ഹമാസിന്റെ ബുദ്ധിക്ക് പിറകില്‍ ഇറാന്‍? രാജ്യത്തിന്റെ എല്ലാമായിരുന്ന ജനറലിനെ ഇല്ലാതാക്കിയതിന് ഇസ്രായേലിന് പണികൊടുത്തു

Iran
Iran

ന്യൂഡല്‍ഹി: ഇസ്രായേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് സഹായിച്ചത് ഇറാനാണെന്ന് സൂചന. ചാരപ്പോലീസായ മൊസാദിന് ഒരു സൂചനപോലും നല്‍കാതെ ഹമാസ് നടത്തിയ ആക്രമണം ഇസ്രായേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണമാണ്. 5,000ത്തോളം റോക്കറ്റുകള്‍ ഒരേസമയം ഇസ്രായേലിലേക്കയക്കാന്‍ ഇറാന്റെ സഹായം ലഭിച്ചെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ ഉന്നത സൈനിക കമാന്‍ഡറായിരുന്ന ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് ഇറാന്റെ പ്രതികാരം കൂടിയാണിതെന്ന് വിലയിരുത്തലുകളുണ്ട്. ഇസ്രായേലിന്റെ സഹായത്തോടെ അമേരിക്കയാണ് സുലൈമാനിയെ ഇല്ലാതാക്കിയത്. ഇരു രാജ്യങ്ങളോടും പ്രതികാരം ചെയ്യുമെന്ന് അന്നുതന്നെ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

രാജ്യത്തിന്റെ എല്ലാമായിരുന്ന സുലൈമാനിയെ ഇല്ലാതാക്കിയതിന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ പ്രതികാര നടപടിയാണ് ഹമാസിലൂടെ ഇസ്രായേലിലുണ്ടായ ആക്രമണം. 2020 ജനുവരിയിലാണ് യുഎസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്റെ ജെയിംസ് ബോണ്ടെന്ന് അറിയപ്പെട്ടിരുന്ന സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ ഇറാഖിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വച്ച് കൊലപ്പെടുത്തുകയായിരുന്നു.

എം.ക്യൂ 9 റീപ്പര്‍ ഡ്രോണും അതില്‍ ഘടിപ്പിച്ചിരുന്ന എ.ജി.എം 114 ഹെല്‍ഫയര്‍ ആര്‍ 9 എക്സ് നിന്‍ജ മിസൈലുകളുമാണ് സുലൈമാനിയുടെ ജീവനെടുത്തത്. ഇറാഖിലും മേഖലയിലുടനീളവുമുള്ള തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെയും സൈനികരേയും ആക്രമിക്കാനുള്ള പദ്ധതികള്‍ സുലൈമാനിയുടെ നേതൃത്വത്തില്‍ നടക്കുന്നതായി ആരോപിച്ചായിരുന്നു യുഎസ്സിന്റെ ആക്രമണം.

സുലൈമാനിയുടെ വധത്തിന് പിന്നാലെ തങ്ങള്‍ അമേരിക്കയ്ക്ക് ഇക്കാര്യത്തില്‍ സഹായം ചെയ്‌തെന്ന് ഇസ്രായേല്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഇറാന്‍ ഇസ്രായേലിനെതിരെ കണക്കുതീര്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു.

കഴിഞ്ഞദിവസം ഇസ്രയേലിനെതിരായ ആക്രമണം ആസൂത്രണം ചെയ്യാന്‍ ഹമാസിന് ഇറാന്റെ സഹായം ലഭിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ വെച്ച് ഹമാസും ഇറാന്‍ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുള്ളയും ഉള്‍പ്പെട്ട യോഗത്തിലാണ് ആക്രമണത്തിന് തീരുമാനമായതെന്ന് പറയപ്പെടുന്നു. കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയുമുള്ള ബഹുമുഖ ആക്രമണത്തിന് ഇറാന്റെ പ്രത്യേക സായുധ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സാണ് പദ്ധത് തയ്യാറാക്കിയത്. ഹമാസിന് തനിച്ച് ഇത്രയും വ്യാപകമായ ഒരു ആക്രമണം നടത്താന്‍ കഴിയില്ലെന്ന് വ്യക്തമായിരുന്നു.

അതേസമയം, ഇസ്രയേലിനെ ആക്രമിക്കാനുള്ള ഹമാസിന്റെ തീരുമാനത്തിന് പിന്തുണ നല്‍കിയെങ്കിലും ആസൂത്രണത്തില്‍ പങ്കില്ലെന്നാണ് യുഎന്നിലെ ഇറാന്റെ വക്താവ് നല്‍കുന്ന വിശദീകരണം.

Tags