വടകരയില്‍ ലീഗ് 'ഞമ്മന്റെ' സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ച അതേ വികാരമാണ് തൃശൂരില്‍ കണ്ടത്, വൈറലായി ജലീല്‍ പുനലൂരിന്റെ കുറിപ്പ്

Shafi Parambil

കൊച്ചി: വര്‍ഗീയ കാര്‍ഡിറക്കി മുസ്ലീം ലീഗ് ഷാഫി പറമ്പിലിനെ വടകരയില്‍ ജയിപ്പിച്ചെന്ന് മുന്‍ ഐഎന്‍എല്‍ നേതാവ് ജലീല്‍ പുനലൂര്‍. ഞമ്മന്റെ ആളായി ഷാഫിയെ ഉയര്‍ത്തിക്കാട്ടി വോട്ടുപിടിച്ചപ്പോള്‍ അതേ വികാരത്തിലാണ് ഹിന്ദുക്കള്‍ ചിന്തിക്കുകയെന്നും തൃശൂരിലും ബജെപി വോട്ടുപിടിച്ച മറ്റു മണ്ഡലങ്ങളിലും ഇതിന്റെ അലയൊലി കാണാമെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.

ജലീല്‍ പുനലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

പേര് ഷാഫിയാണ് .. ചുള്ളനാണ് ... സ്ഥാനാര്‍ത്ഥിയുമാണ്...

എങ്കില്‍ പിന്നെ അത് ഞമ്മന്റെ ആളായി ... എല്ലാം മറന്ന് അങ്ങ് ഇറങ്ങുക തന്നെ... വടകരയും നാദാപുരവും പാറക്കടവും പേരാമ്പ്രയും ചൊക്ലിയും പെരിങ്ങത്തൂരും പാനൂരും കരിയാടുമടക്കം വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ ചില മേഖലകളില്‍ ഈ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന ചിന്ത ഇതു മാത്രമായിരുന്നു എന്നത് തള്ളിയാനാകില്ല.. സാമ്പത്തിക അസന്തലിതാവസ്ഥയുടെ പേരില്‍ ജാതീയമായ വേര്‍തിരിവും സംഘര്‍ഷവും ശക്തമായ ചില പ്രദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഒരു മണ്ഡലം.. ഇടതുപക്ഷക്കാരന്റെ രക്തം കുടിക്കുക മാത്രം ജീവിത ലക്ഷ്യമാക്കിയ ജമാഅത്തെ ഇസ്ലാമിയും സുഡാപ്പിയും ഒക്കെ കോണ്‍ഗ്രസ് കാരെക്കാള്‍ ആവേശത്താല്‍ നമ്മന്റെ സ്ഥാനാര്‍ത്ഥിയെ ഏറ്റെടുത്തപ്പോള്‍ ഭൂരിപക്ഷം ലക്ഷം കവിഞ്ഞതില്‍ അത്ഭുതമില്ല.. പക്ഷേ ഞമ്മന്റെ ആളിനായി നമ്മള്‍ എല്ലാം മറന്ന് കൈ കോര്‍ത്തതിലൂടെ സൃഷ്ടിക്കപ്പെട്ട ഒരു ധ്രുവീകരണമുണ്ടല്ലോ അത് സൃഷ്ടിക്കുന്ന ഒരു മഹാ ദുരന്തം അത് മലയാളിയെ സംബന്ധിച്ച് ഭീകരമായിരിക്കും..

 ഞമ്മന്റെയാള്‍ക്കായി നിങ്ങള്‍ അപക്വമതികളും അഹങ്കാരികളും സൃഷ്ടിച്ചെടുത്ത അതേ വികാരമാണ് മറ്റു ചിലരിലൂടെ തൃശൂരില്‍ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരത്തും ആറ്റിങ്ങലും ആലപ്പുഴയിലും നാം കണ്ടു ഞെട്ടിയത്... സംഘടിതമായ ശക്തിയിലൂടെ മൂന്ന് ലക്ഷത്തിന്  ഇ.ടി.ബഷീറിനും രണ്ടര ലക്ഷത്തിന് സമദാനിക്കും പാര്‍ലമെന്റില്‍ എത്താമെങ്കില്‍ സുരേഷ് ഗോപിക്കും എന്തുകൊണ്ട് അതായിക്കൂടായെന്ന് ഒരു വലിയ സമൂഹം ചിന്തിച്ചു തുടങ്ങിയതിന്റെ ദുരന്തഫലം കൂടിയാണ് തൃശൂര്‍ നല്‍കുന്നത്..

ലീഗിന് വേണ്ടി ലീഗുകാര്‍ പ്രവര്‍ത്തിക്കുന്നത് ന്യായമാണ്. എന്നാല്‍ ഒരു പക്കാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മതം പറഞ്ഞ് ലീഗ് ഹൈജാക്ക് ചെയ്തത് തെറ്റായ സന്ദേശം ബഹുസ്വര സമൂഹത്തില്‍ ഉയര്‍ന്നുന്നത് സ്വാഭാവികമാണ്. കേരളത്തിലെ ഏറ്റവും സമ്പന്നരായ മുസ്ലീംകള്‍ തിങ്ങി താമസിക്കുന്ന ഒരു പ്രദേശത്ത് സ്ഥാനാര്‍ത്ഥിക്കായി കോടികളുടെ ഫണ്ടിംഗാണ് ഒഴുകിയത്. സ്ഥാനാര്‍ത്ഥിയുടെ രാഷ്ട്രീയത്തിനും പാര്‍ട്ടിക്കുമപ്പുറം മതം മെരിറ്റായി മാറിയത് എത്ര തെറ്റായ സന്ദേശമാണ് ഉയര്‍ത്തി വിട്ടത്.. മഗരിബ് കഴിഞ്ഞാല്‍ വീടിന് പുറത്തിറങ്ങാത്ത ഒരു സമൂഹത്തിലെ പര്‍ദ്ദയിട്ട സ്ത്രീകള്‍ പാതിരാത്രിയിലും സ്ഥാനാര്‍ത്ഥിക്കായി ഉറക്കമൊഴിഞ്ഞ് തെരുവില്‍ കാത്തിരിക്കുന്ന ചിത്രങ്ങള്‍  ഒരു ബഹുസ്വര സമൂഹത്തില്‍ സൃഷ്ടിച്ചെടുത്ത അപകടങ്ങള്‍ ഭയാനകമാണ്.

ഒന്നോര്‍ക്കുക.. ഞമ്മന്റെ വികാരത്തില്‍ നിങ്ങള്‍ ഇറങ്ങിയ ഷാഫി പറമ്പില്‍ ഒരു കാലത്തും നമ്മളോടോ നമ്മുടെ നീറുന്ന പ്രശ്‌നങ്ങളോടോ കണികയെങ്കിലും നീതി പുലര്‍ത്തിയോയെന്ന് ചിന്തിക്കണം.. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഷാഫി ഏതെങ്കിലും കാലത്ത് രാജ്യത്തെ ന്യൂനപക്ഷ വിഷയങ്ങളില്‍ ഏതെങ്കിലും തലത്തിലുള്ള ഇടപെടല്‍ നടത്തിയിട്ടുണ്ടോ? എന്തിന് നീറുന്ന നൂറു നൂറു പ്രശ്‌നങ്ങളില്‍ ഒരു FB പോസ്റ്റു കൊണ്ടെങ്കിലും പ്രതിഷേധിച്ചതോ ഐക്യദാര്‍ഢ്യപ്പെടുന്നതോ നിങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാനാകുമോ? വര്‍ഷങ്ങള്‍ MLAയായിരുന്ന ഷാഫി ഇത്തരം ഏതെങ്കിലും വിഷയത്തില്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ?
എന്നാല്‍ 'ഞമ്മന്റെ ''വികാരത്തില്‍ നിങ്ങള്‍ തകര്‍ത്തെറിഞ്ഞത് നിങ്ങളുടെ തന്നെ സംരക്ഷണ കവചത്തെയാണ്. പട്ടാള ചിട്ടയോടെ പാനൂരിന്റെയും തലശേരിയുടെയും ഗ്രാമഗ്രാമാന്തരങ്ങളില്‍ ആയുധവുമായി കാത്തിരിക്കുന്ന ആര്‍.എസ്.എസ് ഭീകര സംഘങ്ങള്‍ മാളം വിട്ട് പുറത്തിറങ്ങാതിരിക്കുന്നത് എണീറ്റ് നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത ലിഗിനെയോ ജമാഅത്തിനെയോ സുഡാപ്പിയെയോ ഭയന്നിട്ടല്ല..കാരിരുമ്പിന്റെ കരുത്തുള്ള ചെമ്പടയോടുള്ള ഭയം ഒന്ന് മാത്രമാണതിന്റെ കാരണമെന്ന് ഒരു സമൂഹം ചില നേരങ്ങളില്‍ മറന്ന് പോകുന്നത് കഷ്ടമാണ്..

ആശയപരമായ വിയോജിപ്പുണ്ടാകാം..
പലവിധ കാരണങ്ങളാല്‍ ജനപ്രാതിനിധ്യ സഭകളില്‍ സ്വാധീനം കുറഞ്ഞിരിക്കാം.. എന്നാല്‍ അവര്‍ക്കൊരാശയമുണ്ട്. നിലപാടുണ്ട്. പ്രതിബദ്ധതയുണ്ട്. അതിന്റെ ഭാഗമാണ് പോത്തിനെ കശാപ്പ് ചെയ്യരുതെന്ന് RSS കാരന്‍ കല്‍പ്പിച്ചാല്‍ പിറ്റേ ദിവസം നഗര നഗരാന്തരങ്ങളില്‍ ബീഫ് ഫെസ്റ്റ് നടത്തി അവര്‍ RSS നെ ചെറുക്കുന്നത്.

പൗരത്വത്തിന്റെ പേരില്‍ പിറന്ന മണ്ണില്‍ നിന്ന് നിന്നെ ആട്ടിയോടിക്കാനുള്ള ഹീനമായ നീക്കത്തിനെതിരെ അവര്‍ തെരുവിലിറങ്ങുന്നത് ആ നിലപാടിന്റെയും പ്രതിബദ്ധതയുടെയും പേരിലാണ്..
സുപ്രിംകോടതിയെ പോലും വെല്ലുവിളിച്ച് മതത്തിന്റെ നിറം നോക്കി   ഭവനങ്ങള്‍ ഇടിച്ചു നിരതതാന്‍ വരുന്ന ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ അവര്‍ ചീറ്റപ്പുലിയെ പോലെ ചാടി വീഴുന്നത് ആ നിലപാടിന്റെ ഭാഗമായിരുന്നു..
മുത്തലാഖ് ബില്ലും പൗരത്വ ഭേദഗതി ബില്ലും പാര്‍ലമെന്റില്‍ വന്നപ്പോള്‍ ഫ്‌ലൈറ്റ് ഡിലേയ് എന്ന കാരണം അവര്‍ക്ക് പറയാമായിരുന്നു..

ഗോവധ നിയമവും കാശ്മീരും രാമക്ഷേത്രവും മുത്തലാഖും സി.എ.എയും എന്‍.ആര്‍.സിയും ഫലസ്തീനും ഗാസയുമെല്ലാം വന്നപ്പോള്‍ കോണ്‍ഗ്രസിനെ പോലെ രാഹുല്‍ ഗാന്ധിയെ പോലെ നിശബ്ദമായ മൗനം അവര്‍ക്കും പാലിക്കാമായിരുന്നു.. ബുള്‍ഡോസര്‍ രാജിന്റെയും പശുവിന്റെ പേരിലുള്ള തല്ലിക്കൊല്ലലിന്റെയും മുന്നില്‍ അവര്‍ക്കും രാഹുലിനെയും സുധാകരനെയും ഷാഫി പറമ്പിലിനെയും പോലെ നിശബ്ദത അഭിനയിക്കാമായിരുന്നു...
ഇരക്കൊപ്പം ഇരക്ക് വേണ്ടി. പൊരുതിയതാണവര്‍.. അതിനെയാണ് പലരും പ്രീണനമാക്കിയത്.അതിന്റെ പേരിലാണ് അവര്‍ വേട്ടയാടപ്പെട്ടത്. അതിന്റെ പേരില്‍ മാത്രമാണ് വലിയൊരു വോട്ട് ബാങ്ക് അവരില്‍ നിന്ന് അകന്ന് പോയതും പോകുന്നതും.

ലോക ചരിത്രത്തില്‍ പലപ്പോഴും ഇരകള്‍ നന്ദികെട്ടവരായി മാറാറുണ്ട്.ന്യൂനപക്ഷങ്ങളുടെ വിഷയത്തില്‍ ഇടത് പക്ഷവും അനുഭവിക്കുന്നത് അതു തന്നെയാണ്.. തിരിച്ചറിവുണ്ടാകുമ്പോഴേക്കും ഒരു തിരിച്ചു വരവ് അസാധ്യമായിരിക്കുമെന്ന് ' ഞമ്മന്റെ ' ആള്‍ക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നേ പറയാനുള്ളൂ

Tags