തടി കുറയ്ക്കാന്‍ പറഞ്ഞിട്ടും അനുസരിച്ചില്ല, ടീമിലെത്തിയാല്‍ തന്നിഷ്ടം, ഐപിഎല്‍ ലേലത്തില്‍ ഒരു ടീമും തിരിഞ്ഞുനോക്കാതെ പൃഥ്വി ഷാ

prithvi shaw
prithvi shaw

ദേശീയ ടീമിലും മുംബൈ ടീമിലും നേരത്തെതന്നെ തഴയപ്പെട്ട പൃഥ്വിക്ക് പ്രതീക്ഷയുണ്ടായിരുന്നത് ഐപിഎല്‍ ആയിരുന്നു. എന്നാല്‍, ഒഴിവാക്കപ്പെട്ടതോടെ ഇനി തിരിച്ചെത്തുക എളുപ്പമാകില്ല.

ന്യൂഡല്‍ഹി: ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ ഇക്കുറി ടീമുകളൊന്നും പരിഗണിക്കാതിരുന്ന താരമാണ് പൃഥ്വി ഷാ. ഒരിക്കല്‍ ലേലത്തിലെ സെന്‍സേഷന്‍ ആയിരുന്ന പൃഥ്വി ഷായ്ക്ക് അച്ചടക്കമില്ലാത്ത ജീവിതമാണ് ക്രിക്കറ്റ് കരിയറിന് തിരിച്ചടിയാകുന്നത്. ദേശീയ ടീമിലും മുംബൈ ടീമിലും നേരത്തെതന്നെ തഴയപ്പെട്ട പൃഥ്വിക്ക് പ്രതീക്ഷയുണ്ടായിരുന്നത് ഐപിഎല്‍ ആയിരുന്നു. എന്നാല്‍, ഒഴിവാക്കപ്പെട്ടതോടെ ഇനി തിരിച്ചെത്തുക എളുപ്പമാകില്ല.

2024 രഞ്ജി ട്രോഫിയുടെ ആദ്യ രണ്ട് റൗണ്ടുകളില്‍ മോശം പ്രകടനം നടത്തിയതോടെയാണ് മുംബൈ ടീമില്‍ നിന്ന് ഷായെ പുറത്താക്കിയത്. മോശം ഫോമിന് പുറമെ, പരിശീലന സെഷനുകളില്‍ പങ്കെടുക്കാതിരുന്ന അച്ചടക്ക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ താരത്തിന് തിരിച്ചടിയായി. അമിതഭാരം കുറയ്ക്കാനും അച്ചടക്കമുള്ള കളിക്കാരനാകാനും നിര്‍ദ്ദേശിച്ചിട്ടും ഷാ അതിന് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.

ലേലത്തില്‍ 75 ലക്ഷത്തിന്റെ അടിസ്ഥാന വിലയുമായി ഷാ എത്തിയിട്ടും, എല്ലാ ഫ്രാഞ്ചൈസികളും താരത്തെ അവഗണിച്ചു. 2018 മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഉണ്ടായിരുന്ന ഷാ, വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ശ്രദ്ധനേടിയിരുന്നു.

ഷായ്ക്ക് സമീപകാലത്ത് ഒട്ടേറെ ഓഫ്-ഫീല്‍ഡ് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു. ഡോപ്പിംഗ് വിവാദങ്ങളില്‍ നിന്ന് മുക്തനായി വരുന്നതിനിടെയാണ് ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നത്. അച്ചടക്കമില്ലാത്ത കരിയര്‍ താരത്തിന്റെ പ്രതിബദ്ധതയും പ്രൊഫഷണലിസവും ചോദ്യം ചെയ്യുന്നതാണ്.

ഡല്‍ഹി ടീം പരിശീലകനായിരുന്ന റിക്കി പോണ്ടിങ് ഷായുടെ അച്ചടക്കമില്ലായ്മയെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഫോമിലല്ലാത്തപ്പോള്‍ പരിശീലനം നടത്താതിരിക്കുകയും ഫോമില്‍ കളിക്കുമ്പോള്‍ പരിശീലിക്കുകയും ചെയ്യുന്ന വിചിത്ര രീതിയായിരുന്നു താരത്തിന്. പോണ്ടിങ്ങിന്റെ വെളിപ്പെടുത്തല്‍ ഷായെ തഴയാന്‍ മറ്റു ടീമുകളെ പ്രേരിപ്പിച്ചിരിക്കാം. ഏതെങ്കിലും കളിക്കാരന് പരിക്കേല്‍ക്കുകയോ മറ്റോ ചെയ്താല്‍ മാത്രമേ ഇനി ഐപിഎല്ലിലെത്താന്‍ ഷായ്ക്ക് സാധിക്കുകയുള്ളൂ.

Tags