മൂന്നാംമൂഴത്തില്‍വീണ്ടും കടന്നപ്പളളി കാബിനിറ്റിലേക്ക്, കണ്ണൂരിന് രണ്ടാം മന്ത്രിസ്ഥാന നേട്ടം

Ramachandran Kadannappalli minister
Ramachandran Kadannappalli minister

റോഷിത്ത് ഗോപാൽ

കണ്ണൂര്‍:  രാമചന്ദ്രന്‍ കടന്നപ്പള്ളി മൂന്നാംതവണയും മന്ത്രിയാകുന്നത് കണ്ണൂരിന് നേട്ടമായി. എം.വി ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയായ വേളയില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് കണ്ണൂരിന് നഷ്ടമായ രണ്ടാം മന്ത്രിസ്ഥാനമാണ് കണ്ണൂരിന് വീണ്ടും ലഭിച്ചത്. 
 
വി എസ് അച്ചുതാനന്ദന്‍ മന്ത്രിസഭയില്‍ ദേവസ്വം പ്രിന്റിങ്ങ് വകുപ്പുകളുടെ മന്ത്രിയായാണ് ആദ്യമായി കടന്നപ്പള്ളി  മന്ത്രിസഭയിലെത്തുന്നത്. വി എസ് സര്‍ക്കാര്‍ പകുതി പിന്നിട്ടപ്പോഴായിരുന്നു കടന്നപ്പള്ളിക്ക് അന്ന് മന്ത്രിക്കസേര ലഭിച്ചത്. പിന്നീട് ഒന്നാം  പിണറായി സര്‍ക്കാരില്‍ തുറമുഖം, പുരാവസ്തു, പുരാരേഖ വകുപ്പുകളുടെ മന്ത്രിയായി അധികാരമേറ്റു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മന്ത്രിമാരുടെ ലിസ്റ്റില്‍ കടന്നപ്പള്ളി ഇല്ലായിരുന്നു. ഒരു അംഗമുള്ള ഘടക കക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന ധാരണയെ തുടര്‍ന്നായിരുന്നു കടന്നപ്പള്ളിക്ക് പുറത്തിരിക്കേണ്ടി വന്നത്. 

കടന്നപ്പള്ളി ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ചത് നിരവധി തവണയാണ്.   രണ്ട് തവണ ലോക്സഭാംഗവും നാല്  തവണ നിയമസഭാംഗവുമായി. കാസര്‍ക്കോട് 1971ല്‍ ഇരുപത്തിയാറാം വയസിലായിരുന്നു കന്നിയങ്കം. അന്ന് പരാജയപ്പെടുത്തിയത് ഇ കെ നായനാരെയും. 

Ramachandran Kadannappalli minister

കെ എസ് യു സംസ്ഥാന പ്രസിഡന്റായിരിക്കെ എ കെ ജി പ്രതിനിധാനം ചെയ്ത മണ്ഡലമായിരുന്നു ഇത്.പിന്നീട് വീണ്ടും 1977 ല്‍ കാസര്‍കോട് മത്സരിക്കുകയും ജയിക്കുകയും ചെയ്തു. അന്ന് എം രാമണ്ണറേയായിരുന്നു എതിരാളി. പിന്നീട് കോണ്‍ഗ്രസില്‍   ധ്രുവീകരണം സംഭവിക്കുകയും ഇന്ദിരാഗാന്ധിക്കെതിരായ നിലപാട് സ്വീകരിക്കുകയും ചെയ്തു.ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തില്‍1980 ല്‍ മത്സരിച്ച് ജയിച്ചു. നിയമസഭയിലേക്കുള്ള കന്നിയങ്കമായിരുന്നു അത്. .

പിന്നീട് മൂന്ന് തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായ പരാജയമായിരുന്നു കടന്നപ്പള്ളിക്ക് നേരിടേണ്ടി വന്നത്.1987 ലും 1991ലും പേരാവൂരില്‍ നിന്ന് നിയമസഭയിലേക്കും 1996 ല്‍ കണ്ണൂരില്‍ നിന്ന് ലോക്സഭയിലേക്കുമാണ് കടന്നപ്പള്ളി മത്സരിച്ച് പരാജയപ്പെട്ടത്.   

2006ലെ നിയമ സഭാ തിരഞ്ഞെടുപ്പില്‍ എടക്കാട് മണ്ഡലത്തില്‍ മത്സരിച്ച് വീണ്ടും നിയമസഭയിലെത്തി.പിന്നീട് കണ്ണൂരില്‍ നിന്നാണ് 2016 ല്‍ ജയിക്കുന്നത്. സിറ്റിങ്ങ് എം എല്‍ എ. എ പി അബ്ദുല്ലക്കുട്ടിയെ പരാജയപ്പെടുത്തിയാണ് അന്ന് കണ്ണൂര്‍ കടന്നപ്പള്ളിയിലൂടെ എല്‍ ഡി എഫ് പിടിച്ചെടുത്തത്. 2021 ല്‍ വീണ്ടും കണ്ണൂരില്‍ ജനവിധി തേടി അട്ടിമറി വിജയം നേടുകയും ചെയ്തു.ഡി സി സി പ്രസിഡന്റായിരുന്ന സതീശന്‍ പാച്ചേനിയായിരുന്നു എതിരാളി.

Tags