പലസ്തീനില്‍ 5 ദിവസത്തിനുള്ളില്‍ ഇസ്രായേല്‍ കൊന്നൊടുക്കിയത് 70 കുട്ടികളെ, ലക്ഷ്യം വംശഹത്യ, ഭൂമിയിലെ നരകമായി ഗാസ, പട്ടിണിക്കും ബോംബിനുമിടയില്‍ ഒരു ജനത

Israel Attacks Gaza
Israel Attacks Gaza

യുദ്ധം ഗാസയിലുടനീളമുള്ള രണ്ട് ദശലക്ഷത്തോളം ആളുകളെ അഭയാര്‍ത്ഥികളാക്കി. ഭൂരിഭാഗം പേരും ഇതിനകം തെക്കന്‍ പ്രദേശത്തേക്ക് പോകാന്‍ നിര്‍ബന്ധിതരായി.

ന്യൂഡല്‍ഹി: ലോകമെങ്ങും പലസ്തീന് അനുകൂലമായ വികാരമുണ്ടാകുമ്പോഴും കൂട്ടക്കൊല തുടര്‍ന്ന് ഇസ്രായേല്‍. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ മാത്രം 70 കുട്ടികളെയാണ് ഇസ്രായേല്‍ സൈന്യം കൊന്നൊടുക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ രണ്ട് വ്യത്യസ്ത കൂട്ടക്കൊലകളില്‍ 28 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 89 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ മുനമ്പിലെ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച രാവിലെ മുതല്‍ ഗാസയിലുടനീളമുള്ള വിവിധ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ പീരങ്കിപ്പടയും വ്യോമസേനയും ആക്രമണം നടത്തുകയാണ്. രൂക്ഷമായ ആക്രമണത്തില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം തേടിയവരേയും ഇസ്രായേല്‍ സൈന്യം വെറുതെവിട്ടില്ല.

ഗാസ സിറ്റിയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് വിറക് ശേഖരിക്കാനെത്തിയ പലസ്തീനികളെ ലക്ഷ്യമിട്ട് നടത്തിയ ഇസ്രായേലി വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നഗരത്തിന്റെ മറ്റൊരു ഭാഗത്ത്, തുടര്‍ച്ചയായ ഇസ്രായേല്‍ ബോംബിംഗുകളും റെയ്ഡുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ച് വടക്കന്‍ ഗാസയില്‍ സ്ഥിതി ചെയ്യുന്ന ബെയ്റ്റ് ഹനൂനില്‍.

കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അഭയം നല്‍കുന്ന ജബാലിയ അല്‍-ബലാദിലെ സൈനബ് അല്‍-വാസിര്‍ സ്‌കൂളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 19 കുട്ടികളാണ് കൊല്ലപ്പെട്ടത്.

ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൂളിന് നേരേയും ബോംബ് വര്‍ഷിച്ചു. ജബലിയയില്‍ പ്രവര്‍ത്തിക്കുന്ന ഏക മെഡിക്കല്‍ സ്ഥാപനമായ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലില്‍ നൂറുകണക്കിന് ആളുകളാണ് അഭയം തേടിയത്.

ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും എത്തുന്ന മാര്‍ഗമെല്ലാം അടച്ചാണ് ഇസ്രായേലിന്റെ ക്രൂരമായ ആക്രമണം. വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്ന പലസ്തീനികള്‍ തീവ്രമായ ഉപരോധം മൂലമുണ്ടായ കടുത്ത ജലക്ഷാമം കാരണം ഭക്ഷണം പാകം ചെയ്യാന്‍ വെള്ളത്തിന് പകരമായി മെഡിക്കല്‍ ലായനികള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2023 ഒക്ടോബര്‍ 7 ന് ആരംഭിച്ച ഇസ്രായേല്‍ ആക്രമണം അഭൂതപൂര്‍വമായ മാനുഷിക പ്രതിസന്ധിയിലേക്കാണ് നയിച്ചത്. ഉപരോധിക്കപ്പെട്ടവരും പട്ടിണി കിടക്കുന്നവരുമായ പലസ്തീന്‍ സിവിലിയന്‍മാരുടെ മരണസംഖ്യ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

ഗാസയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന വംശഹത്യയില്‍ കുറഞ്ഞത് 46,565 പലസ്തീനികള്‍ കൊല്ലപ്പെടുകയും 109,660 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഗസ്സയിലുടനീളമുള്ള വീടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ മരിച്ചതായി അനുമാനിക്കപ്പെടുന്ന 11,000 പേരെയെങ്കിലും ഇപ്പോഴും കണ്ടെത്താനായിട്ടില്ലാത്തതിനാല്‍, എണ്ണം ഇനിയും ഉയര്‍ന്നേക്കും.

ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ കടുത്ത ക്ഷാമം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ഈ യുദ്ധം ഗാസയിലുടനീളമുള്ള രണ്ട് ദശലക്ഷത്തോളം ആളുകളെ അഭയാര്‍ത്ഥികളാക്കി. ഭൂരിഭാഗം പേരും ഇതിനകം തെക്കന്‍ പ്രദേശത്തേക്ക് പോകാന്‍ നിര്‍ബന്ധിതരായി. ഭക്ഷണം, വെള്ളം, വൈദ്യസഹായം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

Tags