കേരളത്തില്‍ നിന്നും വിദേശത്തേക്ക് സഹസ്ര കോടികള്‍ ഒഴുകുന്നു, സ്ഥലവില കുത്തനെ കുറയുമെന്ന് പറയുന്നതിന്റെ തെളിവുമായി മുരളി തുമ്മാരുകുടി

Muralee Thummarukudy

കൊച്ചി: കേരളത്തില്‍നിന്നും വിദേശത്തേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഈ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും വിദേശങ്ങളില്‍ തന്നെ ജോലി കണ്ടെത്തി സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവരാണ്. വിദ്യാര്‍ത്ഥികളിലൂടെ കേരളത്തിന്റെ മനുഷ്യവിഭവശേഷി ചോര്‍ന്നുപോവുകയാണെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതിനിടെ സഹസ്രകോടികള്‍ വിദ്യാര്‍ത്ഥികളിലൂടെ വിദേശത്തേക്ക് ഒഴുകുകയാണെന്ന നിരീക്ഷണവുമായി എത്തിയിരിക്കുകയാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

മുന്‍പെങ്ങും കാണാത്തവിധം വിദേശങ്ങളിലേക്ക് പണമയക്കാനുള്ള ഏജന്‍സികളുടെ പരസ്യമാണ് കേരളമെങ്ങുമെന്ന് മുരളി തുമ്മാരുകുടി പറയുന്നു. ഇന്ന് ഏകദേശം 8,000 കോടി രൂപ വിദേശത്തേക്ക് അയക്കുന്നുണ്ടെങ്കില്‍ നാളെയത് പതിന്മടങ്ങായി വര്‍ദ്ധിക്കും. വിദേശത്ത് വീടുവാങ്ങാനും മറ്റും ആളുകള്‍ പണമയക്കുന്നതോടെ കേരളത്തില്‍ സ്ഥലത്തിന് വിലയിടിയുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

അമിതാഭ് ബച്ചന്‍ നമ്മളോട് പറയുന്നത്
ഇത്തവണ നാട്ടില്‍ വന്നപ്പോള്‍ റോഡിലെങ്ങും 'വിദേശത്തേക്ക്' പണം അയക്കുന്നതിന്റെ പരസ്യങ്ങള്‍ ആണ്.
അതും ചെറിയ പരസ്യങ്ങള്‍ അല്ല
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്രാന്‍ഡ് ആയ അമിതാഭ് ബച്ചന്‍ ഉള്‍പ്പടെയുള്ളവര്‍ ആണ് പരസ്യത്തില്‍
റോഡു നിറഞ്ഞു നില്‍ക്കുന്ന ബില്‍ബോര്‍ഡുകള്‍
അറുപത് വര്‍ഷത്തെ ജീവിതത്തില്‍ ഇന്നുവരെ കേരളത്തില്‍ വിദേശത്തേക്ക് പണമയക്കാനുള്ള പരസ്യം കണ്ടിട്ടില്ല.
ലോകത്ത് പലയിടത്തുതിന്നും ഇന്ത്യയിലേക്ക് പണമയക്കാനുള്ള ഏജന്‍സികളുടെ പരസ്യങ്ങള്‍ കണ്ടിട്ടുണ്ട്.
അങനെ വന്ന പണമാണ് കേരള സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായത്.
ആ കാലം കഴിഞ്ഞു
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശപണം വന്നിരുന്നത് കേരളത്തിലാണ്.
പക്ഷെ റിസര്‍വ്വ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് അത് മഹാരാഷ്ട്രയാണ്
അമിതാഭ് ബച്ചന്റ പരസ്യവും ഇതുമായി കൂട്ടി വായിക്കണം
വിദേശത്ത് ജോലിചെയ്യുന്ന മലയാളികളാണ് കേരളത്തിലേക്ക് പണമയച്ചുകൊണ്ടിരുന്നത്.
ആരാണ് കേരളത്തില്‍ നിന്നും പുറത്തേക്ക് പണമയക്കുന്നത്?
പ്രധാനമായും വിദേശത്തേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അയക്കുന്ന ഫീസും ജീവിത ചിലവുമാണ്.
കൃത്യമായ കണക്കില്ല. ഒരു ഊഹം പറയാം.
ഇപ്പോള്‍ കേരളത്തില്‍ നിന്നും പുറത്ത് ഒരു ലക്ഷത്തോളം മലയാളി വിദ്യാര്‍ത്ഥികള്‍ ഉണ്ടാകും
ഒരു വിദ്യാര്‍ത്ഥിക്ക് മിനിമം വര്‍ഷത്തില്‍ പതിനായിരം ഡോളര്‍ (എട്ടു ലക്ഷം രൂപ) അയക്കുന്നു എന്നുവക്കുക
അപ്പോള്‍ ഒരു ബില്യന്‍ ഡോളറായി, എണ്ണായിരം കോടി രൂപ
ചുമ്മാതല്ല അമിതാഭ് ബച്ചനൊക്കെ മതിലില്‍ കയറുന്നത്!
ഇത് ഏറ്റവും ചുരുങ്ങിയ കണക്കാണ്
ഇതിന് പുറമേയാണ് ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും വീടുവാങ്ങാന്‍ നാട്ടിലെ വീടും സ്ഥലവും വിറ്റുള്ള പണം അയക്കുന്നത്.
അതെത്രയാണെന് എനിക്ക് ഒരു ഊഹം പോലുമില്ല.
പക്ഷെ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വീട്ടുവാങ്ങാന്‍ അനുവാദം കിട്ടുന്നതോടെ
ഇപ്പോള്‍ പഠിക്കാന്‍ പോകുന്ന പതിനായിരങ്ങള്‍ അവിടെ വീടു വാങ്ങാന്‍ ശ്രമിക്കുന്നതോടെ
ഏറെ പണം പുറത്തേക്ക് പോകേണ്ടി  വരും
ശരാശരി പതിനായിരം ഡോളറില്‍ നിന്നും ഒരു ലക്ഷം ഡോളറായിരിക്കും അത്
ഒരു ബില്യന്‍ പത്തു ബില്യനാകും!
സന്‍ജു സാംസണ്‍ മാറി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബില്‍ബോര്‍ഡില്‍ വരും
ഇതിനൊക്കെ നാട്ടിലെ സമ്പദ്വ്യവസ്ഥയില്‍  വന്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകും
സ്ഥലത്തിന്റെ വില കുറയുമെന്ന് ഒരിക്കല്‍ കൂടി പറയാം
ഇതൊക്കെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ?
ശ്രദ്ധിക്കേണ്ടേ?
ശ്രദ്ധിക്കണം

 

Tags