എക്‌സിറ്റ് പോള്‍ കണ്ട് കേരളത്തിലെ ബിജെപി ആഹ്ലാദം തുടങ്ങാന്‍ വരട്ടെ, 2019ലെ സര്‍വേ ഫലം ഇങ്ങനെ

exit poll 2024

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുംമുന്‍പ് ഏവരും ആകാംഷയോടെ കാത്തിരുന്ന എക്‌സിറ്റ് പോള്‍ എത്തിയതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ കണക്കുകൂട്ടല്‍ ആരംഭിച്ചുകഴിഞ്ഞു. ദേശീയതലത്തില്‍ ബിജെപി നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്ന് ഏറെക്കുറെ ഉറപ്പിക്കാവുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് വിവിധ ഏജന്‍സികള്‍ പുറത്തുവിട്ടത്.

കേരളത്തില്‍ ഇക്കുറി ബിജെപി വമ്പന്‍ കുതിപ്പുണ്ടാക്കുമെന്ന ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയ്ക്കിടയാക്കിയിട്ടുണ്ട്. ബിജെപി നാലു സീറ്റുവരെ നേടിയേക്കാമെന്ന രീതിയിലാണ് ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. അതേസമയം, സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് ഒരു സീറ്റു പോലും നേടില്ല എന്ന രീതിയിലും പ്രവചനമുണ്ട്.

ബിജെപിക്ക് 27 ശതമാനം വോട്ടും എല്‍ഡിഎഫിന് വെറും 29 ശതമാനം വോട്ടും ചില പ്രവചനത്തില്‍ കാണാം. 15 ശതമാനം വോട്ടു ഷെയറില്‍ നിന്നും ഇരട്ടിയോളം നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കുമെന്ന കണ്ടെത്തല്‍ ഏവരേയും അത്ഭുതപ്പെടുത്തുന്നതാണ്. എല്‍ഡിഎഫിന് ഒരു സീറ്റുപോലും കിട്ടാതിരിക്കുമ്പോള്‍ ബിജെപി മൂന്ന് സീറ്റുകളിലെങ്കിലും ജയിക്കുമെന്നും പ്രവചനമുണ്ട്.

എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതോടെ സംസ്ഥാനത്തെ ബിജെപി ക്യാമ്പ് ആവേശത്തിലാണ്. തൃശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട തുടങ്ങി പ്രതീക്ഷപുലര്‍ത്തുന്നയിടത്തെല്ലാം ജയിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. എന്നാല്‍, 2019ലെ എക്‌സിറ്റ് പോളിലും ബിജെപി സീറ്റു നേടുമെന്ന് മിക്ക ഏജന്‍സികളും പ്രവചിച്ചിരുന്നു. ഏറ്റവും മികച്ച രാഷ്ട്രീയ സാഹചര്യത്തില്‍ പോലും 15 ശതമാനം വോട്ടുകള്‍ക്കപ്പുറം നേടാന്‍ ബിജെപിക്ക് സാധിച്ചില്ല. ചില മണ്ഡലങ്ങളില്‍ വന്‍ മുന്നേറ്റമുണ്ടാക്കാനായെങ്കിലും തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്തിയത് മാത്രമാണ് മികച്ച പ്രകടനം.

ഇക്കുറിയും ബിജെപിക്ക് അമിതമായ ഹൈപ്പ് നല്‍കിയുള്ള പ്രവചനമാണ് വന്നതെന്ന വിലയിരുത്തലുകളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ വോട്ടിങ് ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. കാര്യങ്ങള്‍ ഇങ്ങനെ ആണെന്നിരിക്കെ ബിജെപിക്ക് സീറ്റ് ലഭിക്കുമെന്ന പ്രവചനം ഇത്തവണയും തെറ്റിയാല്‍ എക്‌സിറ്റ് പോളിന്റെ വിശ്വാസ്യതയേയും അത് ബാധിച്ചേക്കും.

Tags