യൂട്യൂബിലൂടെ എങ്ങനെ പണമുണ്ടാക്കാം?

യൂട്യൂബിലൂടെ എങ്ങനെ പണമുണ്ടാക്കാം?

ലോക്ക്ഡൗണ്‍ കാലത്ത് എങ്ങനെ പണമുണ്ടാക്കാമെന്ന് ചിന്തിക്കുന്നവരാണോ നിങ്ങള്‍? ഒരിത്തിരി സര്‍ഗ്ഗവാസനയും പരിശ്രമിക്കാനുള്ള മനസുമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും യൂട്യൂബ് വഴി പണം നേടാം.

യൂട്യൂബില്‍ നിന്നും പണം ലഭിക്കുന്നതെങ്ങനെ?
യൂട്യൂബിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം പരസ്യങ്ങളാണ്. വീഡിയോകള്‍ക്ക് ഇടയില്‍ സ്‌ക്രീന്‍ മുഴുവനായും, അല്ലെങ്കില്‍ ചെറിയ ബാനര്‍ ആയുമെല്ലാം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇനി ഇതില്‍ നിന്നും നിങ്ങള്‍ക്ക് എങ്ങനെ വരുമാനം നേടാമെന്ന് പറഞ്ഞു തരാം. യൂട്യൂബ് നിലനില്‍ക്കുന്നത് അതിലെ വീഡിയോസ് ലോകമെമ്പാടുമുള്ള ആളുകള്‍ കാണുന്നത് കൊണ്ടാണ്. അതിനാല്‍ത്തന്നെ എപ്പോഴും പുതിയതും ക്വാളിറ്റിയുള്ളതുമായ വീഡിയോസ് യൂട്യൂബിന് എപ്പോഴും ആവശ്യമാണ്. അത്തരത്തില്‍ നല്ലൊരു വീഡിയോ നിങ്ങള്‍ ഉണ്ടാക്കി യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയാണെങ്കില്‍, അവ ധാരാളം പേര്‍ കാണുകയാണെങ്കില്‍ യൂട്യൂബ് നിങ്ങളുടെ വീഡിയോകള്‍ക്കൊപ്പവും പരസ്യങ്ങല്‍ നല്‍കാന്‍ തുടങ്ങും. ഇതിന് പറയുന്ന പേരാണ് Monetization. ഈ പരസ്യങ്ങളിലൂടെ യൂട്യൂബിന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് യൂട്യൂബ് അധികൃതര്‍ നിങ്ങള്‍ക്കും തരും. ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് നല്‍കിയാല്‍ പണം ഓരോ മാസവും കൃത്യമായി അക്കൗണ്ടിലെത്തും.

വീഡിയോ ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
Original Video അഥവാ നിങ്ങള്‍ സ്വയം നിര്‍മ്മിക്കുന്ന വീഡിയോകള്‍ക്കാണ് യൂട്യൂബ് പ്രഥമപരിഗണന നല്‍കുന്നത്. അതായത് മറ്റുള്ളവര്‍ നിര്‍മ്മിച്ച് ഹിറ്റായ ഒരു വീഡിയോ നിങ്ങള്‍ നിങ്ങളുടെ പേരില്‍ അപ്ലോഡ് ചെയ്യുകയാണെങ്കില്‍ യൂട്യൂബ് അത് റിമൂവ് ചെയ്യാനുള്ള സാധ്യത ഏറെയാണ്. ഒപ്പം മറ്റുള്ളവര്‍ക്ക് കോപ്പിറൈറ്റുള്ള മ്യൂസിക് ഉപയോഗിക്കുന്നതും content റിമൂവ് ചെയ്യാനുള്ള കാരണമാണ്. അഥവാ റിമൂവ് ചെയ്തില്ലെങ്കില്‍ പോലും വീഡിയോ restricted ആയാല്‍ നിങ്ങള്‍ക്ക് പരസ്യം ലഭിച്ചെന്ന് വരില്ല. അതിനാല്‍ സ്വയം നിര്‍മ്മിച്ച വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ ശ്രമിക്കുക. വീഡിയോയ്ക്ക് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആവശ്യമാണെങ്കില്‍ Copyright free background music എന്ന് ടൈപ്പ് ചെയ്താല്‍ ഇന്റര്‍നെറ്റില്‍ നിന്നും മ്യൂസിക് ലഭിക്കുന്നതാണ്. ഫ്രീയായും പണം നല്‍കിയും അവ ഉപയോഗിക്കാം.

യൂട്യൂബ് അക്കൗണ്ട് ഉണ്ടാക്കുന്നതെങ്ങനെ?
യൂട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്യണമെങ്കില്‍ നിങ്ങള്‍ ഒരു യൂട്യൂബ് അക്കൗണ്ട് ഉണ്ടാക്കണം. ഇമെയില്‍ ഐഡി ഉപയോഗിച്ച് സൗജന്യമായി യൂട്യൂബ് അക്കൗണ്ട് ഉണ്ടാക്കാം. ശേഷം യൂട്യൂബ് ചാനല്‍ സെറ്റപ്പ് ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോള്‍ ആകര്‍ഷകമായ ഒരു പേര് ചാനലിന് നല്‍കാന്‍ മറക്കരുത്. ശേഷം യൂട്യൂബ് സ്റ്റുഡിയോ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് അതിലെ നിര്‍ദ്ദേശമനുസരിച്ച് വീഡിയോസ് അപ്ലോഡ് ചെയ്യാം.

പരസ്യവും വരുമാനവും ലഭിക്കുന്നതെപ്പോള്‍?
നേരത്തെ പറഞ്ഞതുപോലെ നിങ്ങളുടെ വീഡിയോ ധാരാളമാളുകള്‍ കണ്ടാല്‍ മാത്രമാണ് പരസ്യം ലഭിക്കുകയും, അതിലൂടെ വരുമാനം ലഭിക്കുകയും ചെയ്യുക. അതിന് ചില മാനദണ്ഡങ്ങളുണ്ട്. നിങ്ങളുടെ ചാനലിന് 1000 സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടാകുക, നിങ്ങളുടെ ആകെ വീഡിയോകള്‍ 4000 മണിക്കൂറെങ്കിലും ആളുകള്‍ കാണുക എന്നിവയാണ് പ്രധാനം. ഈ criteria എത്തിക്കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ലിങ്ക് വഴി monetization അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ലഭിച്ചാല്‍ യൂട്യൂബ് അധികൃതര്‍ നിങ്ങളുടെ ചാനല്‍ പരിശോധിക്കുകയും. കോപ്പിറൈറ്റ് പ്രശ്‌നമുള്ള വീഡിയോസ് ഒന്നും നിങ്ങള്‍ അപ്ലോഡ് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. അതിനുശേഷം പരസ്യം ലഭിക്കുകയും വരുമാനം കിട്ടിത്തുടങ്ങുകയും ചെയ്യും. കാണുന്ന ആളുകളുടെ എണ്ണം, രാജ്യം, സമയം, പരസ്യത്തിന്റെ സ്വഭാവം എന്നിവയെല്ലാമനുസരിച്ച് വരുമാനത്തില്‍ വ്യതിയാനം വരും.

ഒരു വീഡിയോ അപ്ലോഡ് ചെയ്തയുടനെ പരസ്യമോ വരുമാനമോ വരുമെന്ന് കരുതരുത്. സ്ഥിരമായി ആഴ്ചയില്‍ ഒന്നോ രണ്ടോ വീഡിയോ വീതം അപ്ലോഡ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്. മാത്രമല്ല ഈ വീഡിയോസ് ക്വാളിറ്റിയുള്ളതാണെന്ന് ഉറപ്പുവരുത്തുകയും വേണം. ഒരേ വിഷയത്തിലുള്ള വീഡിയോസ് തന്നെ അപ്ലോഡ് ചെയ്യുന്നത് ആ വിഷയ്തില്‍ താല്‍പര്യമുള്ള ആളുകളെ സബ്‌സ്‌ക്രൈബേഴ്‌സ് ആയി ലഭിക്കാന്‍ സഹായിക്കും. ഉദാഹരണം സിനിമ, സ്‌പോര്‍ട്‌സ്, സ്മാര്‍ട്ട്‌ഫോണ്‍, വാഹനങ്ങള്‍ എന്നിങ്ങനെ. നല്ല വീഡിയോസ് ചെയ്താല്‍ കൃത്യമായ വരുമാന സ്രോതസ്സായി യൂട്യൂബിനെ മാറ്റാന്‍ നിങ്ങള്‍ക്ക് കഴിയും.

The post യൂട്യൂബിലൂടെ എങ്ങനെ പണമുണ്ടാക്കാം? first appeared on Keralaonlinenews.