കെഎസ്ഇബി പ്രൈവറ്റാക്കിയാല്‍ കറന്റ് ബില്‍ കുറയുമോ? ഗുജറാത്തിലേയും കേരളത്തിലേയും ബില്ലുകള്‍ നോക്കൂ, വന്‍ കുറവ്

google news
Electricity Bill

കൊച്ചി: ഇലക്ടിസിറ്റി ബോര്‍ഡ് പ്രൈവറ്റാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് വന്‍ നേട്ടമാണെന്നും അതുകൊണ്ടുതന്നെ കെഎസ്ഇബി പ്രൈവറ്റ് ആക്കണമെന്നുമുള്ള പ്രചാരണമാണ് കഴിഞ്ഞ ചില ദിവസങ്ങളിലായി സോഷ്യല്‍ മീഡിയില്‍ നടക്കുന്നത്. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ സോളാര്‍ സ്ഥാപിച്ചിട്ടും ബില്‍ തുക ഉയര്‍ന്നതാണെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പെഴുതിയിരുന്നു. ഇതോടെയാണ് കെഎസ്ഇബിക്കെതിരെ പ്രചരണം ആരംഭിച്ചത്.

ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് കേരളത്തിലാണെന്നും പ്രൈവറ്റാക്കിയാല്‍ മാത്രമേ ജനങ്ങള്‍ക്ക് ഉപകാരമുള്ളൂവെന്നുമാണ് പ്രചരണം. കടുത്ത വേനല്‍ക്കാലത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതോടെ താരിഫ് അനുസരിച്ച് ബില്‍ തുകയും ഉയര്‍ന്നു. ഇത് അംഗീകരിക്കാനാകാതെയാണ് ഒരുവിഭാഗം ഇപ്പോള്‍ കെഎസ്ഇബിക്കെതിരെ തിരിഞ്ഞത്. എന്നാല്‍, പ്രൈവറ്റൈസേഷന്‍ നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന ബില്‍ തുകയാണെന്ന കാര്യം പലര്‍ക്കും അറിയില്ല.

ഓരോ സംസ്ഥാനത്തും വ്യത്യസ്ത താരിഫ് സമ്പ്രദായമാണ് നടപ്പിലാക്കുന്നത്. അതുകൊണ്ടുതന്നെ സബ്‌സിഡി നല്‍കുന്ന കാര്യത്തിലും നിശ്ചിത അളവില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചാലുള്ള ബില്‍ തുകയുമെല്ലാം വ്യത്യാസമായിരിക്കും. പ്രൈവറ്റ് കമ്പനികള്‍ വേരുറപ്പിച്ച ഗുജറാത്തിലും മഹാരാഷ്ട്രയിലുമെല്ലാം കേരളത്തിലേതിനേക്കാള്‍ ഉയര്‍ന്ന വൈദ്യുതി ചാര്‍ജാണ് ഇടാക്കുന്നത്. കര്‍ണാടകയില്‍ സബ്‌സിഡി വൈദ്യുതിയില്‍ കേരളത്തിലേതിനേക്കാള്‍ ഇളവുണ്ടെങ്കിലും നഗരപ്രദേശങ്ങളിലേക്ക് വരുമ്പോള്‍ തുക ഉയരുന്നതുകാണാം.

കെഎസ്ഇബി ഉദ്യോഗസ്ഥനായ വിപിന്‍ വില്‍ഫ്രഡ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പില്‍ ഗുജറാത്തിലേയും കേരളത്തിലേയും വൈദ്യുതി ബില്ലുകള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നു. ടൊറന്റ് പവര്‍ എന്ന സ്വകാര്യ കമ്പനി വിതരണം ചെയ്യുന്ന ഗുജറാത്തിലെ വൈദ്യുതിക്ക് കേരളത്തിലേതിനേക്കാള്‍ 1000 രൂപയില്‍ കൂടുതല്‍ നല്‍കണം.

വിപിന്‍ വില്‍ഫ്രഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് കേരളത്തിലാണെന്നാണ് കുറെക്കാലമായി സംഘ് വാട്‌സാപ് ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്. ഇപ്പോളത് പോസ്റ്റുകളും കമന്റുകളുമായി ഫെയ്‌സ്ബുക്കിലും ഓടി നടക്കുന്നുണ്ട്.
വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കണമെന്നും അതോടെ തികച്ചും സൗജന്യമായി / വളരെ കുറഞ്ഞ നിരക്കില്‍ വൈദ്യുതി കിട്ടുന്ന പുണ്യഭൂമിയായി കേരളം മാറുമെന്നുമുള്ള മധുരമനോജ്ഞസ്വപ്നവും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്.

സത്യമെന്തെന്ന് അറിയണമല്ലോ.
സുഹൃത്ത് ചിന്തയുടെ മകള്‍  മോദിജിയുടെ സ്വന്തം ഗുജറാത്തിലെ അഹമ്മദാബാദിലാണ് പഠിക്കുന്നത്. ടൊറെന്റ് പവര്‍ എന്ന സ്വകാര്യ കമ്പനിയാണ് അവിടെ വൈദ്യുതി വിതരണം. അവളുടെ കഴിഞ്ഞ തവണത്തെ ബില്ലാണ് ആദ്യം കാണുന്നത്.

ദ്വൈമാസ ഉപയോഗം: 492 യൂണിറ്റ്
ബില്‍ തുക : 4380 രൂപ.
അതേ ഉപയോഗത്തിന് കേരളത്തില്‍ എത്ര കറണ്ട് ചാര്‍ജ് വരും എന്ന് കെ എസ് ഇ ബി വെബ്‌സൈറ്റിലെ ബില്‍ കാല്‍ക്കുലേറ്ററില്‍ നോക്കിയതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് രണ്ടാമത്തെ ചിത്രം.
ബില്‍ തുക : 3326 രൂപ.
ബില്ലിലെ വ്യത്യാസം : 1054 രൂപ.
ആയിരത്തിലേറെ രൂപ കേരളത്തെക്കാള്‍ കൂടുതല്‍!
അപ്പൊ എങ്ങനാ ചേട്ടന്മാരേ...
വൈദ്യുതി വിതരണം സ്വകാര്യവത്കരിച്ച് നമുക്ക് കറണ്ടുബില്ലില്‍ ലാഭം നേടണ്ടേ?

വാല്‍മുറി: ഗുജറാത്ത് ബില്ലില്‍ FPPPA charges എന്ന പേരില്‍ 1800+ രൂപ ഈടാക്കിയതായി കാണാം. FPPPA  എന്നാല്‍ 'Fuel and Power Purchase Price Adjustment,'. അതതു സമയത്ത് ഇന്ധനച്ചെലവിലും ഉത്പാദനച്ചെലവിലും വരുന്ന വര്‍ദ്ധനയ്ക്കനുസൃതമായി വൈദ്യുതി വാങ്ങല്‍ച്ചെലവില്‍ ഉണ്ടാവുന്ന വ്യത്യാസം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിന്റെ കണക്കാണ് അത്. ഗുജറാത്തില്‍ ആവശ്യമായ വൈദ്യുതി മുഴുവന്‍ സര്‍ക്കാര്‍ ഉത്പാദിപ്പിച്ച് കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്കൊക്കെ കൊടുത്ത് അവരെ ആനന്ദത്തില്‍ ആറാടിക്കുകയാണെന്നും പാണന്മാര്‍ പാടി നടക്കുന്നുണ്ട്. അതുകൊണ്ട് പറഞ്ഞതാ.

Tags