പിതാവ് ക്രിസ്തുമത പരിവര്‍ത്തനത്തിനും പ്രചരണത്തിനും നേതൃത്വം നല്‍കുന്നു, ഇന്ത്യന്‍ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസിനെ പുറത്താക്കി

jemimah rodrigues
jemimah rodrigues

മുംബൈയിലെ ഏറ്റവും പഴയ ക്ലബ്ബുകളിലൊന്നാണ് ഖാര്‍ ജിംഖാന. ഇവിടുത്തെ അംഗത്വം ലഭിക്കുന്നത് വലിയ ബഹുമതികളിലൊന്നായാണ് കണക്കാക്കിയിരുന്നത്

മുംബൈ: മാനുവല്‍ മെര്‍ഗുല്‍ഹാവോയുടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് പിതാവ് സഹായിക്കുന്നു എന്നാരോപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസിന്റെ ഖാര്‍ ജിംഖാന ക്ലബ്ബിലെ അംഗത്വം റദ്ദാക്കി. സുവിശേഷ പ്രവര്‍ത്തനങ്ങളും രോഗശാന്തി പ്രാര്‍ത്ഥനയും നടത്തുന്ന ഗ്രൂപ്പിനുവേണ്ടി ഖാര്‍ ജിംഖാനയെ മറയാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

മുംബൈയിലെ ഏറ്റവും പഴയ ക്ലബ്ബുകളിലൊന്നാണ് ഖാര്‍ ജിംഖാന. ഇവിടുത്തെ അംഗത്വം ലഭിക്കുന്നത് വലിയ ബഹുമതികളിലൊന്നായാണ് കണക്കാക്കിയിരുന്നത്. ജമീമയുടെ പിതാവ് ഇവാന്‍ റോഡ്രിഗസ് ക്രിക്കറ്റ് പരിശീലകന്‍ കൂടിയാണ്. ഇദ്ദേഹം സുവിശേഷ പ്രവര്‍ത്തനത്തിന് യോഗം ചേരാന്‍ ക്ലബ്ബ് പരിസരം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഞായറാഴ്ച നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് ജെമീമയുടെ അംഗത്വം റദ്ദാക്കിയത്. ഖാര്‍ ജിംഖാന അംഗത്വം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായിരുന്നു ജെമിമ.

ജെമീമയുടെ പിതാവ് ജിംഖാന പരിസരത്ത് 35 മതപരമായ പരിപാടികള്‍ നടത്തി. ബ്രദര്‍ മാനുവല്‍ മിനിസ്ട്രീസ് എന്ന സംഘടനയുമായി ഇവാന്‍ റോഡ്രിഗസ് ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയെന്ന് ജിംഖാന ഭാരവാഹികള്‍ പറഞ്ഞു. അവര്‍ ഒന്നര വര്‍ഷത്തോളം പ്രസിഡന്‍ഷ്യല്‍ ഹാള്‍ ബുക്ക് ചെയ്യുകയും 35 പരിപാടികള്‍ നടത്തുകയും ചെയ്തു. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമെന്നും ഖാര്‍ ജിംഖാന മാനേജിംഗ് കമ്മിറ്റി അംഗം ശിവ് മല്‍ഹോത്ര പറഞ്ഞു.

ബാന്ദ്ര നിവാസിയായ മാനുവല്‍ മെര്‍ഗുല്‍ഹാവോ മൂന്ന് പതിറ്റാണ്ട് മുമ്പാണ് സുവിശേഷക സംഘം സ്ഥാപിച്ചത്. ബാന്ദ്രയിലെ വറോദ റോഡിലാണ് ഗ്രൂപ്പിന് ഓഫീസ് ഉള്ളത്. ഈ സംഘടനയ്ക്ക് മുഖ്യധാരാ പള്ളികളുമായി ബന്ധമില്ല. അവരുടെ വിശ്വാസങ്ങള്‍ അടിസ്ഥാനപരമായി ബൈബിള്‍ വായനയിലും യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലും അധിഷ്ഠിതമാണ്. സുവിശേഷങ്ങള്‍ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുകയാണ് ഇവരുടെ ആരാധനാ രീതി. തുടക്കത്തില്‍ 50 ആളുകള്‍ ആയിരുന്നു ഈ സംഘടനയില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ആയിരക്കണക്കിന് ആളുകളെ ഈ വിശ്വാസത്തിലേക്ക് ആകര്‍ഷിച്ചു.

Tags