ലോക്ക് ചെയ്ത് വെച്ചിട്ടും കാര്യമില്ല, മറ്റൊരാളുടെ വാട്‌സ്ആപ്പ് മെസേജുകള്‍ ചോര്‍ത്താന്‍ പല വഴികളുണ്ട്
ഇന്ന് ലോകത്ത്, ആളുകള്‍ തമ്മില്‍ പരസ്പര ആശയവിനിമയത്തിനുള്ള ഏറ്റവും ജനപ്രിയമായ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ആയി വാട്ട്സ്ആപ്പ് മാറിയിരിക്കുന്നു. ലോകത്തെല്ലായിടത്തും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു. ആപ്പുകളുടെ ജനപ്രിയത കുടുമ്പോള്‍ തന്നെ ഇത് ഹാക്ക് ചെയ്ത് വിവരങ്ങള്‍ തട്ടിയെടുക്കാനുള്ള പ്രവണതയും കൂടുതലാണ്. പ്രത്യേകിച്ചും മറ്റുള്ളവരുടെ സ്വകാര്യത അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നുഴഞ്ഞുകയറി വായിക്കാന്‍ പല വഴികളുമുണ്ട്.
നിങ്ങളുടെ ഫോണില്‍ ആരുടെയെങ്കിലും വാട്ട്സ്ആപ്പ് ചാറ്റ് വായിക്കുന്നതിനുള്ള ഏറ്റവും മികച്ച ഒരു വഴി സ്മാര്‍ട്ട് വാട്ട്സ്ആപ്പ് മോണിറ്ററിംഗ് ടൂള്‍ ആണ്. വാട്‌സ്ആപ്പ് നിരീക്ഷണ ആപ്പ് ഉപയോഗിച്ച്, മറ്റൊരാള്‍ക്ക് അവരുടെ ഉപകരണത്തില്‍ നിന്ന് നിങ്ങളുടെ വാട്ട്സ്ആപ്പ് സന്ദേശവും ഹാക്ക് ചെയ്യാന്‍ സാധിക്കും.
സാധാരണ രീതിയില്‍ കുട്ടികളുടെ മൊബൈലിലെ വാട്‌സ്ആപ്പ് സന്ദേശങ്ങളും മറ്റും വായിക്കാന്‍ രക്ഷിതാക്കള്‍ ചില വഴികള്‍ പ്രയോഗിക്കാറുണ്ട്. ഇതിലൊന്ന് വാട്‌സ്ആപ്പ് ഡെസ്‌ക്ടോപ്പുമായി ലിങ്ക് ചെയ്യുകയെന്നതാണ്. വെബ് വാട്‌സ്ആപ്പും മൊബൈല്‍ വാട്‌സ്ആപ്പും ലിങ്ക് ചെയ്താല്‍ മൊബൈലില്‍ വരുന്നതെല്ലാം ലാപ്‌ടോപ്പിലെ വാട്‌സ്ആപ്പിലും വായിക്കാം.
വാട്‌സ്ആപ്പ് കിഡ്‌സ്ഗാര്‍ഡ് വഴിയും മറ്റൊരാളുടെ മൊബൈലിലെ സന്ദേശം വായിക്കാന്‍ സാധിക്കും. കുട്ടികളുടെ മൊബൈല്‍ഫോണ്‍ നിരീക്ഷിക്കുന്നതിനായാണ് ഈ ആപ്പ് പുറത്തിറക്കിയത്. ഇത് പൂര്‍ണ്ണമായും മറഞ്ഞിരിക്കുന്ന വാട്ട്സ്ആപ്പ് മോണിറ്ററിംഗ് ടൂളാണ്. ഗൂഗിള്‍ പ്ലേയില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ വാട്ട്സ്ആപ്പ് ആപ്പിനായി കിഡ്സ് ഗാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനും മറ്റൊരാളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടില്‍ നിന്നുള്ള എല്ലാ സന്ദേശങ്ങളും വായിക്കാനും നിങ്ങളുടെ ഫോണിലൂടെ സാധിക്കും.
കിഡ്സ് ഗാര്‍ഡ് പ്രോ എന്ന മറ്റൊരു ആപ്പും ഇതേ ആവശ്യത്തിനായി ഉപയോഗിക്കുന്നുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഉപയോഗിക്കാനും കഴിയുന്ന സമഗ്രമായ ആപ്പാണിത്. ഇതിന് വാട്‌സ്ആപ്പ് ഡാറ്റ മാത്രമല്ല, ഫേസ്ബുക്ക്, ജിയോലൊക്കേഷന്‍, ഇന്‍സ്റ്റാഗ്രാം ചാറ്റുകള്‍ തുടങ്ങിയ മറ്റ് മൊബൈല്‍ ഫോണ്‍ ഉള്ളടക്കങ്ങളും നിരീക്ഷിക്കാന്‍ കഴിയും. നിരീക്ഷിക്കപ്പെടുന്ന വ്യക്തിയുടെ ഇന്‍പുട്ട് റെക്കോര്‍ഡ് ചെയ്യാനും ഇതിന് സാധിക്കും.
ലിങ്ക് എ ഡിവൈസ് വഴി ആന്‍ഡ്രോയിഡില്‍ മറ്റുള്ളവരുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കുന്നതാണ് മറ്റൊരു രീതി. ഇതും രക്ഷിതാക്കള്‍ക്കായുളളതാണ്. കുട്ടികളുടെ മൊബൈല്‍ഫോണ്‍ ഈ രീതിയില്‍ നിരീക്ഷിക്കാം. കുട്ടികളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് നിങ്ങളുടെ ഉപകരണവുമായി ലിങ്ക് ചെയ്യാന്‍ ഈ ആപ്പ് ഉപയോഗിക്കുന്നു.
വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പെടെ ഒരു ആന്‍ഡ്രോയിഡ് ഫോണിലെ എല്ലാ ഡാറ്റയും ബാക്കപ്പ് ചെയ്യുന്ന സ്ഥലമാണ് ഗൂഗിള്‍ ഡ്രൈവ്. ഇതുവഴിയും സന്ദേശം ചോര്‍ത്താന്‍ സാധിക്കും. മറ്റുള്ളവരുടെ വാട്ട്സ്ആപ്പ് ഹാക്ക് ചെയ്യാനും സന്ദേശങ്ങള്‍ കാണാതെ തന്നെ ആന്‍ഡ്രോയിഡില്‍ വായിക്കാനും ഇത് പ്രയോജനപ്പെടുത്തുന്നവരുണ്ട്.
ഇതിനായി ടാര്‍ഗെറ്റ് സെല്‍ ഫോണിലേക്കും അതിലെ സിം കാര്‍ഡിലേക്കും നിങ്ങള്‍ക്ക് ആക്സസ് ഉണ്ടായിരിക്കണം. കൂടാതെ, ഫോണിന്റെയും സിമ്മിന്റെയും അണ്‍ലോക്ക് പാസ്വേഡ് നിങ്ങള്‍ അറിഞ്ഞിരിക്കണം. വളരെ അടുപ്പമുള്ളവരുടേയും മറ്റും വാട്‌സ്ആപ്പ് ചാറ്റുകള്‍ രഹസ്യമായി നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്നതാണിത്. വാട്‌സ്ആപ്പ് ചാറ്റുകള്‍ ഹാക്ക് ചെയ്യാന്‍ പല വ്യാജ ആപ്പുകളും ഉപയോഗിക്കുന്നവരുണ്ട്.
വാട്‌സ്ആപ്പുകള്‍ ഹാക്ക് ചെയ്യുന്നതും സന്ദേശങ്ങള്‍ ചോര്‍ത്തുന്നതും കുറ്റകരമാണ്. കുട്ടികളെ നിരീക്ഷിക്കാനും മറ്റും രക്ഷിതാക്കള്‍ ഉപയോഗിക്കുന്ന വഴികളാണിത്. എന്നാല്‍, കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ വാട്‌സ്ആപ്പുകള്‍ ഹാക്ക് ചെയ്യുന്നുണ്ട് എന്നതിനാല്‍ അനാവശ്യ ലിങ്കുകളിലും മറ്റും ക്ലിക്ക് ചെയ്ത് വഞ്ചിതരാകാതിരിക്കുക.