ഏവര്‍ക്കും ആഗ്രഹിക്കുന്ന ജോലി, തളിപ്പറമ്പില്‍ നടക്കുന്നുണ്ട് ഒരു തൊഴില്‍ വിപ്ലവം, സംസ്ഥാനത്ത് എല്ലായിടത്തും ഇത് വേണമെന്ന് മുരളി തുമ്മാരുകുടി
കണ്ണൂര്‍: തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ നടക്കുന്ന തൊഴില്‍ മൂവ്‌മെന്റിനെ വാനോളം പുകഴ്ത്തി യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ജോലി ആവശ്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും അവരുടെ ഇഷ്ടപ്രകാരമുള്ള ജോലി കണ്ടെത്തിക്കൊടുക്കാനും കഴിയുന്ന ഇടപെടലായി ഇത് മാറിയെന്നും സംസ്ഥാനത്ത് എല്ലായിടത്തും ഇത്തരമൊരു തൊഴില്‍ മൂവ്‌മെന്റ് വേണമെന്നുമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
സമൂഹത്തിന്റെ വലിയൊരു ശതമാനം വരുന്ന അഭ്യസ്തവിദ്യരുടെ കഴിവും ഊര്‍ജവും ഉചിതമായി പ്രയോജനപ്പെടുത്തികൊണ്ട് സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാനായാണ് വിജ്ഞാനതൊഴില്‍ സംരംഭകത്വ വികസന പദ്ധതി എംഎല്‍എയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്. കേരള നോളജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് കൊണ്ട് തളിപ്പറമ്പ് നിയോജകമണ്ഡലം പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
കേരളം: തൊഴിലും തൊഴിലില്ലായ്മയും
എന്റെ സുഹൃത്ത് Praveen Parameswar പ്രവീണ്‍ ആണ് തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ നടക്കുന്ന Connecting Talipparamba എന്ന തൊഴില്‍ മൂവേമെന്റിനെ പറ്റി പറഞ്ഞത്. കേരളം ആകെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതില്‍ ഉണ്ട്.ശ്രീ MV Govindan Master മാസ്റ്ററുടെ മണ്ഡലമാണല്ലോ തളിപ്പറമ്പ്. മണ്ഡലത്തിലെ എല്ലാ തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ നല്‍കുക എന്നതാണ് ലക്ഷ്യം.
ഈ വിഷയത്തെ പറ്റിയുള്ള കുറിപ്പിലെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നോക്കാം
'11,546 പേരാണ് (2024 ജാനുവരി മാസത്തെ കണക്കനുസരിച്ചു) തൊഴില്‍ ചെയ്യുവാന്‍ താത്പര്യം പ്രകടിപ്പിച്ചു തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍നിന്നും നോളഡ്ജ് മിഷന്റെ വെബ്സൈറ്റില്‍ (DWMS) രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഈ മുഴുവന്‍ ആള്‍ക്കാരെയും 1 : 1 ആയി സംസാരിക്കുവാന്‍ തീരുമാനിക്കുന്നു.
10 ടെലി കോളേഴ്സും 15 കരിയര്‍ കൗണ്‍സിലെര്‍ഴ്സും അടങ്ങുന്ന ഒരു ടീം ഇതിനായി സെറ്റ് ചെയ്തു.
ഇതില്‍ 8,652 പേരുമായി സംസാരിക്കുവാന്‍ സാധിച്ചു (മറ്റു നമ്പറുകള്‍ റോങ്ങ് നമ്പറോ, നിലവിലില്ലാത്തതോ, നിരന്തരമായ ഏഴു ശ്രമങ്ങള്‍ക്ക് ശേഷവും കണക്ട് ചെയ്യുവാന്‍ സാധിക്കാത്തവയോ ആണ്)
ഇവരില്‍ 3380 പേര്‍ തൊഴില്‍ ലഭിക്കുവാനുള്ള പ്രോസസ്സിന്റെ ഭാഗമാകുവാന്‍ തയ്യാറാണെന്നും, ഒരു തൊഴില്‍ ലഭിച്ചാല്‍ ഉടനെതന്നെ ജോയിന്‍ ചെയ്യുവാന്‍ കഴിയുമെന്നും അറിയിച്ചു.
ബാക്കിയുള്ളവര്‍ ഒന്നുകില്‍, തൊഴില്‍ വേണമെങ്കിലും അതുനേടുവാനുള്ള പ്രോസസ്സിന്റെ ഭാഗമാകുവാന്‍ തയ്യാറല്ലാത്തവരോ അല്ലങ്കില്‍ തൊഴില്‍ ലഭിച്ചാല്‍ ഉടനെ അതിന്റെ ഭാഗമാകുവാന്‍ പല കാരണങ്ങളാല്‍ സാധിക്കാത്തവരോ ആണ്.
ഈ 3380 പേര്‍ക്കും അഭിരുചി കണ്ടെത്തുവാനുള്ള അസസ്സ്‌മെന്റും വിശദമായ കരിയര്‍ കൗണ്‍സലിങ്ങും നല്‍കി.
കരിയര്‍ കൗണ്‍സിലിങ് നു ശേഷം ഈ നമ്പര്‍ 2845 ആയി firm-up ചെയ്യപ്പെട്ടു. '
ഈ പ്രോജക്ട് വളരെ മാതൃകാപരമാണ്. യഥാര്‍ത്ഥത്തില്‍ തൊഴില്‍ അന്വേഷിക്കുന്നവരുടെ എണ്ണം അത്ര അധികം അല്ലാത്തതിനാല്‍ ഒത്തുപിടിച്ചാല്‍ അവര്‍ക്ക് തൊഴില്‍ കണ്ടുപിടിക്കാന്‍ സാധിച്ചേക്കും. ഇവര്‍ക്ക് തൊഴില്‍ ലഭിക്കാനും ആവശ്യമുള്ളവര്‍ക്ക് പരിശീലനം നല്‍കുവാനും ഉള്ള ശ്രമങ്ങള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. എല്ലാ വിജയാശംസകളും. ഇത് തളിപ്പറമ്പില്‍ വിജയം ആയാല്‍ മറ്റുള്ള എല്ലാ മണ്ഡലങ്ങളിലും വ്യാപിപ്പിക്കാവുന്നതാണ്.
പക്ഷെ ഈ ശ്രമത്തിന്റെ ഭാഗമായി ലഭിച്ച ചില കണക്കുകള്‍ നോക്കാം
'ഇതില്‍ (തൊഴില്‍ അന്വേഷിക്കുന്നവരില്‍) 64% പേരും സ്വന്തം സ്ഥലത്തോ, പരമാവധി കണ്ണൂരിനുള്ളിലോ മാത്രം ജോലി ചെയ്യുവാന്‍ തയ്യാറുള്ളവര്‍ ആണ്.
51% പേര്‍ ക്ലറിക്കല്‍, ഓഫീസ് മാനേജ്മന്റ്, അക്കൗണ്ടിംഗ് (ബേസിക് ലെവല്‍), ടീച്ചിങ് എന്നീ മേഖലകളില്‍ മാത്രമേ ജോലി ചെയ്യുവാന്‍ തയ്യാറുള്ളൂ. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, 9/ 10 മുതല്‍ 5 മണിവരെ ഉള്ള, വലിയ റിസ്‌ക് ഇല്ലാത്ത ജോലി ചെയ്യുവാന്‍ ആണ് ഭൂരിപക്ഷത്തിനും താത്പര്യം.
73% ആള്‍ക്കാര്‍ 20,000 ത്തിനു താഴെ ശമ്പളം മാത്രമേ പ്രതീക്ഷിക്കുന്നുള്ളു. 41.58% പേര്‍ക്ക് 10,000 ത്തിനും 15,000 ത്തിനും ഇടയ്ക്കുള്ള ഒരു തുകയാണ് പ്രതീക്ഷ.
വിദ്യാഭ്യാസം കുറവല്ല. 74% പേരും ചുരുങ്ങിയത് graduates ആണ്. അതില്‍ തന്നെ ഏതാണ്ട് 1/3 പേരും post-graduates ഉം ആണ്. '
ഇവര്‍ക്ക് തൊഴില്‍ ലഭിക്കാനും ആവശ്യമുള്ളവര്‍ക്ക് പരിശീലനം നല്‍കുവാനും ഉള്ള ശ്രമങ്ങള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. എല്ലാ വിജയാശംസകളും. ഇത് തളിപ്പറമ്പില്‍ വിജയം ആയാല്‍ മറ്റുള്ള എല്ലാ മണ്ഡലങ്ങളിലും വ്യാപിപ്പിക്കാവുന്നതാണ്.
ഈ ശ്രമത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങള്‍ ഉണ്ട്.
1. കേരളത്തില്‍ തൊഴില്‍ ഇല്ലാത്തവരുടെ എണ്ണവും യഥാര്‍ത്ഥത്തില്‍ തൊഴില്‍ അന്വേഷിക്കുന്നവരുടെ എണ്ണവും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. അതായത്, കേരളത്തിലെ തൊഴില്‍ ഇല്ലായ്മ കണക്കില്‍ കാണുന്നത് പോലെ അത്ര രൂക്ഷമല്ല.
2. പ്രതീക്ഷിച്ച പോലെ തന്നെ നല്ല വിദ്യാഭ്യാസം നേടിയവരാണ് തൊഴില്‍ അന്വേഷിക്കുന്നവരില്‍ ഭൂരിഭാഗവും (ബിരുദധാരികളാണ് നാലില്‍ മൂന്നും, മൂന്നിലൊന്നു പേരും ബിരുദാനന്തര ബിരുദം നേടിയവര്‍ ആണ്).
3. തൊഴില്‍ അന്വേഷിക്കുന്നവരുടെ ശമ്പളത്തെ പറ്റിയുള്ള പ്രതീക്ഷ ഏറെ കുറവാണ്. നാലില്‍ മൂന്ന് പേരും മാസം പതിനയ്യായിരം രൂപയില്‍ താഴെയാണ് പ്രതീക്ഷിക്കുന്നത്. നാല്പത് ശതമാനത്തോളം പേര്‍ പതിനായിരത്തില്‍ താഴെയും.
4. വിദ്യാഭ്യാസം കൂടുന്തോറും ശമ്പളം കുറയുന്ന ഒരു പ്രവണതയാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്. ഇതിന് നമ്മുടെ തൊഴില്‍ രംഗവുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉന്നത വിദ്യാഭ്യാസവും കൂലിയും ആയി ബന്ധിപ്പിച്ചിട്ടില്ലാത്ത തൊഴിലിന്റെ 'മാന്യത'യും ഉത്തരവാദികള്‍ ആണ്. ഈ വിഷയത്തില്‍ രണ്ടിലും ഏറെ ശ്രദ്ധ ചെലുത്തിയാല്‍ മാത്രമേ നമ്മുടെ തൊഴിലില്ലായ്മയില്‍ സ്ഥായിയായ മാറ്റം ഉണ്ടാകൂ.
5. വിദ്യാഭ്യാസം കൂടുന്നത് അനുസരിച്ച് കൂടുതല്‍ ശമ്പളം ഉള്ള ജോലികള്‍ വേണമെന്നല്ല, മറിച്ച് വീടിനടുത്ത് തന്നെ വൈറ്റ് കോളര്‍ ആയിട്ടുള്ള ജോലികള്‍ ലഭിക്കണം എന്നതാണ് ഇപ്പോള്‍ ബാക്കിയുള്ള ഉദ്യോഗാര്‍ഥികളില്‍ പകുതിപ്പേരുടേയും ആഗ്രഹം. കേരളത്തിലെ സ്‌കില്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമുകള്‍ ഇക്കാര്യം ശ്രദ്ധിക്കണം.
തളിപ്പറമ്പിലെ ശ്രമങ്ങള്‍ക്ക് എല്ലാ ആശംസകളും. അതിന് മുന്‍കൈ എടുത്ത എം എല്‍ ക്ക് അനുമോദനങ്ങള്‍.