തെളിവ് കണ്ടെത്താനാകുന്നില്ല, വീണയെ കുടുക്കാന്‍ കുഴല്‍നാടന് മുന്നില്‍ ഇനി ഒരു വഴി മാത്രം

Mathew Kuzhalnadan
Mathew Kuzhalnadan

തിരുവനന്തപുരം: സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ അനര്‍ഹമായി പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ തെളിവ് കണ്ടെത്താനാകാതെ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. വീണയുടെ എക്‌സാലോജിക് എന്ന ഐടി കമ്പനി ഐടി സേവനത്തിനെന്ന പേരില്‍ സിഎംആര്‍എല്ലുമായി കരാറിലേര്‍പ്പെടുകയും സേവനം നല്‍കാതെ 1.72 കോടി രൂപ വാങ്ങിയെന്നുമാണ് ആരോപണം.

വീണയ്‌ക്കെതിരായ ആരോപണം മാധ്യമങ്ങളില്‍ വന്നതുമുതല്‍ ഇതിന് പിറകെയുണ്ട് കുഴല്‍നാടന്‍. എന്നാല്‍, തുടങ്ങിയേടത്തുനിന്നും ഒരടി മുന്നോട്ടു പോകാനോ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാനോ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഏറ്റവുമൊടുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും വീണ കോടികള്‍ കൈപ്പറ്റിയെന്നും തുക എത്രയെന്നറിഞ്ഞാല്‍ ഞെട്ടുമെന്നും മാത്രമാണ് പറയുന്നത്.

വീണ കൈപ്പറ്റിയ പണത്തിന് ജിഎസ്ടി അടച്ചില്ലെന്നായിരുന്നു കഴിഞ്ഞദിവസംവരെ കുഴല്‍നാടന്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍, ജിഎസ്ടി അടക്കാത്തതല്ല പ്രശ്‌നമെന്നും കരാര്‍ പ്രകാരം വാങ്ങിയതിന്റെ പലമടങ്ങി അനര്‍ഹമായി കൈപ്പറ്റിയതാണഅ വിഷയമെന്നുമാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്. എന്നാല്‍, ആരില്‍ നിന്നും എത്ര പണംവാങ്ങിയെന്നും എപ്പോള്‍ വാങ്ങിയെന്നുമുള്ള തെളിവൊന്നും അഭിഭാഷകനായ കുഴല്‍നാടന്റെ കൈയ്യിലില്ല.

വീണയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുകയും തെളിവുകള്‍ വീണതന്നെ പുറത്തുവിടുകയും ചെയ്യണമെന്നാണ് കുഴല്‍നാടന്റെ ഇപ്പോഴത്തെ ആവശ്യം. ചിന്നക്കനാലിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായതോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനിടെ ഒരു പുകമറ സൃഷ്ടിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളതെന്ന് വ്യക്തം.

പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കിട്ടാവുന്ന സോഴ്‌സുകളൊക്കെ ഉപയോഗിച്ചിട്ടും പ്രഗല്‍ഭനായ ഈ അഭിഭാഷകന് വീണയ്‌ക്കെതിരെ തെളിവുകള്‍ കണ്ടെത്താനാകുന്നില്ലെന്നുവേണം കരുതാന്‍. വീണയേയും സിപിഎമ്മിനേയും സര്‍ക്കാരിനേയുമെല്ലാം കുടുക്കാന്‍ കുഴല്‍നാടന് മുന്നില്‍ ഇനി ഒരു വഴി മാത്രമേയുള്ളൂ. അത് കേന്ദ്ര ഏജന്‍സികള്‍ക്ക് പരാതി നല്‍കുക എന്നതാണ്.

ഇഡിയും ആദായനികുതി വകുപ്പുമെല്ലാം ഒരുമിച്ചെത്തിയാല്‍ വീണയെ താത്കാലികമായെങ്കിലും സമ്മര്‍ദ്ദത്തിലാക്കാനും അതുവഴി നേട്ടമുണ്ടാക്കാനും കുഴല്‍നാടന് സാധിക്കും. എന്നാല്‍, ഏജന്‍സികളെത്തിയാല്‍ കോണ്‍ഗ്രസ്, മുസ്ലീ ലീഗ് നേതാക്കള്‍ സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയതും അന്വേഷണ പരിധിയിലാകും. അതുകൊണ്ടുതന്നെ ഇത്തരമൊരു നീക്കത്തിന് പാര്‍ട്ടി അനുവാദം നല്‍കിയേക്കില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ നിലയില്‍ മുന്നോട്ടുപോവുകയും പിന്നീട് വിവാദം അവസാനിപ്പിക്കാനുമാകും കുഴല്‍നാടന്‍ ലക്ഷ്യമിടുന്നത്.

അതിനിടെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ കുടുംബവീടിനോട് ചേര്‍ന്ന സ്ഥലം മണ്ണിട്ടുനികത്തിയത് അനധികൃതമായാണെന്ന് റവന്യുവിഭാഗം ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് കോതമംഗലം തഹസില്‍ദാര്‍ എം കെ നാസറിന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍നടപടികള്‍ക്കായി തഹസില്‍ദാര്‍ റിപ്പോര്‍ട്ട് കലക്ടര്‍ എന്‍ എസ് കെ ഉമേഷിന് അയച്ചു.

താലൂക്ക് സര്‍വേയര്‍മാരായ എം വി സജീഷ്, രതീഷ് വി പ്രഭു എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തിയത്. മാത്യു കുഴല്‍നാടന്റെ വീടിനോട് ചേര്‍ന്ന് പുതുതായി നിര്‍മിച്ച കുളത്തിലേക്കുള്ള പടിക്കെട്ട് അടങ്ങുന്ന ഭാഗം അനധികൃതമായി മണ്ണിട്ടുനികത്തിയെന്ന് സര്‍വേയില്‍ കണ്ടെത്തി.

Tags