ഇതാ വീട്ടിലുണ്ടാക്കാവുന്ന ഒരു തകര്‍പ്പന്‍ ചെമ്പരത്തി ചായ, പ്രഷറിനും ഷുഗറിനും കൊളസ്‌ട്രോളിനും കടിഞ്ഞാണിടാം

Hibiscus Tea
Hibiscus Tea

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ചെമ്പരത്തി പൂവിന്റെ ഔഷധഗുണം അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. പ്രത്യേകിച്ചും 2020ന് ശേഷം ചെമ്പരത്തി പൂവിന്റെ ഔഷധഗുണം ആളുകള്‍ കൂടുതലായി പരീക്ഷിച്ചുവരുന്നു. വീട്ടില്‍ അതിവേഗം ഉണ്ടാക്കാവുന്ന ചായ ഉള്‍പ്പെടെ ചെമ്പരത്തി പൂവ് ചേരുവയായിട്ടുള്ള പല ഭക്ഷണങ്ങളും ഇതിനകം പരീക്ഷണ വിധേയമായിട്ടുണ്ട്.

ആഫ്രിക്കയിലെയും ഏഷ്യയിലെയും ചില ഭാഗങ്ങളില്‍ കാണപ്പെടുന്ന ഭക്ഷ്യയോഗ്യമായ പൂച്ചെടിയാണ് ചെമ്പരത്തി. മെക്‌സിക്കോയിലും മധ്യ അമേരിക്കയിലും ഇപ്പോള്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ചെമ്പരത്തിപ്പൂവിന്റെ ഇതളുകള്‍ നേരിട്ടോ ഉണക്കിയോ ആണ് ചായയുണ്ടാക്കുന്നത്. ഒരു പാത്രത്തിലിട്ട് നന്നായി കഴുകിയശേഷം ഇഞ്ചിയും ചേര്‍ത്ത് ചായയുണ്ടാക്കാം. ശേഷം നാരങ്ങാനീരും മധുരം ആവശ്യമുള്ളവര്‍ക്ക് അല്‍പം തേനും ചേര്‍ക്കാം.

ഇഞ്ചി ചേര്‍ത്ത് തിളച്ചവെള്ളം വെള്ളം ചെമ്പരത്തിപ്പൂവിട്ട പാത്രത്തിലേക്ക് ഒഴിച്ചാണ് ചായയുണ്ടാക്കുന്നത്. ഇത് രണ്ട് മിനിറ്റുനേരം ഇളക്കാതെ മൂടിവെക്കണം. പൂവിന്റെ ചുവന്നനിറം വെള്ളം വലിച്ചെടുക്കുന്നതോടെ ചായ റെഡി. ഈ ചായയിലേക്ക് നാരങ്ങാ നേരും ആവശ്യമെങ്കില്‍ മാത്രം തേനും ചേര്‍ക്കാം. അതിവിശിഷ്ട ആരോഗ്യഗുണങ്ങള്‍ ചെമ്പരത്തിച്ചായയിലുണ്ട്.

ചെമ്പരത്തി ചായ അഥവാ ഹൈബിസ്‌കസ് ടീ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതല്ലെങ്കിലും, പോളിഫെനോള്‍സ്, പ്രത്യേകിച്ച് ആന്തോസയാനിനുകള്‍ എന്ന് വിളിക്കപ്പെടുന്ന ആന്റിഓക്സിഡന്റുകള്‍ ഇതില്‍ വളരെ കൂടുതലാണ്.

ആന്റി-ഇന്‍ഫ്‌ലമേറ്ററി പ്രോപ്പര്‍ട്ടികള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച 2017 ലെ അവലോകന പ്രകാരം, ആന്തോസയാനിനുകള്‍ വീക്കം കുറയ്ക്കുന്നു.

രക്തത്തിലെ ലിപിഡുകളില്‍ പ്രധാനമായും മൂന്ന് ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു: ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, നല്ല കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍, ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ട്രൈഗ്ലിസറൈഡുകള്‍. ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു അവസ്ഥയാണ് ഡിസ്ലിപിഡെമിയ, ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുടെ അസന്തുലിതാവസ്ഥയാണ്. ചീത്ത കൊളസ്‌ട്രോളുകളെ കുറയ്ക്കാന്‍ ചെമ്പരത്തി ചായ സഹായിക്കും. രക്തത്തിലെ ലിപിഡുകളുടെ അളവ് കുറയ്ക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തെ ചെറുക്കും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ചെമ്പരത്തിച്ചായയിലൂടെ കഴിയും. ഹൈപ്പര്‍ടെന്‍ഷന്‍ കുറയ്ക്കാന്‍ ഹൈബിസ്‌കസ് സത്ത് ഉപയോഗിക്കാമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ശരീരത്തിന് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ കഴിയാത്ത ഡയബറ്റിസ് മെലിറ്റസിനെ ചെറുക്കാനും ഇതിന് സാധിക്കും. പ്രമേഹത്തിന് രണ്ട് പ്രധാന തരങ്ങളുണ്ട്-ടൈപ്പ് 1, ടൈപ്പ് 2. ടൈപ്പ് 2 പ്രമേഹം കൂടുതല്‍ സാധാരണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഹൈബിസ്‌കസ് ചായയ്ക്ക് കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്.

എല്ലായ്പ്പോഴും എന്നപോലെ, നിങ്ങളുടെ ഭക്ഷണത്തില്‍ പുതിയതായി എന്തെങ്കിലും ചേര്‍ക്കുന്നതിന് മുമ്പ് ഡോക്ടറുമായി സംസാരിക്കേണ്ടത് പ്രധാനമാണ്.

 

Tags