'ഓപ്പറേഷൻ ലോട്ടസ്' : കണ്ണൂരിൽ കോൺഗ്രസിലെ ഉന്നത വനിതാ നേതാവിനെ മറു കണ്ടം ചാടിക്കാൻ ബി.ജെ.പി നീക്കം തുടങ്ങി
കണ്ണൂർ: കണ്ണൂർ ജില്ലയിലെ വിവിധ പാർട്ടികളിലെ അസംതൃപ്തരായ നേതാക്കൾക്കായി വല വിരിച്ച് ബിജെ.പി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്, സി.പി.എം, മുസ്ലിം ലീഗ്, സി.പി.ഐ , ജനതാദൾ പാളയങ്ങളിൽ നിന്നും കൂടുതൽ ആളുകളെ എത്തിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. അടുത്ത കാലത്തായി കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ ചേർന്ന എ.പി. അബ്ദുള്ളക്കുട്ടി, സി രഘുനാഥ് എന്നിവരെ ഉപയോഗിച്ചാണ് കണ്ണൂരിൽ ഓപ്പറേഷൻ ലോട്ടസ് എന്ന പേരിൽ മറുകണ്ടം ചാടിക്കൽ നടക്കുന്നത്.
ഇപ്പോൾ കോൺഗ്രസിലെ ഒരു പ്രമുഖ വനിതാ നേതാവിനെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ നിന്നും കേരളത്തിലെത്തിയ ഇവർ കഴിഞ്ഞ കുറെക്കാലമായി സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും മതിയായ പരിഗണന നൽകുന്നില്ലെന്ന പരാതി ശക്തമാണ്. കഴിവുണ്ടായിട്ടും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും അകറ്റി നിർത്തുന്ന ഇവർ തൻ്റെ നിരാശ തുറന്നു പറയാതെ പാർട്ടിക്കുള്ളിൽ നിലനിൽക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ബി.ജെ.പിയിൽ നിന്നും ക്ഷണം വരുന്നത്. ലോക് സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യസഭാ സീറ്റ് ഉൾപ്പെടെയുള്ള വമ്പൻ ഓഫറുകൾ ഇവർ സ്വീകരിക്കുമെന്നാണ് വിവരം കണ്ണൂരിലെ ഒരു മുൻ യുത്ത് കോൺഗ്രസ് നേതാവ് ഉൾപ്പെടെയുള്ള അഞ്ചുപേരെയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. മലയോരത്തെ തലമുതിർന്ന സി.പി.എം നേതാവിനെ പരിവാറിലെത്തിക്കാൻ നടന്ന നീക്കങ്ങൾ ചോർന്നതിനെ തുടർന്ന് പാളിയെങ്കിലും വീണ്ടും ക്രൈസ്തവ മേലധ്യക്ഷൻമാരുടെ പിൻതുണയോടെ ശ്രമം ആരംഭിച്ചിട്ടുണ്ട്.
മുസ്ലിം ലീഗ്, സി.പി.ഐ, ജനതാദൾ തുടങ്ങിയ പാർട്ടികളിലെ സ്ഥാനമോഹികളെയും ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്. കൂറുമാറി എത്തുന്നവർക്ക് ഉന്നത സ്ഥാനങ്ങളും വിപുലമായ സൗകര്യങ്ങളുമാണ് ബി.ജെ.പി ഒരുക്കിയിട്ടുള്ളത്. അതു കൊണ്ടുതന്നെ മറുകണ്ടം ചാടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ലെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്.