തൃശൂരിലെ 29 രൂപയുടെ ഭാരത് അരി റേഷന്‍ കടയില്‍ 4 രൂപയ്ക്ക് നല്‍കുന്ന അതേ അരി

google news
Suresh Gopi bharat rice

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്ന തൃശൂര്‍ മണ്ഡലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ തരത്തിലുമുള്ള സ്വാധീനവും ഉപയോഗിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 2 തവണ വന്നുപോയ തൃശൂരില്‍ 29 രൂപയ്ക്ക് അരി നല്‍കിയാണ് ബിജെപിക്ക് വോട്ടു നേടാന്‍ കേന്ദ്രം സഹായിക്കുന്നത്. ഭാരത് അരി എന്ന പേരില്‍ ഇപ്പോള്‍ തൃശൂരില്‍ മാത്രമാണ് അരി വിതരണം.

സംസ്ഥാന സര്‍ക്കാരിന് നല്‍കേണ്ട അരിവിഹിതം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് പരാതിയുമായി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ ഡല്‍ഹിയിലെത്തുമ്പോഴാണ് മറ്റൊരു രീതിയില്‍ കേന്ദ്രം അരി വിതരണം ചെയ്യുന്നതും അത് ബിജെപി തെരഞ്ഞെടുപ്പ് ആയുധമാക്കുന്നതും. എന്നാല്‍, ഇതേ അരിയാണ് 24 രൂപയ്ക്ക് സപ്ലൈകോ വഴി വിതരണംചെയ്യുന്ന അരിയെന്ന് മന്ത്രി അനില്‍ ചൂണ്ടിക്കാട്ടി.

റേഷന്‍ കടയില്‍ നീല കാര്‍ഡുകാര്‍ക്ക് 4 രൂപയ്ക്കും വെള്ള കാര്‍ഡുകാര്‍ക്ക് 10.90 രൂപയ്ക്കും നല്‍കുന്നത് ഈ അരിയാണ്.  ചാക്കരി എന്ന് നാട്ടില്‍ പറയുന്ന അരി തന്നെയാണ് ഭാരത് അരിയും. റേഷന്‍ കടയില്‍ കിട്ടുന്ന ചമ്പാ അരിയല്ല ഇത്. ഇതേ അരി 24 രൂപയ്ക്ക് സപ്ലൈകോ വഴിയും വിതരണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ വാതില്‍ അടച്ചതിന് ശേഷമാണ് കേന്ദ്രം നിലവില്‍ 29 രൂപയ്ക്ക് അരി നല്‍കുന്നത്. കേരളത്തില്‍ 14,250 കേന്ദ്രങ്ങളില്‍ റേഷന്‍ കടകളുണ്ട്. ഈ രീതിയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സംവിധമുള്ള സാഹചര്യത്തിലാണ് തൃശ്ശൂരിനെ ഇങ്ങ് എടുക്കാന്‍വേണ്ടി അരി വിതരണം നടത്തുന്നത്. ഇത്തരത്തിലാണോ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരു ഫെഡറല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി ചോദിച്ചു.

Tags