അന്‍വറിന്റെ ചളിവാരിയെറിയലില്‍ ഗുണം അഴിമതിക്കാര്‍ക്ക്, കോടികള്‍ സമ്പാദിച്ച എഡിജിപിയും തട്ടാനുമെല്ലാം ഇനി നൈസായി സ്‌കൂട്ടാകും, മാമിയുടെ തിരോധാനവും, സ്വര്‍ണം മുക്കലും ആവിയായി

pv anwar pinarayi vijayan
pv anwar pinarayi vijayan

മലപ്പുറത്തെ ഡാന്‍സാഫ് പിടിച്ച എല്ലാ സ്വര്‍ണ്ണ  കേസുകളും പുനരന്വേഷിക്കണം എന്നതാണ് അന്‍വര്‍ മുന്നോട്ടുവച്ച ആവശ്യം.

കൊച്ചി: പോലീസ് തലപ്പത്ത് നടക്കുന്ന അഴിമതിക്കഥകള്‍ പലതും വിളിച്ചുപറഞ്ഞ് രംഗത്തെത്തിയ പി വി അന്‍വര്‍ എംഎല്‍എ ഇടതുപക്ഷവുമായി കൊമ്പുകോര്‍ത്തത് ഗുണം ചെയ്യുക അഴിമതിക്കാര്‍ക്ക്. അനാവശ്യമായ ചെളിതെറിപ്പിക്കലിലൂടെ അന്‍വര്‍ ഉന്നയിച്ച ഗൗരവമേറിയ വിഷയങ്ങളിലെ അന്വേഷണം ഇനി പോലീസിന് വഴിതിരിച്ചുവിടാം. എഡിജിപിയുടെ അനധികൃത സ്വത്ത് സമ്പാദനം, പോലീസിലെ സ്വര്‍ണം മുക്കല്‍, മാമിയുടെ തിരോധാനം, ഫോണ്‍ ചോര്‍ത്തല്‍, തൃശൂര്‍ പൂരം അലങ്കോലമാക്കല്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ അന്‍വര്‍ നേരത്തെ ഉന്നയിച്ചിരുന്നു. എന്നാല്‍, സിപിഎമ്മിനെതിരെ ചില അനാവശ്യ ആരോപണങ്ങളുന്നയിച്ച് അന്‍വര്‍ വിഷയങ്ങളുടെ ഗൗരവം ഇല്ലാതാക്കി. ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകനായ സെബിന്‍ എ ജേക്കബ് തന്റെ ഫേസ്ബുക്കില്‍ വിശദമായ കുറിപ്പെഴുതി.

സെബിന്‍ എ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഇടതുപക്ഷത്തു നിലയുറപ്പിച്ച, ഇടതുപക്ഷത്തിനു വോട്ടു ചെയ്യുന്ന, പാര്‍ടി അംഗമല്ലാത്ത ഒരാള്‍ എന്ന നിലയില്‍ ചില കാര്യങ്ങള്‍ കുറിച്ചുപോകാമെന്നു കരുതുന്നു. പാര്‍ടിയുടെ കാര്യങ്ങള്‍ തീരുമാനിക്കാനും അഭിപ്രായം പറയാനും അല്ല, ഭരണവും പൊലീസിങ്ങും ആയി ബന്ധപ്പെട്ട കാര്യങ്ങള്‍, അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ മെറിറ്റ് എന്നിവ ചര്‍ച്ചയ്ക്കു വയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇപ്പോള്‍ പാര്‍ടി സമ്മേളനങ്ങള്‍ നടക്കുകയാണ്. സമ്മേളനം തുടങ്ങുന്ന സമയത്താണ് അന്‍വര്‍ വെടിപൊട്ടിച്ചുതുടങ്ങുന്നത്. അതുകൊണ്ടു തന്നെ സമ്മേളനവുമായി ബന്ധപ്പെട്ട എന്തെങ്കിലും അജണ്ട അന്‍വറിനുണ്ടാകും എന്ന ഒരു വിചാരം തുടക്കത്തില്‍ തന്നെ ഉണ്ടായിരുന്നു. സമ്മേളനത്തെ ബാധിക്കുന്ന വിധത്തില്‍ ഒരു ശാക്തികചേരിക്കു വേണ്ടി പുറത്തുനിന്നുള്ള ഒരു കൈസഹായം! ഏതായാലും ആരെങ്കിലും പറയേണ്ടിയിരുന്ന ചില കാര്യങ്ങളാണ് അന്‍വര്‍ പറയുന്നത് എന്ന ഒരു വികാരംമൂലം  മിണ്ടാതെയിരുന്നു.

അന്‍വര്‍ ആദ്യം ഫോണ്‍ സംഭാഷണം പുറത്തുവിട്ടപ്പോള്‍ അതിനെതിരെ എഴുതിയ പ്രൊഫൈലാണ് എന്റേത്. രണ്ടുപേര്‍ പ്രൈവറ്റ് ആയി സംസാരിക്കുന്നത് അതിലൊരാള്‍ റെക്കോഡ് ചെയ്യുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നത് അധാര്‍മ്മികവും വഞ്ചനാപരവുമാണ് എന്നാണ് ഞാന്‍ കണ്ടത്. അങ്ങനെയൊരാളോട് എന്തുവിശ്വസിച്ച് മൂന്നാമതൊരാള്‍ മനസ്സുതുറക്കും?
എങ്കിലും അന്‍വര്‍ ഉന്നയിച്ച വിഷയം ഗൗരവമുള്ളതാണ് എന്നു തെളിയിക്കുന്നതായി തുടര്‍ന്നുണ്ടായ പത്തനംതിട്ട എസ്പിയുടെയും മലപ്പുറം എസ്പിയുടെയും സസ്‌പെന്‍ഷനും അന്വേഷണ പ്രഖ്യാപനവും. അത്രത്തോളം അന്‍വറിന്റെ ആവശ്യം സര്‍ക്കാര്‍ നിവര്‍ത്തിച്ചുകൊടുത്തു.

അന്‍വര്‍ ഉന്നയിച്ച ആദ്യ ആരോപണം ക്യാമ്പ് ഓഫീസിലെ മരംമുറിച്ച് ഫര്‍ണീച്ചര്‍ പണിതതിനെ കുറിച്ചായിരുന്നു. എഡിജിപി തേക്കുകൊണ്ടും എസ്പി മഹാഗണി കൊണ്ടും ഫര്‍ണിച്ചര്‍ പണിതു എന്നും പരാതി വന്നപ്പോള്‍ എസ്പി ഫര്‍ണീച്ചര്‍ കൂട്ടിയിട്ടു കത്തിച്ചു എന്നും അന്‍വര്‍ ആരോപിച്ചു. ഇതിലെ വസ്തുതകള്‍ പുറത്തുവരേണ്ടതുണ്ട്.

ഫോണ്‍ സംഭാഷണത്തിലെ അച്ചടക്കലംഘനമാണ് എസ്പി സുജിത് ദാസിന് എതിരായ സസ്‌പെന്‍ഷന്റെ കാരണം എന്നൊക്കെ പൊതിഞ്ഞു പറഞ്ഞാല്‍പോലും അദ്ദേഹം മലപ്പുറം എസ്പി ആയിരുന്ന കാലത്ത് നടത്തിയ സ്വര്‍ണ്ണവേട്ടയുടെ കഥകള്‍ അന്‍വര്‍ പുറത്തുപറഞ്ഞത് ഇപ്പോഴും സര്‍ക്കാരോ മാദ്ധ്യമങ്ങളോ പൊലീസ് സംവിധാനമോ കസ്റ്റംസോ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്യാതെ കിടക്കുകയാണ്.
സ്വര്‍ണ്ണം കടത്തുന്ന വിവരം കസ്റ്റംസ് അറിഞ്ഞിട്ടും നടപടിയെടുക്കാതെ പൊലീസിനു ചോര്‍ത്തുന്നു എന്നും പൊലീസ് കാര്യര്‍മാരെ പിടിച്ച് ഇന്ത്യന്‍ നിയമപ്രകാരം കസ്റ്റംസിനെ ഏല്പിച്ച് 15% റിവാര്‍ഡ് വാങ്ങുന്നതിനു പകരം സ്വര്‍ണ്ണത്തില്‍ പകുതി മുക്കി കസ്റ്റംസിലെ സോഴ്‌സുമായി പങ്കുവച്ച ശേഷം ബാക്കി സ്വര്‍ണ്ണം മോഷണമുതലാക്കി കാട്ടി മോഷണക്കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ എത്തിച്ച് തോറ്റു കൊടുക്കുന്നു എന്നുമായിരുന്നു അന്‍വറിന്റെ ആരോപണം. പുരുഷന്മാരായ കാര്യര്‍മാരെ ഭേദ്യം ചെയ്യുകയും സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തതായ പരാതികളും അദ്ദേഹം ഉന്നയിച്ചു. കൂടാതെ എഡിജിപിയുടെ ഭാര്യാസഹോദരന്മാര്‍ക്ക് സ്വര്‍ണ്ണക്കച്ചവടമാണെന്നും അവരെങ്ങനെയാണ് അതിലേക്ക് എത്തിയതെന്നും അന്‍വര്‍ വ്യംഗ്യത്തില്‍ ചോദിച്ചു.

മലപ്പുറത്തെ ഡാന്‍സാഫ് പിടിച്ച എല്ലാ സ്വര്‍ണ്ണ  കേസുകളും പുനരന്വേഷിക്കണം എന്നതാണ് അന്‍വര്‍ മുന്നോട്ടുവച്ച ആവശ്യം. ഈ കേസുകളുടെ നിജസ്ഥിതി അന്‍വര്‍ പറയുന്നതുപോലെയാണോ എന്ന്, അവയുടെ ചാര്‍ജ് ഷീറ്റുകള്‍ കണ്ടെത്തിയും പ്രതികളുമായും അന്വേഷണ ഉദ്യോഗസ്ഥരുമായും അഭിഭാഷകരുമായും മറ്റും സംസാരിച്ചും പുറത്തുകൊണ്ടുവരാന്‍ ഒരു ചാനലും പത്രവും ഇതുവരെ തയ്യാറായിട്ടില്ല. പകരം അന്‍വര്‍ പറയുന്നത് അതേ പടി ആംപ്ലിഫൈ ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇത്തരം ഈസി പത്രപ്രവര്‍ത്തനമാണ് ജേണലിസ്റ്റുകളുടെ വിലയിടിക്കുന്നത്.

അന്‍വര്‍ ഉന്നയിച്ച മറ്റൊരു ആരോപണം മാമി എന്നയാളുടെ തിരോധാനവുമായും മറ്റൊരാളുടെ കൊലപാതകവുമായും ബന്ധപ്പെട്ടതാണ്. അതില്‍ എഡിജിപിക്ക് എതിരായിരുന്നു, പ്രധാന ആരോണം. അപസര്‍പ്പക കഥകളെ വെല്ലുന്ന ആരോപണമായിരുന്നു ഇതെങ്കിലും ഈ കേസുകളില്‍ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

അന്‍വര്‍ ഇതെല്ലാം തുടങ്ങുന്നത് മറുനാടന്‍ മലയാളിയുടെ ഉടമയും ചീഫ് എഡിറ്ററുമായ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നടത്തിയ നിയമ പോരാട്ടത്തില്‍ അന്‍വര്‍ വിചാരിച്ചതുപോലെ അറസ്റ്റ് ഉണ്ടായില്ല എന്നിടത്തുനിന്നാണ്. പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തി എന്നതിന്റെ പേരില്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്തവിധം രാജ്യരക്ഷാനിയമം പ്രയോഗിച്ച് അറസ്റ്റ് ചെയ്യണം എന്നതായിരുന്നു അന്‍വറിന്റെ ആവശ്യം.

ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും അവയുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പരമ്പരാഗത മാദ്ധ്യമങ്ങളും സമൂഹത്തില്‍ ഛിദ്രം പടര്‍ത്തുന്ന വര്‍ഗീയ ചുവയുള്ള വാര്‍ത്തകള്‍ നിരന്തരം സംപ്രേഷണം ചെയ്ത് കേരളത്തെ വിഭജനരാഷ്ട്രീയത്തിന് അനുകൂലമായി പരുവപ്പെടുത്തുന്നു, സിപിഐഎമ്മിനെയും ഇടതുപക്ഷ സര്‍ക്കാരിനെയും മന്ത്രിമാരെയും കുടുംബാംഗങ്ങളെയും വരെ വളരെ മോശമാക്കി ചിത്രീകരിക്കുന്നു, എന്നിങ്ങനെ അന്‍വര്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ വസ്തുതയുണ്ട് എന്നും അക്കാര്യത്തില്‍ അറിഞ്ഞില്ല, കണ്ടില്ല എന്ന ഭാവമാണ് പൊലീസിന്റേത് എന്നുമുള്ള അഭിപ്രായമാണ് എനിക്കുള്ളത്. വളരെ മോശമായും സ്ത്രീവിരുദ്ധമായും മറ്റും മറ്റുമാണ് പല ഓണ്‍ലൈന്‍ ചാനലുകളും മനോമലിനീകരണം നടത്തുന്നത്. അവ പൊതുവില്‍ തീവ്രവലതുപക്ഷ ആശയങ്ങളെ പേറുന്നതും സംഘപരിവാറിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതുമാണ്.

എന്നാല്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാന്‍ മുന്നോട്ടുവയ്ക്കുന്ന ന്യായം ഇവയല്ല. പൊലീസിന്റെ വയര്‍ലെസ് ശൃംഖല, ആഭ്യന്തര ഐറ്റി ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ വയര്‍ലെസ് സന്ദേശം പുറത്തുവിട്ടതിലൂടെ ഐടി നിയമം ലംഘിച്ചു എന്ന് നീട്ടിപ്പിടിച്ച് 66D എന്ന ഐടി നിയമത്തിലെ വകുപ്പ് പ്രകാരം ഷാജനെ അകത്തിടണം എന്നതാണ് അന്‍വര്‍ ഉന്നയിച്ച ആവശ്യം.

ഇതിനെ അനുകൂലിക്കുന്ന വ്യക്തിയല്ല ഞാന്‍. അങ്ങനെ ചെയ്താല്‍ അത് നിയമത്തിന്റെ ദുരുപയോഗമാകും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മറുനാടനോ അല്ലെങ്കില്‍ മറ്റേതെങ്കിലും മീഡിയ എസ്റ്റാബ്ലിഷ്മന്റോ ചെയ്ത വാര്‍ത്തകളിലെ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്ന ഉള്ളടക്കത്തിനെതിരെ നിയമപ്രകാരം നടപടിയെടുക്കുന്നതിനു പകരം ശല്യക്കാരെ  ഏതുവിധേനയും പൂട്ടിക്കുക എന്നത് ഒരു കൊള്ളാവുന്ന നീക്കമല്ല.
എന്തുകൊണ്ട് അപരമതവിദ്വേഷം പുലര്‍ത്തുന്ന കണ്ടെന്റിനെതിരെയോ അല്ലെങ്കില്‍ കള്ളം പ്രചരിപ്പിക്കുന്നതിന് എതിരെയോ നടപടിയുണ്ടാകുന്നില്ല എന്ന ചോദ്യത്തിന് ഉത്തരമല്ല അത്. പകരം ഹേറ്റ് സ്പീച്ചിനെതിരായ സീറോ ടോളറന്‍സ് എന്ന നയം നടപ്പാക്കാനാവണം വാദിക്കേണ്ടത്. അതിനായി നിലവിലെ നിയമങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ ആവശ്യമായ നിയമം ഉണ്ടാക്കാനും യത്‌നിക്കണം.

ഏതായാലും ഷാജന്റെ പക്കല്‍ നിന്ന് ഒന്നരക്കോടിയോളം രൂപ കൈക്കൂലി വാങ്ങി എഡിജിപിയാണ് ഈ കേസ് ഒതുക്കിത്തീര്‍ത്തത് എന്നതാണ് അന്‍വര്‍ ഉന്നയിച്ച മറ്റൊരു ആരോപണം. അതിനു പി ശശിയും കൂട്ടുനിന്നു എന്നും പിന്നീട് പറഞ്ഞു. ഇവ ഇപ്പോഴും ആരോപണങ്ങള്‍ മാത്രമാണ്.

എന്നാല്‍ എഡിജിപി അനധികൃത സ്വത്തു സമ്പാദിച്ചു എന്നതിന് കവടിയാറിലെ ഗോള്‍ഫ് ക്ലബിനു സമീപസ്ഥമായ അദ്ദേഹത്തിന്റെ ഭൂമിയും അവിടെ പണിതുകൊണ്ടിരിക്കുന്ന മൂന്നുനില വീടും അതിനോടു ചേര്‍ന്ന് അളിയന്റെ പേരില്‍ വാങ്ങിയ വസ്തുവും തെളിവായി അന്‍വര്‍ എടുത്തുപറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പുറത്തുപോകുന്ന ആഴ്ചയില്‍ നടന്ന ഫ്‌ലാറ്റ് ഇടപാടും (ഒരാഴ്ചയ്ക്കിടെ പുതിയ ഫ്‌ളാറ്റ് വാങ്ങി ഇരട്ടിയിലേറെ വിലയ്ക്കു വിറ്റത്) വിവാദമായി. കവടിയാറിലെ ഭൂമിവില അറിയാവുന്ന ആളെന്ന നിലയില്‍ ഈ രണ്ട് ആരോപണങ്ങളും പാടേ തള്ളിക്കളയേണ്ടവയല്ല എന്നതാണ് എന്റെ അഭിപ്രായം. അങ്ങനെയുള്ള ഉദ്യോഗസ്ഥനെതിരെ പ്രാഥമിക വിജിലന്‍സ് അന്വേഷണം മാത്രം നടത്തുകയും കുറ്റക്കാരനെന്നു തെളിയാതെ അന്വേഷണവിധേയമായി പോലും സസ്‌പെന്‍ഡ് ചെയ്യില്ല എന്നു നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ഈഗോ മാത്രമായാണ് കാണുന്നത്.
ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശത്തില്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണ്‍ ചോര്‍ത്തുന്നു എന്ന ആരോപണം സ്പീക്കര്‍ ചിരിച്ചുതള്ളിയെങ്കിലും ചിലരെങ്കിലും അങ്ങനെയുണ്ടായോ എന്ന് പുരികം വളയ്ക്കാന്‍ അതു കാരണമായി. അതിനു പിന്നാലെയാണ് സന്ദീപാനന്ദയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട കേസിലെ കള്ളക്കളികള്‍ പുറത്തുവരുന്നത്. മേപ്പടി കേസില്‍ ആര്‍എസ്എസുകാര്‍ പ്രതികളാകുമെന്ന ഘട്ടം വന്നപ്പോഴും അവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താതെ പകരം കാരായി രാജന്റെയും ഐ പി ബിനുവിന്റെയും മറ്റും ഫോണ്‍ ചോര്‍ത്താനാണ് പൊലീസ് ഉത്സാഹം കാട്ടിയത് എന്ന പരാതി അന്‍വര്‍ അതേവരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളെക്കാളും എന്റെ നെര്‍വില്‍ തൊടുന്നതായി. അതിനെക്കുറിച്ച് ഞാന്‍ പ്രത്യേകമായി ഒരു പോസ്റ്റ് അന്നിട്ടിരുന്നു. അതിന്റെ ലിങ്ക് കമന്റില്‍ നല്‍കാം. അന്ന് വാഹനം സ്വാമി തന്നെ കത്തിച്ചതാണ് എന്ന പൊലീസ് റിപ്പോര്‍ട്ട് കാണിച്ച് ഇന്‍ഷൂറന്‍സ് പോലും നിഷേധിച്ച കാര്യം സന്ദീപാനന്ദഗിരി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. സംഘപരിവാറിന്റെ പിടി എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും വല്ലാതെ വ്യാപിച്ചിരിക്കുന്നു എന്നതിന്റെ ഉണര്‍ത്തുപാട്ടായിരുന്നു, ആ ആരോപണം. അതിലെ വസ്തുത കൃത്യമായി പുറത്തെത്തേണ്ടിയിരിക്കുന്നു.

തൃശ്ശൂര്‍പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പൊലീസ് കമ്മിഷണര്‍ക്കെതിരെ പ്രഖ്യാപിച്ച അന്വേഷണത്തില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട് വേണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടും അഞ്ചുമാസത്തിനു ശേഷം അങ്ങനെയൊരു അന്വേഷണം ഇല്ല എന്ന തരത്തില്‍ മനോരമ ലേഖകനു വിവരാവകാശ മറുപടി കിട്ടിയതിനു പിന്നാലെയാണ് ആ മറുപടി നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചുകൊണ്ട് മേപ്പടി അന്വേഷണ റിപ്പോര്‍ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത് എന്നത് പക്ഷെ ചെറിയ കാര്യമല്ല. മേപ്പടി റിപ്പോര്‍ട്ടില്‍ താനടക്കം ചുമതലയുള്ള പൊലീസുകാര്‍ക്കാര്‍ക്കും വീഴ്ച പറ്റിയിട്ടില്ല എന്ന എഡിജിപിയുടെ റിപ്പോര്‍ട് അവസാനനിമിഷമെങ്കിലും തള്ളിക്കളഞ്ഞതും തുടരന്വേഷണം പ്രഖ്യാപിച്ചതും ആണ് ഇതിനിടയിലെ പ്രതീക്ഷ ഉണര്‍ത്തിയ കാര്യം.

ഇതിനിടയിലാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ കാര്യം പുറത്തുവരുന്നത്. അങ്ങനെ ഒരു കൂടിക്കാഴ്ച നടന്നു എന്ന കാരണം പറഞ്ഞ് നടപടിയെടുക്കാന്‍ കഴിയില്ല എന്ന ന്യായം മുഖവിലയ്‌ക്കെടുക്കുന്നു. എന്നാല്‍ എന്തു കാരണത്താലാണ് രണ്ടു നേതാക്കന്മാരെ ഇങ്ങനെ എഡിജിപി പ്രത്യേകം പ്രത്യേകം കണ്ടത് എന്നു വിശദീകരിക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. അതു മന്ത്രിസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ട ചുമതല ആഭ്യന്തര മന്ത്രിക്കും ഉണ്ട്. ഇക്കാര്യത്തില്‍ സിപിഐയ്ക്ക് ഒപ്പമാണ് ഞാന്‍.

വി ഡി സതീശനു വേണ്ടിയാണ് ഈ കൂടിക്കാഴ്ച നടന്നത് എന്ന ആരോപണമാണ് ഇതില്‍ അന്‍വര്‍ ആദ്യം ഉന്നയിച്ചതെങ്കില്‍ ഇന്നലെ അതു തിരുത്തി മുഖ്യമന്ത്രിക്കുവേണ്ടിയാണ് എന്ന തരത്തില്‍ ആക്കിയിട്ടുണ്ട്. അതായത് ആരോപണത്തില്‍ യാതൊരു കണ്‍സിസ്റ്റന്‍സിയും അന്‍വറിനില്ല. മലമെടുത്ത് ഫാനില്‍ വച്ചിട്ട് ഫാന്‍ ഓണാക്കുന്ന പരിപാടിയാണ് അന്‍വര്‍ അക്കാര്യത്തില്‍ ചെയ്തത്. റിയാസിനു വേണ്ടിയാണ് ഭരിക്കുന്നത് എന്ന ആരോപണമാണ് മറ്റൊന്ന്.

മന്ത്രി എന്ന നിലയില്‍ റിയാസിന്റെ പെര്‍ഫോമന്‍സിനെ കുറിച്ചോ അല്ലെങ്കില്‍ റിയാസിനെ പ്രധാനപ്പെട്ട രണ്ടുവകുപ്പുകള്‍ നല്‍കിയതിനെ കുറിച്ചോ വിരുദ്ധാഭിപ്രായങ്ങളുള്ള വ്യക്തിയാണ് ഞാന്‍. മുഖ്യമന്ത്രിയുടെ മകളെ പുനര്‍വിവാഹം ചെയ്ത വ്യക്തി എന്നതുകൊണ്ട് തന്നെ അദ്ദേഹത്തെയും പാര്‍ടി സെക്രട്ടറിയുടെ താത്ക്കാലിക ചുമതല വഹിച്ച വിജയരാഘവന്റെ ഭാര്യയായിരിക്കെ മുന്‍ ത്രിശ്ശൂര്‍ മേയര്‍ ആയിരിക്കെ തന്നെ കോളജ് അധ്യാപനവുമായി അക്കാദമിക്‌സില്‍ ശ്രദ്ധിച്ചു കഴിഞ്ഞിരുന്ന ബിന്ദുവിനെയും മന്ത്രിമാരാക്കിയ നടപടി അനാവശ്യമായിരുന്നു എന്ന അഭിപ്രായം എനിക്കുണ്ട്. ഇവര്‍ ഇരുവരും അനര്‍ഹരാണ് എന്നുള്ളതല്ല, അവര്‍ക്ക് പിന്നീട് അവസരം നല്‍കുന്നതായിരുന്നു അഭികാമ്യം എന്നതാണ് പറഞ്ഞത്. എന്നാല്‍ എത്രയോ കൊല്ലം മുമ്പ് കോഴിക്കോട് ലോകസഭാമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു, റിയാസ്. പിന്നീട് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും ആയിരുന്നു. അങ്ങനെയുള്ള റിയാസിനെ വെറും മരുമോനാക്കി ആക്ഷേപിക്കുന്നതും റിയാസ് ആകും അടുത്ത മുഖ്യമന്ത്രി എന്ന് നസ്യം ചെയ്യുന്നതും ഒക്കെ കൊടികുത്തിയ മുസ്ലീം വിരോധത്തില്‍ നിന്ന് ഉടലെടുത്ത വലതുപക്ഷ രാഷ്ട്രീയപ്രയോഗങ്ങളാണ്.

ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ അദ്ദേഹത്തിന്റെ ഏതു വാദങ്ങളാണോ അന്‍വറിനെ പ്രേരിപ്പിച്ചത്, അതേ വാദങ്ങളെടുത്ത് അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ തിരിയുമ്പോള്‍ അതു വലിയ തമാശയായാണ് വരുന്നത്. എന്ത് അസംബന്ധവും പറഞ്ഞ് താന്‍ സാധാരണ പാര്‍ടി പ്രവര്‍ത്തകര്‍ക്കുവേണ്ടിയാണ് പറയുന്നത് എന്നു മേമ്പൊടി ചേര്‍ത്തതുകൊണ്ട് എല്ലാം ശരിയാകുന്നില്ല. അത് അതേ വരെ ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളുടെയും മുനയൊടിക്കുന്ന വര്‍ത്തമാനമായി മാറി.

മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ ദീര്‍ഘമായ വാര്‍ത്താസമ്മേളനം കഴിഞ്ഞപ്പോള്‍ മിണ്ടാതിരിക്കുക എന്നതായിരുന്നു അന്‍വര്‍ ചെയ്യേണ്ടിയിരുന്നത്. അതിനു മറുപടി പറയാതെ പോകാന്‍ അയാളുടെ ഈഗോ സമ്മതിച്ചില്ല എന്നിടത്താണ് അന്‍വറിനു പൂര്‍ണ്ണമായും താളംപിഴച്ചത്. അതിനു പകരം താന്‍ ഇന്നയിന്ന വിഷയങ്ങള്‍ സര്‍ക്കാരിനും പാര്‍ടിക്കും മുമ്പില്‍ ഉയര്‍ത്തിയിരുന്നു, അവയുടെ അന്വേഷണം എത്രത്തോളമായി എന്ന് രണ്ടുമാസങ്ങള്‍ക്കു ശേഷം അന്‍വര്‍ ചോദിച്ചിരുന്നെങ്കില്‍ അതുണ്ടാക്കുമായിരുന്ന ഇമ്പാക്റ്റ് ചെറുതൊന്നുമായിരുന്നില്ല.

എന്നാല്‍ കൂടെക്കൂടെ തന്റെ പിതാവിന്റെയും പിതാമഹന്റെയും രാഷ്ട്രീയപാരമ്പര്യം എഴുന്നള്ളിക്കുന്ന പി വി അന്‍വറിന്റെ വീക്ക്‌പോയിന്റ് എന്താണെന്നു മുഖ്യമന്ത്രി മനസ്സിലാക്കുകയും കൃത്യമായി അതില്‍ കുത്തുകയും ചെയ്ത ഒരു വാര്‍ത്താസമ്മേളനം ആയിരുന്നു മുഖ്യമന്ത്രിയുടേത്. സാധാരണ വ്യംഗ്യത്തില്‍ ഒന്നും സംസാരിക്കുന്ന വ്യക്തിയല്ല, പിണറായി വിജയന്‍. എന്നാല്‍ ആര്‍ക്കുവേണ്ടിയാണ് ഈ ആരോപണം ഉന്നയിക്കുന്നത് എന്ന ചോദ്യത്തിലൂടെ നേരിട്ട് പറയാതെ തന്നെ അന്‍വറിനെ സ്വര്‍ണ്ണക്കടത്തുകാരുടെ ആളാക്കി മുഖ്യമന്ത്രി വാര്‍ത്താമാദ്ധ്യമങ്ങളുടെ മുമ്പില്‍ ചിത്രീകരിച്ചു എന്നതാണ് അയാളുടെ പിടിവിട്ടുപോകാന്‍ ഇടയാക്കിയത് എന്നു ഞാന്‍ കരുതുന്നു. മുന്‍മുഖ്യമന്ത്രി കെ കരുണാകരന്‍ പലപ്പോഴും തന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് എഴുന്നേറ്റുപോകുന്ന വഴിക്ക് പൊട്ടിക്കുന്ന ഗുണ്ടുകള്‍ പോലെയുള്ള ഒരു political maneuvering ആയിരുന്നു അത്. അന്‍വര്‍ കൃത്യമായി അതില്‍ ചെന്നു വീണുകൊടുത്തു. അതോടെ കൂടി പാര്‍ടിയെ ഡിഫന്‍ഡ് ചെയ്യുക എന്നതായി ഓരോ പാര്‍ടിക്കാരന്റെയും അടിസ്ഥാന ചുമതല.
അന്‍വര്‍ ഇന്നലെ ഉന്നയിച്ചതുപോലെയുള്ള അസംബന്ധങ്ങളുടെ മുന്നില്‍ ഒരാളും അയാളെ പിന്തുണയ്ക്കാന്‍ ഉണ്ടാവില്ല എന്നതല്ല, ഇതിലെ പ്രശ്‌നം. പകരം അന്‍വര്‍ ഉന്നയിച്ചതും പ്രസക്തവുമായ മറ്റുകാര്യങ്ങള്‍ കൂടി അതിനിടയില്‍ അപ്രസക്തമാവും എന്നതാണ്. കാരണം പൊലീസ് നയത്തിന് എതിരായ മുറുമുറുപ്പ് പാര്‍ടി അംഗങ്ങളിലും അനുഭാവിവൃന്ദത്തിലും വര്‍ഗബഹുജനസംഘടനാ പ്രവര്‍ത്തകരിലും വ്യാപകമായുണ്ടായിരുന്നു. ആരുടെ ബുദ്ധി ആയിരുന്നെങ്കിലും ഈ വിഷയം ഒക്കെ, സമൂഹത്തിലെ സംഘപരിവാര്‍ സ്വാധീനം, അതില്‍ മാദ്ധ്യമങ്ങളുടെ പങ്ക്, അതിനെ നിയന്ത്രിക്കുന്നതില്‍ പൊലീസ് വരുത്തുന്ന മനഃപൂര്‍വ്വമായ വീഴ്ച, പൊലീസ് സ്റ്റേഷനില്‍ ഇടതുപക്ഷക്കാരായ പൊതുപ്രവര്‍ത്തകര്‍ക്ക് ബഹുമാനം ലഭിക്കാത്ത അവസ്ഥ, അതേ ഇടത്ത് സംഘപരിവാറുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ഇപ്പോഴും ലഭിക്കുന്ന സ്വീകാര്യത, തുടങ്ങിയവ ഒക്കെ പാര്‍ടി സമ്മേളനങ്ങളില്‍ ചര്‍ച്ചകളില്‍ ഇടം പിടിക്കുമായിരുന്നു.

ഡാന്‍സാഫിനെ കുറിച്ചും മറ്റും അന്‍വര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്ന പരാതികളില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ വിശദമായി അറിയാന്‍ ഇടവന്നിട്ടുണ്ട്. അതിലൊക്കെ അവര്‍ കാട്ടിയിട്ടുള്ള നീചത്വം ഒരന്വേഷണത്തിലും വെളിയില്‍ വരാന്‍ പോകുന്നില്ല. അതുകൊണ്ടു തന്നെ ഇത് സങ്കടകരമായ അന്ത്യമാണ്. ഇതിലൊക്കെ റിസീവിങ് എന്‍ഡിലുള്ളത് ഗ്രേ ആയ മനുഷ്യരാണ് എന്നതുകൊണ്ട് അവരുടെ മനുഷ്യാവകാശങ്ങള്‍ ഇല്ലാതെയാകുന്നില്ല. പുണ്യാളന്മാര്‍ക്കു മാത്രം ഉള്ളതല്ല ഈ നാടും ഇവിടുത്തെ ശുദ്ധവായുവും. അതിനിടയില്‍ അബദ്ധത്തില്‍ പെട്ടുപോകുന്ന നിര്‍ഭാഗ്യവാന്മാരുമുണ്ട്.

വീണയുടെ കമ്പനിയും കരിമണല്‍ കര്‍ത്തായുടെ കമ്പനിയും തമ്മിലുണ്ടായ കരാര്‍ എത്ര വിശദീകരിച്ചാലും വീണ നേരിട്ടു വന്ന് പറയാത്തിടത്തോളം പാര്‍ടിക്കു ക്ഷീണമാവുകയേ ഉള്ളൂ. അത് എഎംസി ആണെന്നും ആവശ്യമെങ്കില്‍ മാത്രമേ അതില്‍ സേവനം നല്‍കേണ്ടതായി വരുന്നുള്ളൂ എന്നതുമൊക്കെ അംഗീകരിക്കാവുന്ന കാര്യമാണ്. എന്നാല്‍ എന്തുകണ്ടിട്ടാണ് കര്‍ത്തായുടെ കമ്പനി വീണയുടെ കമ്പനിയുമായി അങ്ങനെയൊരു കരാറില്‍ ഏര്‍പ്പെട്ടത് എന്നതും അതുകൂടാതെ ലോണ്‍ ആയും സഹായിക്കാന്‍ എന്തു ബന്ധമാണ് അവര്‍ തമ്മിലുണ്ടായിരുന്നത് എന്നതും മറ്റും പൊതുസമൂഹത്തിന്റെ സംശയങ്ങളാണ്. ഇത് ഒരു ലീഗല്‍ സ്‌ക്രൂട്ടിനിയില്‍ നില്‍ക്കുന്ന കാര്യങ്ങളല്ല. പകരം തികച്ചും ധാര്‍മ്മികമായ ചോദ്യങ്ങളാണ്. മുഖ്യമന്ത്രിയെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കര്‍ത്ത കരാറില്‍ ഏര്‍പ്പെട്ടത് എന്ന് മനസ്സിലാക്കാന്‍ തക്ക വിദ്യാഭ്യാസമൊക്കെയുള്ള ആളാണല്ലോ വീണ വിജയന്‍. അത്തരം രാഷ്ട്രീയ ധാര്‍മ്മികത വീണയ്ക്കു ബാധകമല്ലെങ്കിലും വീണയ്ക്കുവേണ്ടി പാര്‍ടി സെക്രട്ടറി മറുപടി പറയാന്‍ പോകുമ്പോള്‍ ആളുകള്‍ മുഖം ചുളിക്കും.

വാസ്തവത്തില്‍ കോടതിയില്‍ കേസുമായി പോയ മാത്യു കുഴല്‍നാടന്‍ ഇതില്‍ മുഖ്യമന്ത്രിയെ സഹായിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ സര്‍ക്കാരോ കര്‍ത്തായുടെ കമ്പനിക്കു വേണ്ടി വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല. കര്‍ത്തായ്ക്കും അങ്ങനെയൊരാവശ്യം ഉണ്ടായിരുന്നിരിക്കില്ല. ഉപദ്രവിക്കാതിരിക്കണം എന്നതു മാത്രമായിരിക്കും ആവശ്യം. ഏതായാലും കര്‍ത്തായ്ക്ക് സഹായകമായ ഒരു നടപടി അവസാനമുണ്ടായത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ നിന്നാണ്. അതുകൊണ്ട് ബിജെപി സര്‍ക്കാരോ അതിന്റെ അന്വേഷണ ഏജന്‍സികളോ വിചാരിച്ചാല്‍ ആ കേസില്‍ ഒന്നും ചെയ്യാനാകില്ല.

തന്നെയുമല്ല, ബിജെപി അധികാരത്തിലെത്തുന്നതിനും ഒക്കെ എത്രയോ മുമ്പു തന്നെ സംഘപരിവാറിനെ സാമ്പത്തികമായി സഹായിച്ചുകൊണ്ടിരുന്ന ആളാണ് കര്‍ത്ത. അങ്ങനെയുള്ള കര്‍ത്തയെ കൂടി ബലി കൊടുക്കാതെ വീണയെ ഒന്നും ചെയ്യാനുമാവില്ല. അതേതായാലും സംഘപരിവാറിന്റെ ഭാഗത്തുനിന്ന് അനുവദിക്കാന്‍ സാധ്യതയില്ല.

ആ നിലയ്ക്ക് വീണയെ രക്ഷിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രി അജിത്കുമാര്‍ വഴി സംഘപരിവാര്‍ നേതാക്കളെ സ്വാധീനിച്ചു എന്ന നറേറ്റീവ് ഒക്കെ അസ്ഥാനത്താണ്. എന്നാല്‍ എന്ത് ആരോപണം ഉണ്ടായാലും മുന്നണിബന്ധം തന്നെ ശിഥിലമാകുന്ന അവസ്ഥ സംജാതമായാലും തന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കില്ല എന്ന മുഖ്യമന്ത്രിയുടെ പിടിവാശി മറിച്ചൊരു ചിത്രം വരച്ചുവെന്നുവരും.

അന്‍വറിന്റെ ആരോപണങ്ങളുടെ മറ്റൊരു പ്രശ്‌നം, ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലീം ന്യൂനപക്ഷത്തിന് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമാകുന്ന നിലയിലേക്ക്, അല്ലെങ്കില്‍ സംശയം ജനിപ്പിക്കുന്ന നിലയിലേക്കെങ്കിലും  കാര്യങ്ങളെത്തിച്ചു എന്നതാണ്. തെരഞ്ഞെടുപ്പു ഘട്ടത്തില്‍ പാര്‍ടി മുസ്ലീം പ്രീണനം നടത്തുന്നേ എന്നതായിരുന്നു സമൂഹമാദ്ധ്യമപ്രചാരണം എങ്കില്‍ ഇപ്പോഴതു നേരെ തിരിഞ്ഞ്, പൊലീസ് മുസ്ലീം വേട്ട നടത്തുന്നു എന്നും പാര്‍ടിയും സര്‍ക്കാരും ഹിന്ദുത്വപ്രീണനം നടത്തുന്നു എന്നുമുള്ള നട്ടാല്‍ക്കുരുക്കാത്ത നുണയ്ക്ക് വേരോട്ടമുണ്ടാക്കാന്‍ ഇടയാകുന്ന തലത്തിലേക്ക് ഏതാണ്ട് ഒരുമാസക്കാലംകൊണ്ട് അന്‍വറും ചാനലുകളും ചേര്‍ന്ന് കാര്യങ്ങളെത്തിച്ചു എന്നതാണ്. ഇതുരണ്ടും കൂടി ഒരേ സമയം ശരിയാവുകയില്ലല്ലോ. അതുകൊണ്ട് മാദ്ധ്യമങ്ങളെങ്കിലും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കണം. സര്‍ക്കാര്‍ നടത്തുന്നത് മുസ്ലീം പ്രീണനമാണോ ഹിന്ദുത്വ പ്രീണനമാണോ?

ഇന്നലത്തെ അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തിലൂടെ സംഭവിച്ചത് മുഖ്യമന്ത്രി വീണ്ടും പാര്‍ടിയില്‍ കരുത്തനായി എന്നതാണ്. അദ്ദേഹത്തോട് എതിരുപറയാന്‍ കഴിയുന്നതു പോയിട്ട് ചോദ്യം ചോദിക്കാനോ വിമര്‍ശിക്കാനോ കഴിയുന്ന ഒരു സാഹചര്യം പോലും പാര്‍ടി സമ്മേളനത്തില്‍ ഇല്ലാതെയായി. പ്രതിനിധികളാരും ഇനി അതിനു തുനിയില്ല എന്നു തന്നെയല്ല, പാര്‍ടിയെ സംരക്ഷിക്കേണ്ടത് അവരുടെ ഓരോരുത്തരുടെയും ആവശ്യമായി മാറി. ഇത്തരമൊരു അധികാര കേന്ദ്രീകരണം ഒരു യുദ്ധകാല സംഘടനയ്ക്കു ഗുണം ചെയ്‌തേക്കാമെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കുന്നതോടെ അതു പാര്‍ടിയെ കൂടുതല്‍ ദുര്‍ബലമാക്കുമോ എന്നതാണ് എന്റെ ഭയം. വ്യവസായ വകുപ്പ് ഉണ്ടാക്കുന്ന സകല മുന്നേറ്റങ്ങളെയും മറച്ചുകളയുന്ന വിധത്തില്‍ ഈ വിവാദവ്യവസായം തഴച്ചുവളരുന്നത് ഒട്ടു നല്ലതല്ലതന്നെ.

 

 

Tags