തെയ്യങ്ങള്‍ വഴക്കിടുമ്പോഴും അടി വാങ്ങുമ്പോഴും ചില കാര്യങ്ങള്‍ പറയാതെ വയ്യ, എക്കാലവും ജനം സഹിക്കില്ല

google news
kaitha chamundi theyyam

കണ്ണൂര്‍: നൂറ്റാണ്ടുകളുടെ ചരിത്രകഥകള്‍ പേറുന്ന തെയ്യക്കഥകള്‍ ഭക്തിയോടെ സ്വീകരിക്കുകയും ഇന്നും ആചാരാനുഷ്ഠാനങ്ങളോടെ പിന്തുടരുകയും ചെയ്യുന്നവരാണ് ഉത്തര മലബാറുകാര്‍. തെയ്യത്തെ സ്‌നേഹിക്കുന്നവരേയും ഭക്തിയോടെ കാവുകളിലും ദേവസ്ഥാനങ്ങളിലും എത്തുന്നവരേയും വേദനിപ്പിക്കുന്ന ചില കാഴ്ചകളാണ് കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നത്.

രണ്ട് തെയ്യക്കോലങ്ങള്‍ തമ്മില്‍ പരിസരബോധമൊന്നുമില്ലാതെ വഴക്കിടുന്ന കാഴ്ച തെയ്യപ്രേമികളെ ഒട്ടൊന്നുമല്ല ഞെട്ടിച്ചത്. ഇതാദ്യമായിട്ടാകണം കോലം കെട്ടിയശേഷം ഈ രീതിയില്‍ പരസ്യമായി രണ്ടുപേര്‍ പെരുമാറുന്നത്. ഇതിന് പിന്നാലെ തില്ലങ്കേരിയില്‍ വെച്ച് കൈതചാമുണ്ഡി തെയ്യത്തെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്ന വീഡിയോയും പുറത്തുവന്നു. തെയ്യം കാണാനെത്തിയയാളെ വലിച്ചു താഴെയിടുകയും ഭയപ്പെടുത്തി ഓടിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് പരിക്ക് പറ്റുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ആചാരങ്ങള്‍ മാറ്റിവെച്ച് തെയ്യക്കോലത്തിന് നേരെ കൈയ്യോങ്ങിയത്. വീഡിയോ കണ്ടവരൊന്നും തെയ്യക്കോലം കെട്ടിയയാളെ ന്യായീകരിക്കില്ല. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു.

തെയ്യം വിഷയവുമായി ബന്ധപ്പെട്ട സുഗതന്‍ ഇ വി യുടെ ഫേസ്ബുക്ക് പോസ്റ്റ്,

തെയ്യവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പറയാതെ വയ്യ.. തെയ്യങ്ങള്‍ വഴക്കിടുകയും തെയ്യത്തിന് തല്ലു കിട്ടാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ തെയ്യത്തെ സ്‌നേഹിക്കുന്ന ആര്‍ക്കും ചിലതൊക്കെ പറയാനുണ്ടാവും. തില്ലങ്കേരിയിലെ കൈതചാമുണ്ടി തെയ്യം ഒരാളെ വലിച്ച് വിളക്കു കാലിലേക്കിടുന്ന ഭീകര ദൃശ്യം ഏവരും കണ്ടതാണല്ലോ... ഈ കക്ഷിയെങ്ങാന്‍ തലയിടിച്ച് സമാധി പൂകിയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?! ചില കാവുകളില്‍ തെയ്യങ്ങള്‍ വലിയ വടിയെടുത്ത് കാര്യമായി തന്നെ തല്ലുന്നതും കാണാറുണ്ട്. കര്‍ക്കിടക മാസാന്ത്യത്തില്‍ ഗുളികന്‍ കോലം കുട്ടികള്‍ക്കു പിറകെ ഓടി തല്ലുന്ന പതിവുമുണ്ട്. പറഞ്ഞു വരുന്നത്, എക്കാലത്തും അടിയും കുത്തും തെയ്യത്തിന്റെ വകയായാലും ജനം സഹിക്കണമെന്നില്ല എന്നാണ്. കോലധാരികള്‍ വളരെ കാര്യമായി ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ആചാരങ്ങളിലെ ഉറഞ്ഞാട്ടവും ഉരിയാട്ടവും കാര്‍ക്കശ്യവുമെല്ലാം പ്രകോപനപരമാകാതിരിക്കണം. തെയ്യം സീസണ്‍ ഉണര്‍ന്നു തുടങ്ങിയ ഘട്ടമായതിനാല്‍ മറ്റൊരു പ്രധാന കാര്യമുള്ളത്, കുട്ടികളെ കൊണ്ട് അഗ്‌നിപ്രവേശം പോലുള്ള കോലങ്ങള്‍ കെട്ടിക്കരുത് എന്നതാണ്. മക്കളോട് സ്‌നേഹമുള്ള ഒരു കോലധാരി കുടുംബവും അതിനു തുനിയരുത്. ആചാര സ്ഥാനങ്ങള്‍ ചില കോവിലകങ്ങളും മറ്റും നല്‍കുന്ന കേവലം ഉപചാരങ്ങള്‍ മാത്രമാണ്. പട്ടും വളയും എത്ര കാലം സൂക്ഷിച്ചു വെക്കാനാകും? വെച്ചാല്‍ തന്നെ ഇവ ആദരമായി കിട്ടിയത് എന്നതിന് എന്ത് തെളിവുണ്ട്? ആദരപത്രം നല്‍കുന്നുണ്ടോ? അഗ്‌നിമേലേരിയില്‍ തന്നെ, ഈ കൊടും ചൂട് കാലത്ത് മുതിര്‍ന്ന കോലധാരികളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ജീവിത സായാഹ്നത്തില്‍ ഒരു പാട് കോലധാരികള്‍ ദുരിതപര്‍വ്വം താണ്ടിയാണ് കടന്നു പോയിട്ടുള്ളതെന്ന് ഓര്‍ക്കണം. ഒരു ആചാരവും അധികാരവും നിയമത്തിനു മുകളിലാകാതിരിക്കാന്‍ അധികാരികളും ശ്രദ്ധിച്ചേ പറ്റൂ.

Tags