തെയ്യക്കോലധാരികള്‍ അഴിഞ്ഞാടുന്നോ.?: അപമാനിക്കപ്പെടുന്നത് ലോകപ്രശസ്തമായ നമ്മുടെ സാംസ്‌കാരിക പൈതൃകവും ആചാരാനുഷ്ഠാനങ്ങളും
ബിജുനു. കെ
കണ്ണൂര്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഉത്തരമലബാറിന്റെ കലാസാംസ്‌കാരിക പൈതൃകവും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗവുമായ തെയ്യത്തെ ഒരുവിഭാഗം കോലധാരികള്‍ അപമാനിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരികയും പ്രചരിപ്പിക്കപ്പെടുകയും ചെയ്ത ചില വീഡിയോകളില്‍ കോലധാരികള്‍ തെയ്യത്തെ അപമാനിക്കുന്നതുകാണാം.
മുത്തപ്പന്‍ വെള്ളാട്ടം കെട്ടിയ കോലധാരി കാറില്‍ യാത്ര ചെയ്യുന്നതും വഴക്കിടുന്നതുമായ വീഡിയോയും ആളുകളെ ആക്രമിക്കുകയും തിരിച്ച് അടിവാങ്ങുകയും ചെയ്യുന്ന കൈതചാമുണ്ഡി തെയ്യവുമെല്ലാം ഭയഭക്തിയോടെ കാണുന്ന തെയ്യങ്ങളോടുള്ള മതിപ്പ് ഇല്ലാതാക്കാന്‍ ഇടയാക്കി. ഒറ്റപ്പെട്ട ചില വീഡിയോകളുടെ പേരില്‍ കേരളത്തിന്റെ പല ഭാഗത്തുനിന്നും തെയ്യങ്ങള്‍ക്കെതിരെ പരിഹാസവും വിമര്‍ശനങ്ങളും ഉയരുകയാണ്.
ആചാരാനുഷ്ഠാനങ്ങളോടെയും ഏറെ ഭക്തിയോടേയും ചെയ്യേണ്ട തെയ്യക്കോലങ്ങള്‍ ആളുകളെ ആക്രമിക്കുന്നത് എന്തിനെന്ന് പലരും ചോദിക്കുന്നു. രൗദ്രഭാവത്തിലുള്ള തെയ്യമാണെങ്കിലും തെയ്യചാമുണ്ഡി ആളുകളെ ആക്രമിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ല. ഭക്തരെ വലിച്ചിഴയ്ക്കുന്നതും പ്രായമായയാളുടെ നെഞ്ചില്‍ ചവിട്ടാനോങ്ങുന്നതും സ്ത്രീകളേയും കുട്ടികളേയുമെല്ലാം ഭയപ്പെടുത്തി ഓടിക്കുന്നതുമെല്ലാം ആചാരങ്ങളുടെ ഭാഗമാണോയെന്ന് കോലധാരികള്‍ വിശദീകരിക്കേണ്ടതാണ്.
കഴിഞ്ഞദിവസം തില്ലങ്കേരി പെരിങ്ങാനം മുത്തപ്പന്‍ മടപ്പുരയില്‍ കെട്ടിയാടിയ തെയ്യം ആളുകളെ ഭയപ്പെടുത്തി ഓടിക്കുന്നതിനിടയില്‍ ഒരു കുട്ടി വീണ് പരിക്കേറ്റിരുന്നു. ഇതോടെ തെയ്യം കാണാനെത്തിയവര്‍ കോലധാരിയെ ആക്രമിച്ചു. സംഘാടകരുടെ ഇടപെടലാണ് കൂടുതല്‍ പ്രശ്‌നങ്ങളില്ലാതിരിക്കാന്‍ ഇടയാക്കിയത്. അതിനിടെ തെയ്യം ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാളെ വലിച്ച് താഴെയിടുന്നതും ചവിട്ടാനോങ്ങുന്നതുമെല്ലാം കാണാം.
തില്ലങ്കേരിയില്‍ സംഭവിച്ചതിനെക്കുറിച്ച് കോലധാരിയായ മുകേഷ് പണിക്കര്‍ പിന്നീട് വിശദീകരണവുമായെത്തി. തന്നെയാരും മര്‍ദ്ദിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നുമാണ് മുകഷ് പറയുന്നത്. ആള്‍ക്കൂട്ടത്തില്‍ നിന്നും എടുത്തുകൊണ്ടുപോകുന്ന വീഡിയോ ആചാരവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. പ്രശ്‌നമുണ്ടായശേഷം എല്ലാ ആചാരാനുഷ്ഠാനങ്ങളും പൂര്‍ത്തിയാക്കിയെന്നും മുകേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രൗദ്രഭാവത്തിലുള്ള തെയ്യം ആള്‍ക്കുട്ടത്തിലേക്ക് വരുന്നത് സാധാരണമാണെന്നാണ് മുകേഷിന്റെ ന്യായം. ഇങ്ങനെവരുമ്പോഴാണ് കുട്ടിക്ക് പരിക്കേറ്റത്. അത് സ്വാഭാവികമാണ്. കൈതച്ചാമുണ്ടി കെട്ടുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ എല്ലായിടത്തുമുണ്ടാകാറുണ്ട്. പ്രചരിക്കുന്ന വീഡിയോ സമുദായത്തിനും കോലധാരിക്കും വിഷമമുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുകേഷിനെ ന്യായീകരിച്ചാണ് സംഘാടകരും പ്രതികരിച്ചത്. മുകേഷിന് സംഘാടകര്‍ പൂര്‍ണ പിന്തുണയേകിയെന്നും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചെന്നത് നിജസ്ഥിതയല്ലെന്നും അവര്‍ വ്യക്തമാക്കി.
ഇതാദ്യമായല്ല കൈതചാമുണ്ഡിയുമായി ബന്ധപ്പെട്ട വിവാദമുണ്ടാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തില്ലങ്കേരിയില്‍ തന്നെ കൈതചാമുണ്ഡി രണ്ടുപേരെ വെട്ടിയെന്ന രീതിയില്‍ വാര്‍ത്തയുണ്ടായിരുന്നു. ഇതുസംബന്ധിച്ച കേസ് പിന്നീട് ഒത്തുതീര്‍പ്പാക്കി. തില്ലങ്കേരി പാടിക്കച്ചാല്‍ ഈയങ്കോട് വയല്‍ത്തിറ മഹോത്സവത്തിനിടെയായിരുന്നു കൈതചാമുണ്ടി ആളുകള്‍ക്കിടയിലേക്ക് ഓടിക്കയറിയത്.
കൈതചാമുണ്ഡി രൗദ്രഭാവമുള്ളതാണെന്നും അതുകൊണ്ട് ആളുകള്‍ അകന്നുനില്‍ക്കണമെന്നുമാണ് സംഘാടകരുടെ വാദം. തെയ്യം തുടങ്ങുമ്പോള്‍ തന്നെ ക്ഷേത്ര അധികാരികള്‍ ചാമുണ്ഡിയുടെ മുമ്പില്‍ പോകരുതെന്ന് അനൗണ്‍സ് ചെയ്യാറുണ്ട്. അസുരന്മാരെ കാളി നിഗ്രഹിക്കുന്നു എന്ന സങ്കല്‍പ്പത്തിലാണ് ക്ഷേത്രത്തില്‍ നിന്നിറങ്ങിയ തെയ്യം ഉഗ്രരൂപത്തില്‍ കൈതക്കാടുകള്‍ വെട്ടിയെടുക്കുന്നത്. കൈതവെട്ടുന്നത് കൊണ്ടാണ് ഈ തെയ്യത്തെ കൈതച്ചാമുണ്ഡിയെന്ന് വിളിക്കുന്നതും.
കൈതചാമുണ്ഡി കാണാന്‍ ആളുകള്‍ ഒഴുകിയെത്തുക പതിവാണ്. എന്നാല്‍, ചാമുണ്ഡിയുടെ രൗദ്രഭാവം ആളുകളെ ആക്രമിക്കുന്നതിലെത്തുന്നതിനെ ഭൂരിപക്ഷവും അനുകൂലിക്കുന്നില്ല. തെയ്യക്കോലങ്ങള്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുകമാത്രമാണ് ചെയ്യേണ്ടതെന്നും ഈ രീതിയിലുള്ള ആക്രമണവും ഭയപ്പെടുത്തലും തെയ്യത്തോടുള്ള ആരാധനയും ഭക്തിയും ഇല്ലാതാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
തെയ്യം സീസണുകളില്‍ ലോകമെങ്ങുനിന്നും തെയ്യത്തെ അറിയാനും പഠിക്കാനും കാണാനുമായി ആയിരക്കണക്കിന് വിദേശ സഞ്ചാരികള്‍ ഉത്തരമലബാറിലെത്താറുണ്ട്. അതുകൊണ്ടുതന്നെ കോലധാരികളുടെ അതിരുവിട്ടുള്ള പ്രവൃത്തിയുടെ വീഡിയോ പ്രചരിക്കുന്നത് ടൂറിസത്തെക്കൂടി ബാധിക്കുന്ന വിഷയമാണ്.
തെയ്യത്തിനെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചരണവും ചില കോലധാരികള്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചുകൊണ്ടുനടത്തുന്ന അഴിഞ്ഞാട്ടവും പരിഹരിക്കാന്‍ കോലധാരികളുടെ സംഘടനകള്‍ ഇടപെടേണ്ടതാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ക്ഷേത്രഭാരവാഹികളും ഉറപ്പുവരുത്തേണ്ടതുണ്ട്.