ക്രിക്കറ്റ് താരമല്ല, പക്ഷെ, 35-ാം വയസില്‍ ജയ് ഷാ ലോക ക്രിക്കറ്റിന്റെ തലപ്പത്ത്, ദിവസം ഒരു ലക്ഷത്തോളം രൂപ, ആസ്തി 100 കോടിയിലേറെ, ബിസിനസില്‍ അത്ഭുതപ്പെടുത്തുന്ന വളര്‍ച്ച
ന്യൂഡല്‍ഹി: ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ജയ് ഷാ ഐസിസിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞദിവസമാണ്. ദീര്‍ഘകാലമായി ബിസിസിഐ സെക്രട്ടറിയായിരുന്ന ജയ് ഷാ എതിരില്ലാതെയാണ് ഐസിസി ചെയര്‍മാനായത്. കേവലം 35-ാം വയസില്‍ ലോക ക്രിക്കറ്റിനെ നയിക്കാനെത്തുമ്പോള്‍ ജയ് ഷായുടെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണെന്നുകാണാം.
അമിത് ഷായുടെയും സോണാല്‍ ഷായുടെയും മകനായി 1988ല്‍ ഗുജറാത്തിലാണ് ജയ് ഷായുടെ ജനനം. ഗുജറാത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അഹമ്മദാബാദിലെ നിര്‍മ്മ യൂണിവേഴ്‌സിറ്റിയില്‍ ഉന്നത വിദ്യാഭ്യാസം നേടി. അക്കാദമിക് വിദ്യാഭ്യാസത്തിന് പിന്നാലെ ക്രിക്കറ്റ് സംഘടനാ രംഗത്തേക്കിറങ്ങിയ അപൂര്‍വ വ്യക്തികൂടിയാണ് ജയ് ഷാ.
2009-ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ (ജിസിഎ) എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമായാണ് ക്രിക്കറ്റ് സംഘടനാ കരിയറിലേക്ക് കടക്കുന്നത്. 2013-ഓടെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ (ജിസിഎ) ജോയിന്റ് സെക്രട്ടറിയായ ജയ് ഷാ അഹമ്മദാബാദിലെ പ്രശസ്തമായ നരേന്ദ്ര മോദി സ്റ്റേഡിയം നിര്‍മാണത്തില്‍ പ്രധാന പങ്കുവഹിച്ചു. 2015-ല്‍ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) യുടെ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് കമ്മിറ്റികളില്‍ ചേര്‍ന്നു.
2019 ഒക്ടോബറില്‍, ജയ് ഷാ ബിസിസിഐയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് ഭാരവാഹികളില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ജയ് ഷാ. 2022 ഒക്ടോബറില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വം കൂടുതല്‍ ദൃഢമായി. 2022-ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മീഡിയ അവകാശം റെക്കോര്‍ഡ് തുകയ്ക്ക് നടന്നതോടെ ജയ് ഷാ കൂടുതല്‍ ശ്രദ്ധേയനായി. ലീഗിന്റെ അഞ്ച് വര്‍ഷത്തെ സംപ്രേക്ഷണ അവകാശം മൊത്തം 48,390 കോടി രൂപയ്ക്കാണ് വിറ്റത്. ഈ കരാര്‍ ഐപിഎല്ലിനെ ഒരു മാച്ച് മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ സ്പോര്‍ട്സ് ലീഗാക്കി.
2021 ജനുവരിയില്‍, ജയ് ഷായെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) പ്രസിഡന്റായി നിയമിച്ചു. ഇതോടെ ജയ് ഷായുടെ സ്വാധീനവും പ്രശസ്തിയും അന്താരാഷ്ട്ര തലത്തിലും വ്യാപിച്ചു. 2024 ജനുവരിയില്‍ എസിസി പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവുമൊടുവില്‍, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതോടെ സംഘടനാ രംഗത്തെ തന്റെ വ്യക്തിപ്രഭാവത്തിന് അടിവരയിടുകയാണ് ജയ് ഷാ.
ഏകദേശം 124 കോടി രൂപയാണ് ജയ് ഷായുടെ ആസ്തി. ക്രിക്കറ്റ് ഭരണത്തിലെയും വിവിധ ബിസിനസ്സ് സംരംഭങ്ങളിലെയും റോളുകളില്‍ നിന്നാണ് ഇത്രയും സമ്പത്ത് സ്വന്തമാക്കിയത്. ബിസിസിഐ സെക്രട്ടറി എന്ന നിലയില്‍, യാത്രാ, താമസ അലവന്‍സുകള്‍ കൂടാതെ അന്താരാഷ്ട്ര മീറ്റിംഗുകള്‍ക്കായി പ്രതിദിനം 84,000 രൂപയാണ് ജയ് ഷായ്ക്ക് ലഭിക്കുന്നത്. ഐസിസിയില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന രീതിയിലായിരിക്കും വേതനം.
ബിസിസിഐയില്‍ ഇടപെടുന്നതിന് മുമ്പ്, ജയ് ഷാ ടെമ്പിള്‍ എന്റര്‍പ്രൈസസിന്റെ ഡയറക്ടറായിരുന്നു. കൂടാതെ കുസും ഫിന്‍സെര്‍വില്‍ 60% ഓഹരിയും ജയ് ഷായുടേതാണ്. ഈ കമ്പനി അതിശയിപ്പിക്കുന്ന രീതയില്‍ വളര്‍ച്ചനേടി എന്നത് ഏറെ വിവാദമായിരുന്നു. ബിസിനസ്സ് സംരംഭങ്ങള്‍ സാമ്പത്തിക വിജയത്തിന് കാര്യമായ സംഭാവന നല്‍കിയിട്ടുണ്ട്. ക്രിക്കറ്റും ബിസിനസ്സും തമ്മില്‍ കോര്‍ത്തിണക്കുന്നതില്‍ ജയ് ഷാ തന്ത്രശാലിയായാണ് കണക്കാപ്പെടുന്നത്. അതുകൊണ്ടുതന്നെ ഐസിസി തലവനായി എത്തുമ്പോള്‍ സംഘടനയുടെ വരുമാനവും ആസ്തിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ.