മനോരമ എക്‌സിറ്റ് പോള്‍ കൃത്യമായേക്കും, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സര്‍വേ ഫലം ഇങ്ങനെ, വിഎംആര്‍ ഏജന്‍സി 2019ല്‍ കൃത്യതകാട്ടി

exit poll 2024

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകള്‍ പുറത്തുവിന്നതിനുശേഷം മനോരമയും വിഎംആര്‍ ഏജന്‍സിയും ചേര്‍ന്ന് നടത്തിയ സര്‍വേ ഫലവും പുറത്തുവിട്ടു. കേരളത്തില്‍ 2 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് മനോരമ പ്രവചിച്ചപ്പോള്‍ രണ്ടിടത്ത് ബലാബലമെന്നാണ് പ്രവചനം. വടകരയും പാലക്കാടും എല്‍ഡിഎഫ് കഷ്ടിച്ച് ജയിച്ചേക്കാമെന്നും കണ്ണൂരും ആലത്തൂരും ഇഞ്ചോടിഞ്ചാണെന്നും മനോരമ പുറത്തുവിട്ട സര്‍വേ ഫലം പറയുന്നു.

കേരളത്തില്‍ ഇക്കുറി ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പല ഏജന്‍സികളും പ്രവചിച്ചപ്പോള്‍ മണ്ഡലംതിരിച്ച് സര്‍വേ നടത്തിയ വിഎംആര്‍ പറയുന്നത് ഇക്കുറിയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നാണ്. വിഎംആര്‍ ഏജന്‍സി 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏറെക്കുറെ കൃത്യമായി എക്‌സിറ്റ് പോള്‍ ഫലം നല്‍കിയവരാണ്. എല്‍ഡിഎഫ് 2 സീറ്റില്‍ മാത്രം ഒതുങ്ങുമെന്നായിരുന്നു അന്ന് ടൈംസ് നൗവുമായി ചേര്‍ന്നു നടത്തിയ പ്രവചനം. എല്‍ഡിഎഫിന് ഒരു സീറ്റു മാത്രമാണ് ലഭിച്ചതും.

ഇക്കുറി മനോരമയുടെ പ്രവചനം ശരിയാകുമോ എന്നത് ഫലം വന്നുകഴിഞ്ഞാലറിയാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മനോരമ പുറത്തുവിട്ട എക്‌സിറ്റ് പോളില്‍ തുടര്‍ഭരണം പ്രവചിച്ചിരുന്നു. 75 സീറ്റില്‍ കുറവ് മാത്രം ലഭിക്കുമെന്നായിരുന്നു സര്‍വേ ഫലം. എന്നാല്‍, എല്‍ഡിഎഫ് 99 സീറ്റുകളില്‍ ജയിച്ച് വമ്പന്‍ മുന്നേറ്റം നടത്തി.

ഇത്തവണ മനോരമ ഫലത്തില്‍ പലരും ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം പത്തനംതിട്ടയില്‍ അനില്‍ ആന്റണി രണ്ടാം സ്ഥാനത്ത് എത്തുമെന്ന പ്രവചനമാണ്. തോമസ് ഐസക്കിനെ പോലെ ഒരു സ്ഥാനാര്‍ത്ഥിയെ കടത്തിവെട്ടി രണ്ടാം സ്ഥാനം നേടാന്‍ അനിലിന് സാധിക്കുമോ എന്ന ചോദ്യമുയരുന്നുണ്ട്. അതേസമയം, വോട്ടിങ് ശതമാനം അതിശയിപ്പിക്കുന്ന രീതിയില്‍ കുറഞ്ഞ മണ്ഡലമാണിത്. കൂടാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്ക് ജനപിന്തുണയില്ലെന്ന് തെരഞ്ഞെടുപ്പിന് മുന്‍പേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തുതന്നെയായാലും പ്രവചനങ്ങളും എക്‌സിറ്റ് പോളുകളുമെല്ലാം എത്രമാത്രം യാഥാര്‍ത്ഥ്യമാകുമെന്നത് അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്.

 

Tags