സ്‌കൂളുകളില്‍ കോപ്പിയടി വ്യാപകം, മൈക്രോ പ്രിന്റ് ഫോട്ടോസ്റ്റാറ്റ് എടുത്ത് മടുത്തെന്ന് കടയുടമയുടെ പരാതി, കോപ്പിയടിക്കാന്‍ അനുവദിക്കാത്ത അധ്യാപകര്‍ക്കുനേരെ സ്‌ഫോടകവസ്തുവെറിഞ്ഞു

plagiarism kerala exam
plagiarism kerala exam

ചില സ്‌കൂളുകളുടെ അറിവോടു കൂടിയാണ് ഇത് നടക്കുന്നതെന്നും ആക്ഷേപമുണ്ട്. വിജയശതമാനം കൂട്ടാനായി കുട്ടികളെ സഹായിക്കണമെന്നുള്ള വാട്‌സ്ആപ് വോയ്‌സ് മെസേജ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കെ വ്യാപകമായ കോപ്പിയടി നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. എസ്എസ്എല്‍സി ഹയര്‍സെക്കന്ററി പരീക്ഷയ്ക്കാണ് കുട്ടികള്‍ കോപ്പിയടിക്കുന്നത്. ചില സ്‌കൂളുകളുടെ അറിവോടു കൂടിയാണ് ഇത് നടക്കുന്നതെന്നും ആക്ഷേപമുണ്ട്. വിജയശതമാനം കൂട്ടാനായി കുട്ടികളെ സഹായിക്കണമെന്നുള്ള വാട്‌സ്ആപ് വോയ്‌സ് മെസേജ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

പരീക്ഷയ്ക്ക് കോപ്പി അടിക്കാന്‍ പാഠഭാഗങ്ങളുടെ മൈക്രോ പ്രിന്റ് എടുത്ത് പൊറുതിമുട്ടിയ മലപ്പുറത്തെ ഫോട്ടോസ്റ്റാറ്റ് കടക്കാരന്‍ കഴിഞ്ഞദിവസം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ഇതേതുടര്‍ന്ന് കര്‍ശന നടപടിക്ക് കളക്ടര്‍ ഉത്തരവിട്ടു. പരീക്ഷകളെല്ലാം അവസാനിക്കുമ്പോഴാണ് കളക്ടറുടെ ഉത്തരവെത്തുന്നത്. സ്‌കൂളുകളിലെ കോപ്പിയടി തടയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കലക്ടര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോപ്പിയടിക്കാന്‍ സഹായിക്കാത്ത അധ്യാപകര്‍ക്കെതിരെ ആക്രമണം നടന്നതും മലപ്പുറത്താണ്. ചെണ്ടപ്പുറായ എആര്‍ നഗര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പരീക്ഷാജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അധ്യാപകര്‍ സഞ്ചരിച്ച വാഹനത്തിനുനേരേ സ്ഫോടകവസ്തു എറിഞ്ഞ് ജീവന്‍ അപായപ്പെടുത്താനാണ് ശ്രമിച്ചത്. സംഭവത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.

മാറാക്കര വിവിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഫിസിക്സ് അധ്യാപകന്‍ ഉണ്ണിക്കൃഷ്ണന്‍, പെരുവള്ളൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്സ് അധ്യാപകന്‍ ദിപുകുമാര്‍ എന്നിവര്‍ സഞ്ചരിച്ച വാഹനത്തിനുനേരേയാണ് ആക്രമണമുണ്ടായത്. അധ്യാപകര്‍ പരീക്ഷാ ചീഫ് സൂപ്രണ്ടിനു നല്‍കിയ പരാതിയില്‍ കോപ്പിയടി അനുവദിക്കാതിരുന്നതിന്റെ പകയാണ് ആക്രമണത്തിനു പിന്നിലുള്ളതെന്ന് പറയുന്നു.

വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരുടെപേരില്‍ കര്‍ശന നടപടിയെടുക്കണമെന്ന് എച്ച്എസ്എസ്ടിഎ നേതൃത്വം വിദ്യാഭ്യാസമന്ത്രിയോടും പൊതുവിദ്യാഭ്യാസ ഡയറക്ടറോടും ആവശ്യപ്പെട്ടു.

Tags