ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി സ്ഥാനാർത്ഥികൾ; കോട്ടയം ആർക്കൊപ്പം?

kottayam

കോട്ടയം: കോട്ടയത്ത് ചൂടുപിടിച്ച പ്രചാരണവുമായി മുന്നേറുകയാണ് സ്ഥാനാർത്ഥികൾ. ഒപ്പം വിവാദങ്ങളും തലപൊക്കിക്കഴിഞ്ഞു. ഇടതു-വലതു മുന്നണികളിലെ കേരള കോണ്‍ഗ്രസുകളും എന്‍ഡിഎ കണ്‍വീനറും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന കോട്ടയത്ത് ജനങ്ങൾ ആർക്കൊപ്പം നിൽക്കുമെന്നത് പ്രവചനാതീതമാണ്.

എം പിമാരിൽ ഒന്നാമനായ കോട്ടയത്തെ സിറ്റിംങ്ങ് എംപി തോമസ് ചാഴികാടൻ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി എത്തുമ്പോൾ താൻ ചെയ്ത വികസനപ്രവർത്തനങ്ങളാണ് പ്രചാരണത്തിന് ആയുധമാക്കിയിരിക്കുന്നത്. എംപി ഫണ്ട് വിനിയോഗത്തില്‍ മാത്രമല്ല, ഏറ്റവും കൂടുതല്‍ കേന്ദ്ര റോഡ് ഫണ്ടുപയോഗിച്ചുള്ള റോഡുകളുടെ വികസനത്തിലും റെയില്‍വേ വികസനത്തിലും ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണത്തിലും വരെ കേരളത്തിലെ 20 എംപിമാരില്‍ ഒന്നാമനായ ചാഴികാടന്‍ 5വര്‍ഷം കൊണ്ട് 284 പദ്ധതികളാണ് ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. 

അതേസമയം ചാഴികാടനെതിരെ യുഡിഎഫ് അണിനിരത്തുന്ന എതിരാളി കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാന്‍ അന്തരിച്ച കെഎം ജോര്‍ജിന്‍റെ മകനും മുമ്പ് 10 വര്‍ഷം ഇടുക്കി എംപിയായിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഫ്രാന്‍സിസ് ജോര്‍ജാണ്. പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാൻ കൂടിയായ അദ്ദേഹം ചാഴിക്കാടനെതിരെ രംഗത്തെത്തുമ്പോൾ അത് രണ്ടു കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള  പോരാട്ടമായി മാറുകയാണ്. 

അതേസമയം രണ്ട് കേരളാകോൺഗ്രസ് ഗ്രൂപ്പുകൾ 47വർഷത്തിനു ശേഷം ഏറ്റുമുട്ടുന്ന കോട്ടയത്ത് കൊണ്ടും കൊടുത്തുമുള്ള പോര് മുറുകിക്കഴിഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫില്‍ മല്‍സരിച്ച് വിജയിച്ച ചാഴികാടന്‍ ഇത്തവണ ഇടതുക്ഷ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നതാണ് യുഡിഎഫിന്‍റെ പ്രധാന ആരോപണം. യു.ഡി.എഫ് ലേബലിൽ അറിയപ്പെടാനും വോട്ടു പിടിക്കാനുമാണ് തോമസ് ചാഴികാടൻ ശ്രമിക്കുന്നതെന്നും എൽ.ഡിഎഫ് എന്നു ധൈര്യമായി പറയാൻ സാധിക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു.

എന്നാൽ ഒരിടത്തും യു.ഡി.എഫെന്നു പറഞ്ഞു വോട്ട് പിടിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതിനൊപ്പം എൽ ഡി എഫിനൊപ്പം ചേർന്നത് യുഡിഎഫ് തങ്ങളെ പുറത്താക്കിയതുകൊണ്ടാണെന്ന് തെളിയിക്കാന്‍ അന്നത്തെ യുഡിഎഫ് കണ്‍വീനറുടെയും ചെയര്‍മാന്‍റെയും പത്രസമ്മേളനങ്ങളുടെ വീഡിയോ പുറത്തിറക്കിയാണ് ചാഴികാടൻ ആരോപണങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്.

മാത്രമല്ല, 2009 -നു ശേഷം 12 വര്‍ഷത്തിനിടയില്‍ 4 തവണ മുന്നണിയും 4 തവണ പാര്‍ട്ടിയും മാറിയ ഫ്രാന്‍സിസ് ജോര്‍ജ് ഇനി വിജയിച്ചാല്‍ തന്നെ ബിജെപിയില്‍ പോകില്ല എന്നതിന് എന്താണ് ഉറപ്പെന്നാണ് ഇടതുപക്ഷത്തിന്‍റെ മറുചോദ്യം. 2009 വരെ ഇടതുപക്ഷത്തായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ് അതേ വര്‍ഷം തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മുന്നണിയും പാര്‍ട്ടിയും മാറി യുഡിഎഫിലെത്തുകയും വീണ്ടും 2016 -ല്‍ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് വിട്ട് ഇടതുപക്ഷത്തെത്തി സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയും വീണ്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പായി പാര്‍ട്ടി മാറി യുഡിഎഫിലെത്തുകയും ചെയ്തത് പ്രചരണ രംഗത്ത് ആയുധമാക്കാനാണ് ഇടതുപക്ഷ നീക്കം. 

അതേസമയം കേരളാകോൺഗ്രസ് ഗ്രൂപ്പുകൾ തമ്മിൽ ആരോപണ പ്രത്യാരോപണങ്ങളുമായി പോരടിക്കുമ്പോൾ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന പിസി തോമസ് പിടിച്ച 1.70 ലക്ഷം വോട്ടുകള്‍ക്ക് മുകളിൽ വോട്ട് പിടിക്കണം എന്ന ലക്ഷ്യത്തോടെ ബിജെപി കളത്തിലിറക്കിയിരിക്കുന്നത് മുന്നണിയുടെ സംസ്ഥാന കണ്‍വീനറായ തുഷാര്‍ വെള്ളാപ്പള്ളിയെ ആണ് .എന്‍ഡിഎ സഖ്യത്തിന്‍റെ കരുത്ത് കോട്ടയത്ത് തെളിയിക്കാനുള്ള വാശിയിലാണ് തുഷാര്‍.

ബിഡിജെഎസ് അധ്യക്ഷന്‍ മണ്ഡലത്തില്‍ മല്‍സരിക്കാനെത്തുമ്പോള്‍ ബിജെപി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടാകാതെ നോക്കേണ്ടത് ബിജെപിയുടെ ഉത്തരവാദിത്വമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്ഥാനാര്‍ത്ഥിയുമായ തുഷാറിനെ വിജയത്തിലെത്തിക്കാൻ കിണഞ്ഞു പ്രവർത്തിക്കുകയാണ് ബി ജെ പി. കോട്ടയം ആർക്കൊപ്പം നിൽക്കുമെന്നത് കാത്തിരുന്നു തന്നെ കാണണം.