ഇങ്ങനെയാകണം രക്ഷാപ്രവര്‍ത്തനം, ആര്‍മി മുതല്‍ സന്നദ്ധപ്രവര്‍ത്തകര്‍ വരെ കൈകോര്‍ത്തെന്ന് മുരളി തുമ്മാരുകുടി

Muralee Thummarukudy
Muralee Thummarukudy

വയനാട്: ചൂരല്‍മലയിലും മുണ്ടക്കൈയ്യിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരെ പുകഴ്ത്തി യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. മാതൃകയാക്കാവുന്ന രക്ഷാപ്രവര്‍ത്തനമാണ് വയനാട്ടില്‍ നടക്കുന്നതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ആര്‍മി മുതല്‍ സന്നദ്ധപ്രവര്‍ത്തകര്‍ വരെ എല്ലാവരും രംഗത്ത് ഉണ്ട്, ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നു. പ്രായോഗികമായി അവര്‍ക്ക് നല്‍കാവുന്ന സഹായങ്ങള്‍ ഒക്കെ നല്‍കാന്‍ നമുക്ക് ഒരുമിച്ച് ശ്രമിക്കാമെന്നും അദ്ദേഹം പറയുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

വയനാട്: മാതൃകയാകുന്ന  രക്ഷാ പ്രവര്‍ത്തനം

നടുക്കുന്ന കാഴ്ചകള്‍ ആണ് വയനാട്ടില്‍ നിന്നും വരുന്നത്.
പാതി രാത്രിയില്‍, പേരും മഴയില്‍ ഉരുള്‍പൊട്ടലില്‍ പെട്ടവരുടെ, അതില്‍ നിന്നും രക്ഷപെട്ടവരുടെ ഒക്കെ ഭീതി ചിന്തിക്കാവുന്നതില്‍ നിന്നും അപ്പുറമാണ്.
ഏറ്റവും മാതൃകാപരമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നത്. ആര്‍മി മുതല്‍ സന്നദ്ധപ്രവര്‍ത്തകര്‍ വരെ എല്ലാവരും രംഗത്ത് ഉണ്ട്, ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നു. മറ്റുള്ളവര്‍ അവരെ പിന്തുണക്കുന്നു. ദുരന്തത്തില്‍ നിന്നും രക്ഷപെട്ടവര്‍ക്ക് എത്തിക്കാനുള്ള വസ്തുവകകളുടെ കളക്ഷന്‍ ഒക്കെ ദൂരദേശങ്ങളില്‍ നടക്കുന്നു. ഒരു ദുരന്തം വരുമ്പോള്‍ കേരളസമൂഹം  തീര്‍ച്ചയായും വേറൊരു ലെവലിലേക്ക് മാറുന്നു.  
ഇതുവരെയെങ്കിലും മാധ്യമങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തിയിലും രക്ഷാപ്രവര്‍ത്തനത്തിന് രീതിയിലും ഒക്കെയാണ് ഫോക്കസ് ചെയ്യുന്നത്. ഏറെ നല്ല കാര്യം.
മുന്‍കൂട്ടി പ്രവചിക്കാനും ഒഴിവാക്കാനും ഒക്കെ ഏറെ വെല്ലുവിളികള്‍ ഉള്ള ഒരു ദുരന്തമാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഒക്കെ. രക്ഷാപ്രവര്‍ത്തനവും അതുപോലെ തന്നെ. ഏറെ ആളുകളുടെ മൃതശരീരം പോലും കണ്ടെടുക്കാന്‍ പറ്റാതെ വരും. കൃത്യമായി കണക്കില്ലാത്ത  മറുനാടന്‍ തൊഴിലാളികള്‍ ഉള്ള പ്രദേശം ആയത് കൊണ്ട്, ഇതൊക്കെ പിന്നെയും സങ്കീര്‍ണ്ണമാകും.  ഇതിന് സാങ്കേതികവും സാമൂഹ്യവുമായ കാരണങ്ങള്‍ ഉണ്ട്.  
ഈ ദുരന്തത്തില്‍ ഏറ്റവും ദുഃഖം രേഖപ്പെടുത്തുന്നു. രക്ഷാപ്രവര്‍ത്തനം സുരക്ഷിതമായി നടക്കട്ടെ എന്നാശംസിക്കുന്നു. അപകടത്തില്‍ നിന്നും രക്ഷപെടുന്നവരുടെ ദുഖവും നടുക്കവും നമ്മുക്ക് പരിഹരിക്കാന്‍ ആകില്ലെങ്കിലും പ്രായോഗികമായി അവര്‍ക്ക് നല്‍കാവുന്ന സഹായങ്ങള്‍ ഒക്കെ നല്കാന്‍ നമുക്ക് ഒരുമിച്ച് ശ്രമിക്കാം.

 

Tags