച്ചു?, ലോകത്തിലെ ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ പ്രായം കേരളത്തില്‍

Muralee Thummarukudy
Muralee Thummarukudy

യുവാക്കളുടെ തൊഴില്‍ അവസരങ്ങള്‍ ആണ് പറഞ്ഞു കേട്ടിട്ടുള്ള ഒരു കാരണം. ഒരു വര്‍ഷത്തില്‍ ശരാശരി ഇരുപതിനായിരം ആളുകള്‍ക്കാണ് സര്‍ക്കാര്‍ ജോലി പുതിയതായി കിട്ടുന്നത് എന്നാണ് വായിച്ചത്.

കൊച്ചി: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി പിന്നോട്ടുപോയതോടെ പ്രതികരണവുമായി യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ പ്രായമാണ് കേരളത്തിലേതെന്നും ഇത് 60 എങ്കിലും ആക്കി ഉയര്‍ത്തേണ്ടകാലം അതിക്രമിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

പെന്‍ഷന്‍ പ്രായം

ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ പ്രായമാണ് കേരളത്തിലേത്. ഇത് അല്‍പ്പമെങ്കിലും ഉയര്‍ത്തി അറുപത് ആക്കുന്നത് എന്തുകൊണ്ടാണ് ഇനിയും വൈകിക്കുന്നതെന്ന് എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല.

യുവാക്കളുടെ തൊഴില്‍ അവസരങ്ങള്‍ ആണ് പറഞ്ഞു കേട്ടിട്ടുള്ള ഒരു കാരണം. ഒരു വര്‍ഷത്തില്‍ ശരാശരി ഇരുപതിനായിരം ആളുകള്‍ക്കാണ് സര്‍ക്കാര്‍ ജോലി പുതിയതായി കിട്ടുന്നത് എന്നാണ് വായിച്ചത്. ഒരു വര്‍ഷത്തില്‍ ശരാശരി അഞ്ചു ലക്ഷം മലയാളികള്‍ ആണ് തൊഴില്‍ കമ്പോളത്തില്‍ എത്തുന്നത്. അപ്പോള്‍  നമ്മുടെ യുവജനങ്ങളില്‍ അഞ്ചു ശതമാനത്തിന് പോലും സര്‍ക്കാര്‍ ജോലി ലഭിക്കുന്നില്ല. പെന്‍ഷന്‍ പ്രായം കൂട്ടുന്നതും കുറയ്ക്കുന്നതും ഒന്നും ബഹുഭൂരിപക്ഷം യുവജനങ്ങളുടെയും തൊഴില്‍ അവസരത്തെ ബാധിക്കുന്നില്ല.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രായം കൂടുംതോറും ശമ്പളവും അലവന്‍സും വര്‍ദ്ധിച്ച് വലിയൊരു തുക ആവുകയും അതേസമയം പ്രായം അനുസരിച്ച് അവരുടെ പ്രൊഡക്ടിവിറ്റിയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതിനാല്‍ പ്രായമുള്ളവരെ റിട്ടയര്‍ ചെയ്യിച്ചതിന് ശേഷം പുതിയ ആളുകളെ എടുത്താല്‍, പെന്‍ഷന്‍ കൂട്ടിയാല്‍ പോലും മൊത്തം ലാഭമാകുമെന്ന് മറ്റൊരു വാദവും കേട്ടിട്ടുണ്ട്. ഇതില്‍ അല്പം മെറിറ്റ് ഉണ്ടെന്ന് തോന്നുന്നു, പ്രത്യേകിച്ചും നമ്മുടെ 'സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍' വലിയൊരു ശതമാനം എയ്ഡഡ് സ്‌കൂളിലേയും കോളേജിലെയും ഉള്‍പ്പടെ ഉള്ള അധ്യാപകര്‍ ആയതിനാല്‍. എന്നാല്‍ ഈ വിഷയത്തെ കൈകാര്യം ചെയ്യാനുള്ള ശരിയായ മാര്‍ഗ്ഗം പെന്‍ഷന്‍ പ്രായം നില നിര്‍ത്തുന്നതല്ല.

പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ക്ഷേമ ചിലവുകള്‍ കൂടുകയും വരുമാനം ആനുപാതികമായി വര്‍ധിക്കാതിരിക്കുകയും ചെയ്താല്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുമല്ലോ. ലഭ്യമായ സാങ്കേതിക വിദ്യകളും മാനുഷിക ശേഷിയും ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി ഉപയോഗിച്ച് സര്‍ക്കാരിന്റെ സാലറി ബില്‍ നിയന്ത്രണത്തില്‍ എത്തിക്കേണ്ടതുണ്ട്. പ്രായമാകുന്ന നമ്മുടെ സമൂഹത്തില്‍ പെന്‍ഷന്‍ പ്രായം കൂട്ടിക്കൊണ്ടു വരേണ്ട ആവശ്യവും ഉണ്ട്. ഇതൊന്നും എളുപ്പമുള്ള തീരുമാനങ്ങള്‍ അല്ല. പക്ഷെ ഇന്ന് അല്പം ബുദ്ധിമുട്ടുണ്ടെങ്കിലും തീരുമാനങ്ങള്‍ ഇപ്പോള്‍ എടുക്കുന്നതാണ് നാളെ ഇതിലും വലിയ കുഴപ്പത്തിലാകുന്നതിനേക്കാള്‍ നല്ലത്.

 

Tags