അര്‍ജുന്‍ ശാര്‍ദുലിനേക്കാള്‍ കേമനോ? മുംബൈ ഇന്ത്യന്‍സിലെത്തിയത് മാനേജ്‌മെന്റ് ക്വാട്ടയിലെന്ന് ട്രോള്‍, സച്ചിന്‍ പണം അങ്ങോട്ട് കൊടുത്തോയെന്ന് ആരാധകര്‍
അര്‍ജുന്‍ മുംബൈ ടീമിലെത്തുമ്പോള്‍ തഴയപ്പെട്ട ഒട്ടേറെ മികച്ച കളിക്കാര്‍ വേറെയുമുണ്ട്. ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന ശാര്‍ദുല്‍ താക്കൂറാണ് അതിലൊരാള്‍.
മുംബൈ: ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇത്തവണയും മുംബൈ ഇന്ത്യന്‍സിലെത്തി. ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്റെ ടെണ്ടുല്‍ക്കറുടെ മകന്‍, അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈയിലെത്തിയത്.
ആദ്യ റൗണ്ടില്‍ വില്‍ക്കാതെ പോയെങ്കിലും ഇടംകൈയ്യന്‍ പേസറെ രണ്ടാം റൗണ്ടില്‍ മുംബൈ ടീമിലെത്തിച്ചു. മുംബൈ ഇന്ത്യന്‍സിന്റെ മെന്ററായ സച്ചിന് ലേലത്തില്‍ സ്വാധീനം ഉണ്ടായിരുന്നതായും അതാണ് അര്‍ജുനെ വാങ്ങാന്‍ കാരണമെന്നുമാണ് ആരാധകരുടെ പരിഹാസം. കഴിഞ്ഞ സീസണില്‍ അര്‍ജുന്‍ ടീമിനായി ചില കളികള്‍ കളിച്ചെങ്കിലും റെക്കോര്‍ഡ് റണ്‍സ് വഴങ്ങിയത് ട്രോളുകള്‍ക്കിടയാക്കിയിരുന്നു.
മുംബൈ ടീമിനൊപ്പമുണ്ടാകുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന് നല്‍കുന്ന ആദരമായിട്ടാണ് അര്‍ജുനെ ലേലത്തില്‍ വിളിച്ചെടുത്തത് എന്നാണ് നിഗമനം. അര്‍ജുന്‍ വില്‍ക്കപ്പെടാതെ പോകുന്നത് സച്ചിനോടുള്ള അനാദരവ് ആകുമെന്ന് മുംബൈ കരുതുന്നു. കളിച്ചില്ലെങ്കിലും നെറ്റ്‌സില്‍ പന്തെറിയാന്‍ അര്‍ജുന്‍ സജീവമാണ്. ഓള്‍റൗണ്ടറായ അര്‍ജുന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാറുണ്ട്. എന്നാല്‍, സ്ഥിരതയില്ലാത്ത പ്രകടനമാണ് തിരിച്ചടിയാകുന്നത്.
അര്‍ജുന്‍ മുംബൈ ടീമിലെത്തുമ്പോള്‍ തഴയപ്പെട്ട ഒട്ടേറെ മികച്ച കളിക്കാര്‍ വേറെയുമുണ്ട്. ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന ശാര്‍ദുല്‍ താക്കൂറാണ് അതിലൊരാള്‍. നേരത്തെ 10 കോടി രൂപയ്ക്ക് മുകളില്‍ ലഭിച്ചിരുന്ന ശാര്‍ദുല്‍ ഇക്കുറി ലേലത്തില്‍ തഴയപ്പെട്ടു. ഫോമിലല്ലാത്തതാണ് കാരണം. അര്‍ജുനേക്കാള്‍ മികവുള്ള ഒട്ടേറെ യുവ കളിക്കാര്‍ ലേലത്തില്‍ തഴയപ്പെട്ടിട്ടുണ്ട്.
തുടര്‍ച്ചയായ നാലാം വര്‍ഷമാണ് അര്‍ജുന്‍ മുംബൈ ഫ്രാഞ്ചൈസിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2021-ല്‍ 20 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ഫ്രാഞ്ചൈസി സ്വന്തമാക്കി. പിന്നീട് പരിക്ക് കാരണം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഐപിഎല്‍ 2022 ലേലത്തില്‍ 30 ലക്ഷം രൂപയും അര്‍ജുന് ലഭിച്ചു. 2023ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നു അരങ്ങേറ്റം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഭുവനേശ്വര്‍ കുമാറിനെ പുറത്താക്കി തന്റെ കന്നി വിക്കറ്റ് സ്വന്തമാക്കി. മൂന്ന് വിക്കറ്റുമായാണ് 2023 സീസണ്‍ പൂര്‍ത്തിയാക്കിയത്.