തൃശൂരില്‍ കോണ്‍ഗ്രസിന്റെ 90,000ത്തില്‍ അധികം വോട്ടുകള്‍ ബിജെപിയിലേക്ക് മറിഞ്ഞു, പ്രതാപന്‍ പണികൊടുത്തോ? പത്മജ പറഞ്ഞത് യാഥാര്‍ത്ഥ്യമായി

Thrissur

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി സുരേഷ് ഗോപിയിലൂടെ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നിരിക്കുകയാണ്. 74,000ത്തില്‍ അധികം വോട്ടുകള്‍ക്കാണ് സുരേഷ് ഗോപിയുടെ അത്ഭുത വിജയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷത്തിലധികം വോട്ടുകള്‍ വര്‍ധിപ്പിച്ച സുരേഷ് ഗോപി ഇക്കുറി വമ്പന്‍ കുതിപ്പാണ് നടത്തിയത്.

അന്തിമ തെരഞ്ഞെടുപ്പ് വിശകലനത്തിലേക്ക് വരവെ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ 90,000ത്തില്‍ അധികം വോട്ടുകള്‍ ഇക്കുറി ബിജെപിയിലേക്ക് പോയതായി കാണാം. വിഎസ് സുനില്‍ കുമാറിലൂടെ ഇടതുപക്ഷം കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ ഉയര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് വോട്ടുകളെല്ലാം പെട്ടിയിലാക്കി സുരേഷ് ഗോപി വിജയം നേടി.

പ്രതാപന്‍ 2019ല്‍ 4,15,089 വോട്ടുകളാണ് നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ രാജാജി മാത്യു തോമസ് 3,21,456 വോട്ടും സുരേഷ് ഗോപി 2,93,822 വോട്ടുകളും നേടി. ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ 3,28,124 വോട്ടുകളാണ് നേടിയത്. സുരേഷ് ഗോപി 4,12,338 വോട്ടും സുനില്‍ കുമാര്‍ 3,37,652 വോട്ടും നേടി. സുരേഷ് ഗോപി 1,18,516 വോട്ടുകളാണ് ഇക്കുറി അധികമായി നേടിയതെന്നുകാണാം. അതായത് കോണ്‍ഗ്രസിന് നഷ്ടമായ വോട്ടുകളെല്ലാം സുരേഷ് ഗോപിക്ക് ലഭിച്ചു.

ഇക്കുറി കോണ്‍ഗ്രസ് എല്ലാ മണ്ഡലങ്ങളിലും സിറ്റിങ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ തൃശൂരില്‍ മാത്രം പ്രതാപനെ മാറ്റി മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കി. ഈ നീക്കം പാളിയെന്നുവേണം കരുതാന്‍. പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതാണ് മുരളിയെ ഇവിടെ എത്തിക്കാന്‍ കാരണമായതെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. എന്നാല്‍, പ്രതാപന്‍ മുരളിയെ ചതിക്കുമെന്ന പത്മജയുടെ മുന്നറിയിപ്പ് യാഥാര്‍ത്ഥ്യമായെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

Tags