കാര്യങ്ങള്‍ അറിയാതെ സോളാര്‍ വെച്ചാല്‍ എല്ലാവരും ശ്രീലേഖയാകും, കെഎസ്ഇബിയെ കാട്ടുകള്ളന്മാരെന്ന് വിളിച്ച മുന്‍ ഡിജിപിക്ക് മറുപടിയുമായി അസി. എഞ്ചിനീയര്‍

google news
dgp r sreelekha

കൊച്ചി: വൈദ്യുതി ബില്‍ കുറയ്ക്കാനായി സോളാര്‍ പാനല്‍ സ്ഥാപിച്ചെങ്കിലും നേരത്തെ നല്‍കിയതിനേക്കാള്‍ കൂടുതല്‍ തുക ഇപ്പോള്‍ നല്‍കേണ്ടിവരുന്നെന്ന് പറഞ്ഞ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് മറുപടിയുമായി കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഉണ്ണികൃഷ്ണന്‍. കാര്യങ്ങളറിയാതെയാണ് മുന്‍ ഡിജിപി കെഎസ്ഇബിയെ കരിവാരിത്തേക്കുന്നതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

ശ്രീലേഖ പങ്കുവെച്ച ബില്ലിലെ കണക്കും അവരുടെ സോളാര്‍ പാനലിന്റെ ശേഷിയുമെല്ലാം നോക്കുമ്പോള്‍ ബില്ലില്‍ ഒരു തെറ്റുമില്ലെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. ഓണ്‍ ഗ്രിഡിലേക്ക് നല്‍കിയ വൈദ്യുതി യൂണിറ്റിന് പണം ഈടാക്കിയിട്ടില്ലെന്നും അത് കുറച്ചശേഷമാണ് യൂണിറ്റ് കണക്കാക്കിയതെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, ഓഫ് ഗ്രിഡിലേക്ക് മാറുമ്പോള്‍ ബാറ്ററിയുടെ എഫിഷ്യന്‍സി പ്രശ്‌നമാകുമെന്നും അദ്ദേഹം പറയുന്നുണ്ട്.

ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ശ്രീലേഖ മാഡത്തിനെപ്പോലെ DGP ആയി വിരമിച്ച വ്യക്തി കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെ KSEB എന്ന പൊതുമേഖലാ സ്ഥാപനത്തെ പൊതു ജനങ്ങള്‍ക്കു മുന്നില്‍ കരിതേച്ച് കാണിക്കാന്‍ ശ്രമിച്ചത് ഒട്ടും ശരിയായില്ല. ഏതോ സോളാര്‍ കമ്പനികള്‍ മാഡത്തിനെ തെറ്റിദ്ധരിപ്പിച്ചതാകാനേ സാധ്യതയുള്ളൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സോളാര്‍ കച്ചവടം പൊടിപൊടിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ ശക്തമാണ്.

സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമ്പോള്‍ സ്വന്തം വൈദ്യുതി ഉപയോഗത്തെക്കുറിച്ച് വ്യക്തമായി പഠിച്ചിരിക്കണം. കാര്യങ്ങള്‍ പഠിക്കാതെ സോളാര്‍ പാനലുകള്‍ വയ്ക്കുകയും അതിലെ ഉത്പാദനം മനസ്സിലാക്കാതെ വീട്ടിലെ വൈദ്യുതി ഉപയോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്താല്‍ എല്ലാവരും 'ശ്രീലേഖ' യാകും...

ഏപ്രില്‍ മാസം പതിനായിരം രൂപയുടെ ബില്ല് വന്നപ്പോള്‍ സോളാര്‍ വച്ചു തന്ന കമ്പനിയുടെ ഉപദേശപ്രകാരമായിരിക്കും ഓണ്‍ഗ്രിഡില്‍ നിന്ന് ഓഫ് ഗ്രിഡിലേക്ക് മാറ്റാമെന്ന് അവര്‍ കരുതുന്നത്.
ഇനി മാഡത്തിന്റെ ബില്ല് സംബന്ധമായ കാര്യങ്ങള്‍ വ്യക്തമാക്കാം

ശ്രീലേഖ മാഡത്തിന്റെ വീട്ടില്‍ 5 കിലോവാട്ട് ശേഷിയുള്ള ഓണ്‍ഗ്രിഡ് സൗരോര്‍ജ നിലയമാണ് സ്ഥാപിച്ചിരിക്കുന്നത്. ഏപ്രില്‍ മാസം 557 യൂണിറ്റ് ആണ് നിലയത്തില്‍ നിന്നും ഉത്പാദിപ്പിച്ചത്. അതില്‍ 290 യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്തു. മാഡത്തിന്റെ വീട്ടില്‍ ഗ്രിഡില്‍ നിന്നും ഇപോര്‍ട്ട് ചെയ്ത്   1282 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. (Normal-399 യൂണിറ്റ് + പീക്ക് - 247 യൂണിറ്റ് + ഓഫ് പീക്ക് - 636 യൂണിറ്റ് = 1282 യൂണിറ്റ്)

ബില്ല് ചെയ്യുന്നത് ഗിഡില്‍ നിന്നും ഇംപോര്‍ട്ട് ചെയ്ത വൈദ്യുതിയില്‍ നിന്നും ഗ്രിഡിലേക്ക് എക്‌സ് പോര്‍ട്ട് ചെയ്ത വൈദ്യുതിയുടെ യൂണിറ്റ് കുറച്ച് ലഭിക്കുന്ന വൈദ്യുതിയുടെ അളവിനാണ്.
ആയതിനാല്‍, 1282 - 290 = 992 യൂണിറ്റിനാണ് ബില്ല് ചെയ്തിരിക്കുന്നത്.

10038 രൂപ ആണ് ഒരു മാസത്തെ ബില്ലിംഗ് യൂണിറ്റ് ആയ 992 യൂണിറ്റിന് ഈടാക്കിയിരിക്കുന്നത്.

സോളാര്‍ നിലയത്തില്‍ ഉത്പാദിപ്പിച്ച വൈദ്യുതിയായ 557 യൂണിറ്റില്‍ 290 യൂണിറ്റ് ഗ്രിഡിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്തല്ലോ? അപ്പോള്‍ നിലയത്തില്‍ ഉത്പാദിപ്പിച്ച 557 - 290 = 267 യൂണിറ്റ് വൈദ്യുതി മാഡം സ്വന്തം വീട്ടില്‍ ഉപയോഗിച്ചിട്ടുണ്ട് എന്ന് കാണാം. അത്തരത്തില്‍ ഗ്രിഡില്‍ നിന്നും 1282 യൂണിറ്റും സ്വന്തം നിലയത്തില്‍ ഉല്‍പ്പാദിപ്പിചച്ച 267 യൂണിറ്റും ഉള്‍പ്പടെ ഒരുമാസം കൊണ്ട് 1549 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. എന്നാല്‍, ഗ്രിഡിലേക്ക് നല്‍കിയ 290 യൂണിറ്റും, അവരുടെ നിലയത്തില്‍ ഉല്‍പ്പാദിപ്പിച്ച് അവര്‍ തന്നെ ഉപയോഗിച്ച 267 യൂണിറ്റും കുറച്ച് വെറും 992 യൂണിറ്റിനാണ് ന്യായമായി ബില്ല് ചെയ്തിരിക്കുന്നത്. (1549-290-267 = 992 Unit)  
ശ്രീലേഖ മാഡത്തിന്റെ ബില്ലില്‍ ഒരു തെറ്റും ഇല്ല.

ഇനി മാഡം ഓഫ് ഗ്രിഡ് ആക്കുകയാണെങ്കില്‍ / മാഡത്തിന്റെ FB പോസ്റ്റ് കണ്ട് ആരെങ്കിലും ഓഫ് ഗ്രിഡ് സോളാര്‍ വയ്ക്കുകയാണെങ്കില്‍ സോളാര്‍ പാനലുകളുടെ കപ്പാസിറ്റിയും ബാറ്ററി കപ്പാസിറ്റിയും ഉറപ്പ് വരുത്തുക. ഏറ്റവും എഫിഷ്യന്‍സി കുറഞ്ഞ ഉപകരണമാണ് ബാറ്ററി എന്നും മനസ്സിലാക്കുക.

മാഡം തെറ്റ് മനസ്സിലാക്കി FB പോസ്റ്റ് പിന്‍വലിക്കുമെന്ന് കരുതുന്നു.

Tags