വടകരയില്‍ അമ്പേ പാളി, കെ.കെ ശൈലജ ഇനി മട്ടന്നൂരില്‍ ഒതുങ്ങും; ഇടിഞ്ഞു താണത് കെട്ടിപ്പൊക്കിയ രാഷ്ട്രീയ ഇമേജ്..

kkshailaja spl

കണ്ണൂര്‍: വടകരയിലെ കനത്ത തോല്‍വിയോടെ സി.പി. എമ്മിന്റെ ജനകീയ മുഖമായ കെ.കെ ശൈലജയുടെ രാഷ്ട്രീയ ഇമേജ് മങ്ങുന്നു. സംസ്ഥാനത്തെ ഏറ്റവും സ്വീകാര്യതയുള്ള ജനകീയ മുഖമെന്ന  വിശേഷണത്തോടെയാണ് കെ കെ ശൈലജ വടകരയില്‍ മത്സരിക്കാനെത്തിയത്. ആദ്യ പിണറായി മന്ത്രിസഭയില്‍ പൊതുസമൂഹത്തിനിടയില്‍ ഏറ്റവും പ്രതിച്ഛായയും സ്വീകാര്യതയുമുണ്ടായിരുന്ന മന്ത്രിമാരുടെ പട്ടികയില്‍ മുന്‍പന്തിയിലായിരുന്നു അവര്‍. കോവിഡ്-നിപ്പ പ്രതിരോധത്തിന് ശക്തമായ നേതൃത്വം നല്‍കിയതിലൂടെ അവര്‍ കൈവരിച്ച പ്രതിച്ഛായതന്നെയായിരുന്നു ആ സ്വീകര്യതക്ക് കാരണം. അതിനാല്‍ അവര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്നായിരുന്നു പാര്‍ട്ടിപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും ആഗ്രഹം.

എന്നാല്‍, വടകരയില്‍ കനത്ത പരാജയമായിരുന്നു ശൈലജ ഏറ്റുവാങ്ങിയത്. കഴിഞ്ഞ തവണ വടകര മണ്ഡലത്തില്‍ പാര്‍ട്ടിയുടെ ചെന്താരകമായ പി ജയരാജന്റെ പരാജയം പാര്‍ട്ടിയെ നടുക്കിയിരുന്നു. 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിന് അവസാന നിമിഷം സ്ഥാനാര്‍ത്ഥിയായി എത്തിയ കെ മുരളീധരന്‍ ജയരാജനെ പരാജയപ്പെടുത്തി. 2014ല്‍ 3,306 വോട്ടിന് മാത്രം ഷംസീര്‍ പരാജയപ്പെട്ട വടകരയില്‍ ജയരാജന്റെ കനത്ത പരാജയം സിപിഐഎം കേന്ദ്രങ്ങളെയും ഞെട്ടിച്ചിരുന്നു. പിന്നീട് പാര്‍ട്ടി പദവികളില്‍ നിന്നും പി ജയരാജന്‍ തഴയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. 

എന്നാല്‍ ഇക്കുറി ജയരാജന് സംഭവിച്ചതിനേക്കാള്‍ ദയനീയ തോല്‍വിയാണ് ശൈലജക്ക് സംഭവിച്ചത്. 114506 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശൈലജയുടെ ഇത്തവണത്തെ തോല്‍വി. വടകരയിലെ തോല്‍വി ടീച്ചറുടെ ജനകീയതയ്ക്ക് പാര്‍ട്ടിക്കുള്ളിലും പുറത്തും കോട്ടമുണ്ടാക്കാന്‍ സാധ്യതയേറെയാണ്. അവരുടെ ജനസമ്മതിയും ചോദ്യം ചെയ്യപ്പെടും. പി ജയരാജന്റെ അനുഭവം മുന്നില്‍ നില്‍ക്കുമ്പോഴാണ് വടകരയില്‍ കെ കെ ശൈലജയുടെ പരാജയവും. സിപിഐഎമ്മിന്റെ ശക്തി കേന്ദ്രമായ തലശ്ശേരിയില്‍ നിന്നുപോലും പ്രതീക്ഷിച്ച ഭൂരിപക്ഷം ശൈലജയ്ക്ക് ലഭിച്ചിട്ടില്ല. വെറും എട്ടായിരം വോട്ടാണ് തലശേരിയിലെ ലീഡ്.

പ്രതികൂല സാഹചര്യം അതിജീവിക്കാന്‍ കഴിയാത്തത് കെ.കെ ശൈലജയുടെ വ്യക്തി പ്രഭാവത്തിന് മങ്ങലേല്‍ക്കുന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. ഇതോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കെ.കെ ശൈലജയെ ഉയര്‍ത്തിക്കാട്ടാന്‍ ദേശീയ നേതൃത്വം തയ്യാറാവില്ലെന്നാണ് പുറത്തുവരുന്ന വിവരം. വടകരയില്‍ മത്‌സരിക്കാന്‍ താല്‍പര്യമില്ലാതിരുന്ന കെ.കെ ശൈലജയെ നിര്‍ബന്ധിച്ചു പാര്‍ട്ടി സംസ്ഥാന നേതൃത്വം കളത്തിലേക്ക് ഇറക്കുകയായിരുന്നു. ഇതു അമ്പേ പാളുന്ന ചിത്രമാണ് വടകരയില്‍ ദൃശ്യമായത്.

Tags