ഓണം ബമ്പര്‍ വില്‍പന 400 കോടി രൂപയിലേക്ക്, ഇതില്‍ സര്‍ക്കാരിനെത്ര കിട്ടും? ഏജന്റുമാര്‍ക്ക് എത്ര?
400 കോടി രൂപ ഓണം ബമ്പര്‍ വില്‍പനയിലൂടെ ലഭിച്ചാല്‍ ഏജന്റുമാരുടെ വിഹിതവും സമ്മാനത്തുകയും ഉള്‍പ്പെടെ 160 കോടി രൂപയോളം നല്‍കേണ്ടതുണ്ട്.
കൊച്ചി: 25 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ വില്‍പന 60 ലക്ഷത്തിലേക്ക്. 57 ലക്ഷം ലോട്ടറി ഇതുവരെ വിറ്റഴിച്ചെന്നാണ് കണക്ക്. ഒക്ടോബര്‍ 9 ന് നറുക്കെടുപ്പ് ദിവസം ആകുമ്പോഴേക്കും വില്‍പന 80 ലക്ഷം കടക്കുമെന്നാണ് സൂചന. ഒരു ടിക്കറ്റിന് 500 രൂപയാണ് വില. 400 കോടി രൂപ ടിക്കറ്റ് വില്‍പനയിലൂടെ ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ആകെ ടിക്കറ്റ് വിലയില്‍ സമ്മാനത്തുകയും ഏജന്റ് തുകയും ജിഎസ്ടിയും മറ്റു ചെലവുകളും കഴിച്ചുള്ളതാണ് സര്‍ക്കാരിന്റെ ലാഭം. ലോട്ടറി വില്‍പനയാണ് സര്‍ക്കാരിന്റെ പ്രധാന വരുമാനമെന്ന് പരിഹസിക്കാറുണ്ടെങ്കിലും ആകെ നികുതി വരുമാനത്തിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമാണ് ലോട്ടറിയിലൂടെ ലഭിക്കുന്നത്.
400 കോടി രൂപ ഓണം ബമ്പര്‍ വില്‍പനയിലൂടെ ലഭിച്ചാല്‍ ഏജന്റുമാരുടെ വിഹിതവും സമ്മാനത്തുകയും ഉള്‍പ്പെടെ 160 കോടി രൂപയോളം നല്‍കേണ്ടതുണ്ട്. ഏജന്‍സി കമ്മീഷനും 28 ശതമാനം ജി.എസ്.ടി.യും കഴിച്ച് സര്‍ക്കാരിന് 390.63 രൂപയാണ് ഒരു ടിക്കറ്റിന് കിട്ടുന്നത്. ലോട്ടറി അച്ചടിക്കാനുള്ള ചെലവുകളും മറ്റും കണക്കുകൂട്ടിയാല്‍ ഏറെക്കുറെ 200 കോടി രൂപയോളം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ബമ്പര്‍ ടിക്കറ്റ് ആയതുകൊണ്ടുതന്നെ അവസാന ദിവസങ്ങളില്‍ വില്‍പന തകൃതിയാകും. നേരത്തെ ബമ്പര്‍ സമ്മാനമടിച്ചതിനാല്‍ പാലക്കാടാണ് ജില്ലാ അടിസ്ഥാനത്തില്‍ വില്പനയില്‍ മുന്നില്‍. 10 ലക്ഷം ടിക്കറ്റിലധികം ഇവിടെ വിറ്റഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 85 ലക്ഷം തിരുവോണം ബമ്പര്‍ ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ 75,76,096 ടിക്കറ്റുകള്‍ വിറ്റു. 2022-ല്‍ 67.50 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 66.55 ലക്ഷം വിറ്റു. ഒന്നാം സമ്മാനം 25 കോടി രൂപയായ ശേഷം മൂന്നാമത്തെ തിരുവോണം ബമ്പറാണ് ഇത്തവണ. സ്വന്തം ജില്ലകളിലെതിനേക്കാള്‍ മറ്റു ജില്ലകളിലെ ടിക്കറ്റിനാണ് ഇപ്പോള്‍ കൂടുതല്‍ പ്രിയം. ഇതു തിരിച്ചറിഞ്ഞ് ഏജന്റുമാര്‍ ടിക്കറ്റുകള്‍ പരസ്പരം കൈമാറ്റം ചെയ്ത് വില്പന കൂട്ടുന്നു.