ആക്രി നിരീക്ഷകനായ കള്ളപ്പണിക്കര്‍, ശ്രീജിത്ത് പണിക്കരും സുരേന്ദ്രനും തമ്മിലടി, കൈയ്യടിച്ച് സോഷ്യല്‍ മീഡിയയും

k surendran

 

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സംഘ്പരിവാര്‍ നിരീക്ഷകനായി ചാനല്‍ ചര്‍ച്ചയിലെത്താറുള്ള ശ്രീജിത്ത് പണിക്കരും തമ്മിലടി. സുരേന്ദ്രനാണ് വീഡിയോയിലൂടെ അടി തുടങ്ങിവെച്ചത്. തൃശൂരില്‍ സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിച്ചെന്ന് ശ്രീജിത്ത് പണിക്കര്‍ പറഞ്ഞതായി സുരേന്ദ്രന്‍ ആരോപിക്കുന്നു.

'നിങ്ങള്‍ മാത്രമല്ല ചില ആക്രിനിരീക്ഷകരും ചാനലുകളില്‍ വന്നിരുന്നു പറയുകയാണ് സുരേഷ് ഗോപിയെ തൃശൂരില്‍ തോല്‍പ്പിക്കാന്‍ ബി.ജെ.പിയുടെ സംസ്ഥാനഘടകം പരിശ്രമിച്ചുവെന്ന്. വൈകുന്നേരം ചാനലുകളില്‍ വന്നിരുന്നു കള്ളപ്പണിക്കരാണ് സംസ്ഥാനഘടകത്തിന് നേരെ ആരോപണം ഉന്നയിക്കുന്നതെന്നുമാണ്' സുരേന്ദ്രന്‍ പറഞ്ഞത്.

ഇതിന് പിന്നാലെ ഉള്ളിയുടെ ചിത്രവുമായി ശ്രീജിത്ത് പണിക്കര്‍ കെ സുരേന്ദ്രനെതിരെ ഫേസ്ബുക്കില്‍ കുറിപ്പെഴുതി. 'ഗണപതിവട്ടജി' എന്ന് വിളിച്ച് ആരംഭിക്കുന്ന കുറിപ്പില്‍ മകന്റെ കള്ളനിയമനം, തെരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണം, തുപ്പല്‍ വിവാദം, സ്ഥലപ്പേര് വിവാദം ഇതൊക്കെ ശ്രീജിത്ത് പണിക്കര്‍ സൂചിപ്പിക്കുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്,

പ്രിയപ്പെട്ട ഗണപതിവട്ടജി,

നിങ്ങള്‍ക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണം, തുപ്പല്‍ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതില്‍ നിങ്ങള്‍ക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം.

സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചപ്പോള്‍ അതില്‍ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങള്‍ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.

സുരേഷ് ഗോപി തന്റെ മണ്ഡലത്തില്‍ നടത്തിയ ഇടപെടലുകള്‍, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങള്‍ ഇതേക്കുറിച്ചൊക്കെ ഞാന്‍ ചര്‍ച്ചകളില്‍ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങള്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാര്‍ഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്. അല്ലെങ്കില്‍ ഒരു എംപിക്ക് എങ്ങനെ ഒരു സ്ഥലത്തെ പുനര്‍നാമകരണം ചെയ്യാന്‍ കഴിയുമെന്ന എന്റെ ചോദ്യത്തിന് മറുപടി പറയൂ. കഴിഞ്ഞതവണ സാധ്യതകള്‍ ഇല്ലാതാക്കാന്‍ ''മൂന്ന് ഡസന്‍ സീറ്റ്'' എന്നതായിരുന്നു നിങ്ങളുടെ അവകാശവാദം.പാര്‍ട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്‍ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ പണിക്കര്‍ കള്ളപ്പണിക്കര്‍ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ ആവോ? രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാന്‍ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ.മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവര്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങള്‍ക്കും കിട്ടും. അല്ലെങ്കില്‍ പതിവുപോലെ കെട്ടിവച്ച കാശു പോകും.ഒരു കാര്യത്തില്‍ നന്ദിയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ എനിക്ക് ചാര്‍ത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം!

 

Tags