വെള്ളക്കെട്ടില്‍ നിന്നും വയോധികയെ മാറ്റിയത് ഫ്രിഡ്ജില്‍ ഇരുത്തിയല്ല, അഴീക്കോട്ടുകാര്‍ പറയുന്നു അത് വ്യാജവാര്‍ത്തയെന്ന്

Azhikode rain
Azhikode rain

 

കണ്ണൂര്‍: കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെങ്ങും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദ്രുദഗതിയില്‍ നടക്കുകയാണ്. എല്ലാ വകുപ്പുകളും ഏകോപിച്ചാണ് ദുരിതത്തില്‍ അകപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത്. നദികള്‍ കരകവിഞ്ഞതുമൂലവും ചിലയിടങ്ങളിലെ വെള്ളക്കെട്ടും കാരണം ഒട്ടേറെപേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്. പോലീസും ഫയര്‍ഫോഴ്‌സും മറ്റു സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരുമെല്ലാം ഒത്തൊരുമയോടെ ജാതിമത രാഷ്ട്രീയ ഭേദമന്യേ രക്ഷാപ്രവര്‍ത്തനം നടത്തവെ കണ്ണൂര്‍ അഴീക്കോട്ട് വയോധികയെ ഫ്രിഡ്ജില്‍ ഇരുത്തി രക്ഷപ്പെടുത്തിയെന്ന വാര്‍ത്ത മാതൃഭൂമി ന്യൂസ് ഉള്‍പ്പെടെയുള്ളവയില്‍ വന്നത് വിവാദത്തിനിടയാക്കിയിരിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ഷാജി അഴീക്കോട് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സംഭവത്തെക്കുറിച്ച് വിവരിക്കുകയും മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിക്കുകയും ചെയ്തു. പതിനേഴാം വാര്‍ഡിലെ ഹാജി ക്വാര്‍ട്ടേഴ്‌സില്‍ നിറയെ വെള്ളം കയറിയതിനെ തുടര്‍ന്നാണ് അവിടെയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതെന്നും അതിനായി തെര്‍മോക്കോള്‍ പെട്ടിയാണ് ഉപയോഗിച്ചതെന്നും ഷാജി പറഞ്ഞു.

ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

സോഷ്യല്‍ മീഡിയയില്‍ എന്നും സഭ്യമായ ഭാഷ ഉപയോഗിക്കുന്ന ഒരാളാണ് ഞാന്‍ ..
എന്നാല്‍ ഇന്ന് ഞാന്‍ നേരില്‍ കണ്ടതും ഇടപെട്ടതുമായ വിഷയത്തില്‍ മാതൃഭൂമി ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ..

ഇന്ന് രാവിലെ പത്രം ഇടാന്‍ പോകുമ്പോഴാണ് പതിനേഴാം വാര്‍ഡിലെ ഹാജി ക്വാര്‍ട്ടേര്‍സില്‍ നിറയെ വെള്ളം കയറിയത് കണ്ടത്.. ആരോ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വളപട്ടണം പോലീസ് എത്തി .. അവര്‍ക്ക് ക്വാര്‍ട്ടേര്‍സ് പരിസരത്ത് പോകുവാന്‍ സാധിച്ചില്ല .. കാരണം അരക്ക് മുകളില്‍ വെള്ളം നിറഞ്ഞ് നില്‍ക്കുന്നു ..
ക്വാര്‍ട്ടേര്‍സില്‍ രണ്ട് ഗര്‍ഭിണികള്‍ അടക്കം നിരവധി കുട്ടികളും പ്രായമായ രണ്ട് മൂന്ന് പേരുമുണ്ട് .. ഗര്‍ഭിണികളെ സുരക്ഷിതമായ സ്ഥലത്ത്  എത്തിക്കുന്നതിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ പോലീസു തന്നെ ഫയര്‍ഫോഴ്സിനെ വിളിച്ചു ..

അവര്‍ ഉടന്‍ എത്തിയെങ്കിലും അവരുടെ കൈവശമുള്ള രക്ഷാ ഉപകരണങ്ങള്‍ക്ക് വലിപ്പം കൂടിയതുകൊണ്ട് ക്വാര്‍ട്ടേര്‍സിലേക്ക് കൊണ്ടു പോകാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ അവിടെ ഉണ്ടായിരുന്ന തെര്‍മ്മോകോളിന്റെ പെട്ടി ഉപയോഗിക്കാമെന്ന് കൂട്ടായി തീരുമാനിക്കുകയും കനത്ത മഴയില്‍ മറ്റ് സാധ്യതകള്‍ നോക്കാതെ എല്ലാവരെയും വളരെ കരുതലോടെ സുരക്ഷിതമായി  ക്യാമ്പായി പ്രവര്‍ത്തിക്കുന്ന പള്ളി മദ്രസ്സയിലേക്ക് മാറ്റുകയായിരുന്നു ..

ഒരു പ്രതിസന്ധി സമയത്ത്, വീട്ടിലേക്ക് വെള്ളം ഇരച്ചു കയറ്റുന്ന സമയത്ത് സാധ്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് മെച്ചപ്പെട്ട നിലയില്‍ എല്ലാവരെയും ഏകോപിപ്പിച്ച് ചെയ്യുകയായിരുന്നു .. ഉടുതുണിക്ക് മറുതുണിയില്ലാതെ കൈയ്യില്‍  കിട്ടിയതൊക്കെ വാരി പിടിച്ച അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു ..

ഈ സമയത്തൊക്കെ മാതൃഭൂമി ചാനല്‍ പ്രവര്‍ത്തകര്‍ ഇവിടെയുണ്ടായിരുന്നു .. ആ രക്ഷാപ്രവര്‍ത്തനങ്ങളൊക്കെ നേരിട്ടു കണ്ടതുമാണ് .എന്നിട്ടും
ഇത്രയധികം അധപതിച്ച മാധ്യമ പ്രവര്‍ത്തനം നടത്തുന്നതിനെക്കാള്‍ നല്ലത് .. ബാക്കി പറയുന്നില്ല.

 

Tags