കേരളം മയക്കുമരുന്നില്‍ മുങ്ങുന്നു, കുട്ടികള്‍ക്കിടയില്‍ പോലും രാസലഹരി, പുതു വര്‍ഷത്തിനുശേഷം പല കൊലപാതകങ്ങള്‍, സിംഗപ്പൂരില്‍ വധശിക്ഷയാണെന്ന് മുരളി തുമ്മാരുകുടി
പുതുവര്‍ഷം പിറന്നശേഷം നടന്ന ചില കൊലപാതകങ്ങളില്‍ ലഹരി കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.
കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപകമായിത്തുടങ്ങിയിട്ട് നാളേറെയായി. പോലീസും എക്‌സൈസുമെല്ലാം ഇതിനെതിരെ കടുത്ത നടപടി എടുക്കുന്നുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ പോലും രാസലഹരിയുടെ പിടിയിലാണ്. പുതുവര്‍ഷം പിറന്നശേഷം നടന്ന ചില കൊലപാതകങ്ങളില്‍ ലഹരി കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.
മയക്കു മരുന്നില്‍ മരിക്കുന്ന കേരളം
വര്‍ഷം തുടങ്ങിയത് തന്നെ തൃശ്ശൂരില്‍ പതിനെട്ട് വയസ്സ് പോലും തികയാത്ത രണ്ടു കുട്ടികള്‍ ഒരാളെ കുത്തിക്കൊന്ന വാര്‍ത്തയുമായിട്ടാണ്
ചേന്ദമംഗലത്ത് ഒരാള്‍ അടുത്തവീട്ടില്‍ നാലുപേരെ അടിച്ചു വീഴ്ത്തി അതില്‍ മൂന്നുപേര്‍ മരണപ്പെട്ട വാര്‍ത്ത പിന്നീട് വന്നു
ഇപ്പോള്‍ 'ജനിപ്പിച്ചതിനുള്ള ശിക്ഷയായി' മകന്‍ അമ്മയെ വെട്ടിക്കൊന്ന സംഭവം വരുന്നു
ഇതിന്റെ ഒക്കെ പുറകില്‍ മയക്കുമരുന്നിന്റെ ഉപയോഗമുണ്ടെന്ന് വാര്‍ത്തകളും ചര്‍ച്ചകളും ഉണ്ട്. പക്ഷെ ഇത് തെളിയിക്കാനുള്ള ആധുനിക സംവിധാനങ്ങള്‍ നമുക്കുണ്ടോ എന്നറിയില്ല.
പക്ഷെ കേട്ടിടത്തോളം ഈ അക്രമങ്ങള്‍ക്ക് പറഞ്ഞ കാരണങ്ങള്‍ ഒന്നും കൊലപാതകത്തിലേക്ക് നയിക്കേണ്ടല്ല. സ്വബുദ്ധിയെ കാര്യമായി ബാധിക്കുന്ന എന്തോ ഉണ്ടെന്ന് വ്യക്തം. മയക്കുമരുന്നാകാനാണ് സാധ്യത.
കേരളത്തില്‍ മയക്കുമരുന്നിന്റെ ഉപഭോഗം, വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഉള്‍പ്പടെ, കൂടി വരുന്നു എന്നത് ഏറെ നാളായി പറഞ്ഞു കേള്‍ക്കുന്ന കാര്യമാണ്. ശ്രീ ഋഷിരാജ് സിംഗിന്റെ കാലത്ത് ഏറെ സെന്‍സിറ്റൈസേഷന്‍ നടന്നിരുന്നു. പക്ഷെ കാര്യങ്ങള്‍ നിയന്ത്രണത്തിലല്ല എന്നുമാത്രമല്ല കൈവിട്ടു പോകുന്നു എന്നാണ് തോന്നുന്നത്.
Drug is dirty business എന്ന് ലാലേട്ടനും പറഞ്ഞിട്ടുണ്ടല്ലോ.
ഇതിന് പല കാരണങള്‍ ഉണ്ട്.
ഒന്നാമത് കേരളത്തില്‍ എല്ലാ മയക്കുമരുന്നുകളും നിരോധിച്ചിരിക്കയാണ്. അതുകൊണ്ട് എല്ലാ മയക്കുമരുന്നു കച്ചവടവും മിക്കവാറും ഉപയോഗവും നിയമവിരുദ്ധമാണ്.
അപ്പോള്‍ ഒരു ക്രിമിനല്‍ ശൃംഖല ഇതിന്റെ വിതരണത്തിന് പിന്നിലുണ്ട്.
രണ്ടാമത് നിരോധിച്ചിരിക്കുന്ന വസ്തുവായതിനാല്‍ ഇതിന്റെ വ്യാപാരം ഏറെ ലാഭമുള്ളതാണ്. മയക്കുമരുന്നു കടത്താന്‍ സാധാരണക്കാരേയും അത് പിടിക്കാതിരിക്കാര്‍ ഔദ്യോഗിക സംവിധാന്നത്തേയും വിലക്കെടുക്കാന്‍ ഈ മയക്കുമരുന്നു ലോബിക്ക് കഴിയും.
മയക്കുമരുന്നിന്റെ കേസില്‍ പെട്ടാല്‍ ശിക്ഷ കടുത്തതാണ്. അതുകൊണ്ടുതന്നെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഇത് ചാകരയാണ്.
ലോകത്തെവിടെയും ചെറുകിടവ്യാപാരമായിട്ടാണ് മയക്കുമരുന്ന് കച്ചവടം തുടങ്ങുന്നത്. പക്ഷെ വലിയ ലാഭം ഉള്ളതിനാല്‍ ഇത് അതിവേഗത്തില്‍ വളരുന്നു.
കച്ചവടം നടത്താന്‍ പിന്തുണയുമായി ആയുധങ്ങളും ക്വൊട്ടേഷന്‍ സംഘങ്ങളും ഉണ്ടാകുന്നു.
താഴ്ന്ന തലത്തിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ന്മാര്‍ക്ക് കൈകൂലി കൊടുത്തു തുടങ്ങുന്ന കച്ചവടം ജുഡീഷ്യറിയേയും രാഷ്ടീയക്കാരേയും വിലക്കുവാങ്ങാനും വിരട്ടാനും സാധിക്കുന്ന തലത്തിലേക്ക് വളരുന്നു.
മയക്ക് മരുന്ന് ഉപയോഗികുന്നവരും വ്യാപാരം ചെയ്യുന്നവരും ഉള്‍പ്പെട്ട അക്രമങ്ങള്‍ കൊലപാതകങ്ങള്‍ ആത്മഹത്യകള്‍ ഒക്കെ കൂടി വരും.
ലോകത്തെവിടെയും ഉദാഹരണങ്ങള്‍ ഉണ്ട്. പഞ്ചാബ് മുതല്‍ മെഡലിന്‍ വരെ.
കാര്യങ്ങള്‍ അവിടെ എത്തുന്നതിന് മുന്‍പ് തന്നെ ഈ വിഷയം ഗുരുതരമായിക്കണ്ട് കൈകാര്യം ചെയ്യണം.
പക്ഷെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം എല്ലാമയക്കുമരുന്നുകളും പൂര്‍ണ്ണമായും നിരോധിച്ചുള്ള നിയമങ്ങള്‍ ലോകത്ത് ഒരിടത്തും വിജയിച്ചിട്ടില്ല.
മയക്കുമരുന്ന് കടത്തിന് സിംഗപ്പൂരില്‍ വധശിക്ഷയാണ്. അവിടെയും മയക്കുമരുന്ന് വ്യാപാരം ഒഴിവാക്കാന്‍ സാധിച്ചിട്ടില്ല.
മയക്കുമരുന്നുകളുടെ നിയന്ത്രണങ്ങളുടെ കാര്യത്തില്‍ അനവധി ലോകമാതൃകകള്‍ ഇന്ന് ലഭ്യമാണ്.
ഈ കാര്യങ്ങള്‍ ശാസ്ത്രീയമായി പഠിക്കുകയും കേരളത്തിന് അനുയോജ്യമായ നയങ്ങളും നിയമങ്ങളും ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങേണ്ട സമയമായി.
ഏറെ ജാഗ്രതവേണം, അല്പം ഭയവും
സുരക്ഷിതരായിരിക്കുക