അംബാനിക്കുവേണ്ടി സൈനിക വിമാനത്താവളം തുറന്നുനല്‍കുമ്പോള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഇല്ലാതാക്കാന്‍ ശ്രമം, വീണ്ടും നിരക്കുയര്‍ത്തി, തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മറുപടി നല്‍കാന്‍ പ്രവാസികള്‍


കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കാന്‍ പ്രവാസികള്‍ ഒരുങ്ങുന്നു. വിദേശ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താവുന്ന പോയിന്റ് ഓഫ് കോള്‍ പദവി കണ്ണൂരിന് നല്‍കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ആഭ്യന്തര വിമാന കമ്പനികളെ സഹായിക്കാനായി ഇത്തരമൊരു തീരുമാനമെടുത്തപ്പോള്‍ ദുരിതത്തിലായത് പ്രവാസികളാണ്.
ഉത്തരമലബാറിന്റെ സ്വപ്‌ന സാഫല്യമായി തുടക്കമിട്ട വിമാനത്താവളത്തില്‍ തുടക്കത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പുണ്ടായെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. ടിക്കറ്റ് നിരക്ക് ഉയര്‍ന്നതോടെയാണ് യാത്രക്കാര്‍ കണ്ണൂര്‍ ഉപേക്ഷിച്ച് കോഴിക്കോടിനെ ആശ്രയിക്കുന്നത്.
പോയിന്റ് ഓഫ് കോള്‍ പദവി ലഭിക്കാത്തത് കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ വളര്‍ച്ചയെയും പ്രദേശത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും കാര്യമായി ബാധിക്കുന്നുണ്ട്. പോയിന്റ് ഓഫ് കോള്‍ പദവി ലഭിക്കാന്‍ നിരവധി തവണ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിനുവേണ്ടി സൈനിക വിമാനത്താവളം തുറന്നുകൊടുക്കുകയും അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്ത സര്‍ക്കാരാണ് ലക്ഷക്കണക്കിന് ജനങ്ങളുടെ ആശ്രയമായ വിമാനത്താവളത്തെ കൈയ്യൊഴിയുന്നത്.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ കോഡ്- ഇ വിമാനങ്ങള്‍ക്കു സര്‍വീസ് നടത്താന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളുമുണ്ട്. വ്യോമയാന രംഗത്ത് ആവശ്യമായ എംആര്‍ഒ, എയ്‌റോ സിറ്റീസ്, ഏവിയേഷന്‍ അക്കാദമികള്‍ എന്നിവയ്ക്ക് ആവശ്യമായ ഭൂമിയും ലഭ്യമാണ്.
കണ്ണൂര്‍ ജില്ലക്കും കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കും പ്രയോജനകരമായ കണ്ണൂര്‍ എയര്‍പോര്‍ട്ട് കൂര്‍ഗ്, മൈസൂര്‍, മംഗലാപുരം എന്നിവിടങ്ങളിലെ യാത്രക്കാരുടെ ബദല്‍ എയര്‍പോര്‍ട്ട് കൂടിയാണ്.
വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ നിരക്കും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആഭ്യന്തര, രാജ്യന്തര ടിക്കറ്റ് നിരക്കുകള്‍ ഉയരും. നിരക്കുകള്‍ ഉയര്‍ത്താന്‍ എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി അനുമതി നല്‍കി.
നിരക്കുയര്‍ത്തുകകൂടി ചെയ്തതോടെ അവശേഷിക്കുന്ന യാത്രക്കാര്‍ കൂടി കണ്ണൂരിനെ കൈയ്യൊഴിഞ്ഞേക്കും. വിമാനത്താവളം ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയക്കളിക്ക് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നാണ് പ്രവാസികള്‍ പറയുന്നത്.