ഇരിക്കൂറിലെ ദൃശ്യം മോഡൽ കൊലപാതകത്തിന്റെ ചുരുളഴിയുന്നു; കൊല്ലപ്പെട്ട അഷീക്കൂലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
കണ്ണൂർ: ഇരിക്കൂറിൽ കാണാതായ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനകത്ത് കുഴിച്ചിട്ട സംഭവത്തിന്റെ ചുരുളഴിയുന്നു. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി അഷിക്കൂൽ ഇസ്ലാമിനെയായിരുന്നു സഹപ്രവർത്തകൻ മുർഷിദാബാദ് സ്വദേശി പരേഷ്‌നാഥ് മണ്ഡൽ കൊന്ന് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ കുഴിച്ചിട്ടത്. സംഭവം നടന്ന് രണ്ടു മാസത്തിന് ശേഷമായിരുന്നു ഇരിക്കൂർ പോലീസ് പ്രതിയെ പിടികൂടി മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.
ദൃശ്യം സിനിമയെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലായിരുന്നു കൊലപാതകം. പണി നടക്കുന്ന ശൗചാലയത്തില്‍ ചാക്കില്‍ കെട്ടി കുഴിച്ചിട്ട് മുകളിലൂടെ കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു അഷിക്കൂൽ ഇസ്ലാമിന്‍റെ മൃതദേഹം. പരേഷ്‌നാഥിന്റെ ഭാര്യയുടെ സഹോദരൻ ഗണേഷ് മണ്ഡലും കൊലപാതകത്തിൽ പങ്കാളിയായിരുന്നു.
പണി നടക്കുന്ന ബിൽഡിങ്ങിലെ ഒന്നാം നിലയിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. പരേഷ്‌നാഥ് ചുറ്റിക കൊണ്ട് അഷിക്കൂൽ ഇസ്ലാമിൻ്റെ തലക്കടിച്ചപ്പോൾ ഗണേഷ് മണ്ഡൽ (53) വായ മൂടിക്കെട്ടി സഹായിച്ചു.
മരണം ഉറപ്പിച്ച് മൃതദേഹം ഇരുവരും ചേർന്ന് ചാക്കിൽ കെട്ടി താഴത്തെ നിലയിലെ ശുചിമുറിയിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്യുകയായിരുന്നു. കുഴിച്ചിടാനുള്ള ആശയം ഗണേഷിന്‍റെയാണ് എന്നാണ് പരേഷ് നാഥ് പറയുന്നത്. അതേസമയം ‘ദൃശ്യം’ മലയാളം പതിപ്പോ, ഹിന്ദി പതിപ്പോ കണ്ടിട്ടില്ലെന്നും ഇയാൾ പറയുന്നത്. സംഭവശേഷം അഷിക്കൂലിന്റെ മൊബൈലും 7000 രൂപയും മോഷ്ടിച്ച് രണ്ടുപേരും മുംബൈയിലേക്ക് കടക്കുകയായിരുന്നു.
അഷീഖിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ഇരിക്കൂർ പോലീസിൽ നൽകിയ പരാതിയിൽ പരീക്ഷ് നാഥ് മണ്ഡലിനെയും ഗണേഷ് മണ്ഡലിനെയും സംശയമുള്ളതായി സൂചിപ്പിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ വിവരങ്ങൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ മാസങ്ങൾക്കുശേഷം കണ്ണൂർ റൂറൽ ജില്ലാ മേധാവി നവനീത് ശർമയുടേയും ഇരിട്ടി ഡി.വൈ.എസ്.പി പ്രിൻസ് എബ്രഹാമിന്റെയും നിർദ്ദേശപ്രകാരം സൈബർ സെല്ലിന്റെ സഹായത്തോടുകൂടി അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.
തുടർന്ന് പ്രതികളുടെ മൊബൈൽ ടവർ ലൊക്കേറ്റ് ചെയ്ത് ഇരിക്കൂർ എസ്.ഐ എൻ.വി ഷീജു, എ.എസ്.ഐ റോയി ജോൺ, സി.പി.ഒമാരായ കെ.ഷംഷാദ്, ശ്രീലേഷും എന്നിവർ മുംബൈയിൽ എത്തുകയും മുംബൈ – ഗുജറാത്ത് ബോർഡറിന് 100 കിലോമീറ്റർ അകലെയുള്ള പാൽഗർ ജില്ലയിൽ ജോലിസ്ഥലത്ത് വച്ച് പരേഷ് നാഥ് മണ്ഡലിനെ പിടികൂടുകയുമായിരുന്നു. വിമാനമാർഗം കണ്ണൂരിൽ എത്തിച്ച പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രണ്ടാമത്തെ പ്രതി ഗണേഷ് മണ്ഡൽ നാട്ടിലേക്ക് കടന്നതായാണ് പരേഷ് നാഥ് പോലീസിനു മൊഴി നൽകിയത്.
പരീഷ്നാഥിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ എസ്.പി നവനീത് ശർമ്മ, ഇരിട്ടി ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം, ഇരിക്കൂർ എസ്.ഐ എൻ.വി ഷീജു, തളിപ്പറമ്പ് തഹസിൽദാർ, ഇരിക്കൂർ വില്ലേജ് ഓഫീസർ, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ്, ഡോഗ് സ്‌ക്വാഡ്, കണ്ണൂർ ഫോറൻസിക് ഓഫീസർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം രാവിലെ ഇരിക്കൂർ അൻസാർ മസ്ജിദിന് മുൻവശത്ത് കെ.വി മുനീറിന്റെ ഉടമസ്ഥതയിലുള്ള ബിൽഡിംഗിൽ നിന്ന് പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം നാട്ടിലേക്കയച്ചു.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിക്കുന്നതിനുള്ള ചിലവിലേക്കായി നാട്ടുകാർ ഒരു ലക്ഷം രൂപ പിരിച്ചെടുത്ത് നൽകിയിരുന്നു. ഇരിക്കൂറിലെ അതിഥി തൊഴിലാളികളും സംഭാവന നൽകി.
The post ഇരിക്കൂറിലെ ദൃശ്യം മോഡൽ കൊലപാതകത്തിന്റെ ചുരുളഴിയുന്നു; കൊല്ലപ്പെട്ട അഷീക്കൂലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി first appeared on Keralaonlinenews.