ബിജെപിക്ക് 60 കോടി രൂപ നല്‍കി, തൊട്ടുപിന്നാലെ കൊട്ടക് ബാങ്കിനുവേണ്ടി റിസര്‍വ് ബാങ്കിന്റെ അത്യപൂര്‍വ ഇടപെടല്‍

Kotak

 

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നതോടെ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് കോര്‍പ്പറേറ്റുകള്‍ ശതകോടികള്‍ നല്‍കിയതായും ഇതിന് പിന്നാലെ പല നേട്ടങ്ങളും ഈ കമ്പനികള്‍ക്കുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിലായി റിസര്‍വ് ബാങ്കിന്റെ ഒരു ഇടപെടലാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നത്. കൊട്ടക് ബാങ്ക് ബിജെപിക്ക് സംഭാവന നല്‍കയതിന്റെ പിന്നാലെയാണ് റസര്‍വ് ബാങ്കിന്റെ ഇടപെടല്‍.

ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കാണ് കൊട്ടക് മഹീന്ദ്ര ബാങ്ക്. കോട്ടക്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഉദയ് കൊട്ടക്കിന്റെ ഓഹരി കേന്ദ്രം നിശ്ചയിച്ച പരിധിയേക്കാള്‍ കവിഞ്ഞെന്നതുമായി ബന്ധപ്പെട്ട് ഏകദേശം ഒരു ദശാബ്ദക്കാലമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി തര്‍ക്കത്തിലായിരുന്നു.

2018 ഡിസംബറില്‍ കൊട്ടക് മഹീന്ദ്ര ബാങ്ക് ഈ വിഷയത്തില്‍ റിസര്‍വ് ബാങ്കിനെതിരെ കോടതിയെ സമീപിച്ചു. പതിമൂന്ന് മാസങ്ങള്‍ക്ക് ശേഷം, 2020 ജനുവരിയില്‍, കോടതിക്ക് പുറത്തുള്ള സെറ്റില്‍മെന്റില്‍ സ്വകാര്യ ബാങ്കിന്റെ നിര്‍ദ്ദേശം അംഗീകരിച്ചുകൊണ്ട് സെന്‍ട്രല്‍ ബാങ്ക് വഴങ്ങി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട പുതിയ ഇലക്ടറല്‍ ബോണ്ട് ഡാറ്റ പ്രകാരം കൊട്ടക് ബാങ്ക് ഭാരതീയ ജനതാ പാര്‍ട്ടിക്ക് 10 കോടി രൂപ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒത്തുതീര്‍പ്പ് പ്രഖ്യാപനമുണ്ടായത്. കൊട്ടക് ഗ്രൂപ്പ് സ്ഥാപനമായ ഇന്‍ഫിന ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, 2021 ഏപ്രിലില്‍ ഭരണകക്ഷിക്ക് മറ്റൊരു 25 കോടി രൂപ കൂടി സംഭാവന നല്‍കി.

ഇന്‍ഫിന ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുംബൈ ആസ്ഥാനമായുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ്. അവരുടെ വെബ്സൈറ്റ് പറയുന്നത് കൊട്ടക് മഹീന്ദ്ര ബാങ്ക് അതിന്റെ അനുബന്ധ സ്ഥാപനത്തിലൂടെയും കൊട്ടക് കുടുംബത്തിലൂടെയും സംയുക്ത ഉടമസ്ഥതയിലാണ് എന്നാണ്.

റേറ്റിംഗ് ഏജന്‍സിയായ കെയര്‍ റേറ്റിംഗ്‌സ് പറയുന്നതനുസരിച്ച്, ഇന്‍ഫിന ഫിനാന്‍സില്‍ കൊട്ടക് കുടുംബത്തിന് 50.01% ഇക്വിറ്റി ഉണ്ട്. ബാക്കിയുള്ള 49.99% മുംബൈ ആസ്ഥാനമായുള്ള കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡിന്റെ കൈവശമാണ്, ഉദയ് കൊട്ടക് ആണ് ഇതിന്റെ ഡയറക്ടര്‍.

ഇന്‍ഫിന ഫിനാന്‍സ് വാങ്ങിയ 60 കോടി രൂപയുടെ ബോണ്ടുകളുടെ ഏക ഗുണഭോക്താവ് ബിജെപിയായിരുന്നു. കൊട്ടക് സ്ഥാപനം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും പണം സംഭാവന നല്‍കിയിട്ടില്ല.

 

Tags