പറശ്ശിനിക്കടവ് മുത്തപ്പന്റെ പ്രീയപ്പെട്ട സന്തത സഹചാരി അവശനിലയിൽ..
ജാതിമത ലിംഗ വർണ വ്യത്യാസമില്ലാതെ ഏവർക്കും തേടിയെത്താവുന്ന തിരു സന്നിധിയാണ് കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര. കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാൻ കഴിയാത്ത ഒരു കാഴ്ച ഇവിടെ കാണാം..ക്ഷേത്രത്തിനകത്തും പുറത്തും സ്വതന്ത്രമായി ചുറ്റിക്കറങ്ങുന്ന നായകളെ.. നായ വാഹനമായിട്ടുള്ള ഭൈരവ മൂർത്തികൂടിയാണ് പറശ്ശിനിക്കടവ് മുത്തപ്പൻ. മുത്തപ്പനെ എല്ലായ്‌പ്പോഴും നായ അനുഗമിക്കുമത്രെ. അതുകൊണ്ടു തന്നെയാണ് ഇവിടെ നായകളെ ആരും വിലക്കാത്തത്.
ഈ നായകളുടെ കൂട്ടത്തിൽ ഒരു നായ മുത്തശ്ശിയുണ്ട്..മുത്തപ്പൻ്റെ ഏറ്റവും പ്രിയപ്പെട്ട സന്തത സഹചാരി.. 'മീനു' എന്നാണ് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്നത്. വര്ഷങ്ങളായി മുത്തപ്പന് കാവലായി ഇവിടെയുള്ള മീനുവീന് 20 വയസ്സിനു മുകളിൽ പ്രായമുണ്ട്. ഇപ്പോൾ പ്രായാധിക്യം മൂലം നടക്കാനും ഭക്ഷണം കഴിക്കാനും പ്രയാസമുണ്ട് മീനുവിന്..
പറശ്ശിനിക്കടവ് മുത്തപ്പൻ്റെ ശ്വനകസേനയിലെ രാജ്ഞിയും സേനാപതിയും എല്ലാം ഒരുകാലത്ത് മീനുവായിരുന്നു.. മടപ്പുര കുടുംബാംഗങ്ങൾക്കും ജീവനക്കാർക്കും ഭക്തർക്കും മീനു പ്രീയപ്പെട്ടവളാണ്.. ക്ഷേത്രത്തിൽ പ്രസാദം തയ്യാറാകുമ്പോൾ പോലും ആദ്യം മീനുവിനാണ് നൽകുക.
പ്രായത്തിന്റെ അവശതകൾ തളർത്തുന്നുണ്ടെങ്കിലും ശൗര്യത്തിന് ഒട്ടും കുറവില്ല.. നല്ല പ്രായത്തിൽ മീനു ഉണ്ടാക്കി വെച്ചിട്ടുള്ള പുകിലുകൾ കുറച്ചൊന്നുമല്ലെന്നാണ് പറശ്ശിനിയിലെ ജീവനക്കാർ പറയുന്നത്. ചില നേരത്ത് സാരമായ പരിക്കുകൾ പറ്റി ദീർഘ കാലത്തെ ചികിത്സ തന്നെ വേണ്ടി വന്നിട്ടുണ്ട്.
നൂറിലധികം കുട്ടികൾക്ക് ജന്മം നൽകിയ മീനുവിന്റെ ഇളയ കുട്ടിയായ സുന്ദരിയും ഇപ്പോൾ മുത്തപ്പന് കാവലായി ഇവിടെയുണ്ട്.. പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ ചരിത്ര താളുകളിൽ എഴുതി ചേർക്കേണ്ട പേരു തന്നെയാണ് മീനുവിന്റേത്.