അസാന്നിദ്ധ്യം കൊണ്ടു പാര്‍ട്ടിയെ വെളളം കുടിപ്പിച്ച് ഇ.പി ജയരാജന്‍; എല്‍.ഡി. എഫ് കണ്‍വീനര്‍ പദവിയില്‍ എത്രനാള്‍...

ep
ep

കണ്ണൂര്‍: ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ നിന്ന്  എല്‍ഡിഎഫ് കണ്‍വീനറും സി.പി. കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി  ജയരാജന്‍വിട്ടുനിന്നത് പാര്‍ട്ടിയില്‍ വീണ്ടും വിഭാഗീതയുടെ പോര്‍മുഖം തുറക്കുന്നു.പാര്‍ട്ടി നേതൃത്വവുമായി ഏറെക്കാലമായി അകന്ന് കഴിയുന്ന ഇ.പി. ജയരാജന്‍ പാര്‍ട്ടിക്കുളളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് പാര്‍ട്ടി സംസ്ഥാനതലത്തില്‍ നടത്തിയ പരിപാടിയില്‍ നിന്നും വിട്ടു നിന്നു കൊണ്ട് പ്രഖ്യാപിക്കുക കൂടിയാണെന്നാണ്  രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇ.പി തിരുവനന്തപുരത്തെ ഡി.വൈ. എഫ്. ഐ നടത്തിയ സ്‌നേഹവീടിന്റെ താക്കോല്‍ദാനപരിപാടിയില്‍ പങ്കെടുത്തത് പരസ്യമായ വെല്ലുവിളിയാണൊണ് എം.വി ഗോവിന്ദനെ അനുകൂലിക്കുന്ന ഔദ്യോഗികപക്ഷം വിലയിരുത്തുന്നത്. 

ഇതു  പാര്‍ട്ടി പ്രവര്‍ത്തകരിലും ഘടകകക്ഷികളിലും ആശയകുഴപ്പമുണ്ടാക്കിയിട്ടുണ്ട്. മുസ്‌ലിം ലീഗും സി.പി. ഐ നേതാക്കളും കോഴിക്കോട്ടെ സെമിനാറില്‍ നിന്നും വിട്ടുനിന്നതിന്റെ ക്ഷീണം സംഭവിച്ച സി.പി. എമ്മിന് എല്‍ഡി. എഫ് കണ്‍വീനറുടെ അസാന്നിധ്യം തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. 
ഏതാനും മാസങ്ങളായി വിവിധ വിഷയങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും തമ്മില്‍ നിലനില്‍ക്കുന്ന  രൂക്ഷമായ പോര് ജയരാജന്‍ സെമിനാറില്‍ നിന്ന് വിട്ടു നിന്നതോടെ മറനീക്കി പുറത്ത്  വന്നിരിക്കുകയാണെന്നാണ് രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്നത്. പാര്‍ട്ടിയിലെ സീനിയര്‍ നേതാവായ ഇപിയെ വെട്ടി പിണറായിയുടെ അനുഗ്രഹാശിസ്സുകളോടെ എം.വി. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതോടെ  ജയരാജന്‍ പാര്‍ട്ടിയുമായി അകന്ന് തുടങ്ങുകയായിരുന്നു. 

പാര്‍ട്ടി പരിപാടികളിലും എല്‍ഡിഎഫ് മുന്നണിക്കകത്തും ഇ.പി ജയരാജന്‍  ഇപ്പോള്‍ സജീവമല്ല. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരിയുടെ മരണത്തിന് ശേഷം പിണറായി മന്ത്രിസഭയയിലെ രണ്ടാമനായിരുന്ന ഇ.പി. ജയരാജന്‍ പാര്‍ട്ടി സെക്രട്ടറിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ എല്ലാവരുടെയും കണക്കുകൂട്ടലുകളെ തെറ്റിച്ച് എം.വി. ഗേവിന്ദന്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായതോടെ പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇ.പി. ബോധപൂര്‍വ്വംമാറി നില്‍ക്കാന്‍ തുടങ്ങി.എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ കാസര്‍ക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ ജനകീയ പ്രതിരോധയാത്രയുടെ കാസര്‍കോട്ടു നടന്ന ഉദ്ഘാടനപരിപാടിയില്‍ നിന്നും മാറിനിന്നതോടെയാണ്  ഇപി പ്രത്യക്ഷമായി പാര്‍ട്ടിനേതൃത്വത്തെ വെല്ലുവിളിച്ച തുടങ്ങിയത്. പിന്നീട് നേതൃത്വം അനുനയിപ്പിച്ചതോടെ ഇപി വീണ്ടും പാര്‍ട്ടി വേദികളില്‍ സജീവമായെങ്കിലും കഴിഞ്ഞ ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലും സെമിനാറിലും മാറി നിന്നതോടെ പരസ്പരമുള്ള പോരിന് അയവു വന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

ഇ.പി. ജയരാജന്റെ ഭാര്യയ്ക്കും മകനും പ്രധാന പങ്കാളിത്തമുള്ള തളിപ്പറമ്പിലെ വൈദേകംആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതിയംഗം പി. ജയരാജന്‍ പാര്‍ട്ടി കമ്മിറ്റിയില്‍ പരാതി ഉന്നയിച്ചതോടെ ഇ.പി. ജയരാജന്‍ സമ്മര്‍ദ്ദിത്തിലായിരുന്നു. ആരോപണങ്ങള്‍ക്ക് എം.വി. ഗേവിന്ദനടക്കമുളള സിപിഎം നേതാക്കളുടെ പിന്തുണയുണ്ടെന്ന ആരോപണവും പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിരുന്നു. റിസോര്‍ട്ടില്‍ ആദായ നുകിത വകുപ്പ് പരിശോധന നടത്തിയിരുന്നു. പാര്‍ട്ടി സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറും തമ്മിലുള്ള പോര് താഴെത്തട്ടിലുള്ള പ്രവര്‍ത്തനത്തിലും പ്രതിഫലിക്കുന്നുണ്ടെങ്കിലും ദേശീയനേതൃത്വത്തിന് ഏതെങ്കിലും തരത്തില്‍ ഇടപെടാനോ പ്രശ്നത്തിന് പരിഹാരം കാണാനോ സാധിക്കുന്നില്ല.

വലിയ രാഷ്ട്രീയ ലക്ഷ്യത്തോടെ കോഴിക്കോട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാതെ ഇപി തിരുവനന്തപുരത്ത് പോയത് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സ്നേഹവീടിന്റെ താക്കോല്‍ ദാനത്തില്‍ പങ്കെടുക്കാനാണെന്നതും പ്രത്യേകതയുണ്ട്. എം.വി. ഗോവിന്ദന്‍ തന്റെ അതൃപ്തി മറച്ച് വെക്കാതെ എല്‍ഡിഎഫ് കണ്‍വീനറെ പ്രത്യേകിച്ച് ക്ഷണിക്കേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും പരസ്യമായി പ്രതികരിച്ചത് വരും നാളുകളിലും ഗ്രൂപ്പ് പോര് ശക്തമാകുമെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. 

എന്നാല്‍ലോക്‌സഭാതെരഞ്ഞെടുപ്പിന്മുന്‍പായി തന്നെ ഇ.പി ജയരാജന്‍ എല്‍.ഡി. എഫ് കണ്‍വീനര്‍ പദവി ഒഴിയുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ നിന്നും മത്‌സരിക്കാന്‍ സീറ്റുലഭിക്കാത്തതോടെ താന്‍സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്ന് ഇ.പി പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ നടത്തിയ ചില ഇടപെടലുകളാണ് അദ്ദേഹത്തെ പാര്‍ട്ടി സജീവ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത്.

Tags