മോശം കാര്യങ്ങള്‍ ഒരു മടിയുമില്ലാതെ നേരിട്ടുചോദിച്ചു, സിനിമ വിടാനുള്ള കാരണം വെളിപ്പെടുത്തി മമ്മൂട്ടിയുടെ നായിക

google news
actress athira

കൊച്ചി: ഒരുപിടി മികച്ച സിനിമകളിലെ നായികയായി പേരെടുത്ത നടിയാണ് ആതിര. വിനയന്റെ മമ്മൂട്ടി ചിത്രം ദാദാസാഹിബ് ആണ് ശ്രദ്ധേയമായ സിനിമ. കരുമാടിക്കുട്ടന്‍, കാക്കിനക്ഷത്രം, അണു കുടുംബം. കോം എന്നിവയാണ് ആതിര അഭിനയിച്ച മറ്റു സിനിമകള്‍. നായികാപ്രാധാന്യമുള്ള സിനിമകളിലൂടെ മിന്നിനില്‍ക്കുന്നകാലം പൊടുന്നനെ അപ്രത്യക്ഷയായ അവര്‍ ഇന്ന് കുടുംബിനിയും കുട്ടികളുടെ അമ്മയുമായി ജീവിതം ആസ്വദിക്കുകയാണ്.

സിനിമാ മേഖല വിടാന്‍ ചിലരുടെ മോശം ഇടപെടലാണ് കാരണമെന്ന് അവര്‍ വെളിപ്പെടുത്തി. മോശം കാര്യങ്ങള്‍ ചിലര്‍ ഒരു മടിയുമില്ലാതെ നേരിട്ട് ചോദിച്ചെന്നും അത്തരമൊരു മേഖലയില്‍ കഴിയാന്‍ താത്പര്യമില്ലായിരുന്നെന്നും അവര്‍ പറയുന്നു.

സിനിമ ഒരു ട്രാപ്പാണ്. സ്‌ക്രീനിലോ സംസാരത്തിലോ കണ്ട മുഖമായിരുന്നില്ല പലര്‍ക്കും അടുത്തു സംസാരിക്കുമ്പോള്‍. ചില മോശം കാര്യങ്ങള്‍ നമ്മളോട് നേരിട്ട് ചോദിക്കാനോ സംസാരിക്കാനോ യാതൊരു മടിയുമില്ലായിരുന്നു. സിനിമയില്‍ ഒരുപാട് നല്ല ആള്‍ക്കാരുമുണ്ട്. കുറച്ച് ആളുകള്‍ മാത്രമായിരുന്നു ഇത്തരക്കാര്‍.

പൊലീസ് കംപ്ലെയിന്റ് കൊടുക്കാമെന്നു വച്ചാല്‍, സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി എന്നുള്ള വാര്‍ത്തകളൊക്കെ ഫോട്ടോ സഹിതം എല്ലാ മാധ്യമങ്ങളിലും വന്നിരുന്നു. ആളുകള്‍ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. ആദ്യത്തെ ഒന്നു രണ്ടു ദിവസം കുഴപ്പമില്ലായിരിക്കും. പിന്നീടാണ് പലരും നമ്മളെ ഈ രീതിയില്‍ സമീപിക്കുന്നത്. നമ്മള്‍ സ്വപ്നത്തില്‍ കൂടി വിചാരിക്കാത്ത ആളുകള്‍ നമ്മുടെ അടുത്ത് ഇങ്ങനെ പെരുമാറുമ്പോള്‍ നമ്മള്‍ എന്തു ചെയ്യും എന്നറിയാത്ത അവസ്ഥയായി പോകും.

ബന്ധുവായ വിഷ്ണു നമ്പൂതിരിയെ വിവാഹം ചെയ്ത് ഭര്‍ത്താവിന്റെ കാറ്ററിംഗ് ബിസിനസില്‍ സഹായിക്കുകയാണ് അവര്‍ ഇപ്പോള്‍. മകന്‍ വൈഷ്ണവ്, ബിസിഎയ്ക്കും മകള്‍ വരദ, പ്ലസ്ടുവിനും പഠിക്കുന്നു. ആരെയും കുറ്റപ്പെടുത്താതെ സമാധാനമായിട്ട് മുന്നോട്ട് പോണം എന്നു മാത്രമേയുള്ളൂവെന്ന് ആതിര പറയുന്നു.

 

Tags