വേണോ ഇത്തരം ന്യൂജെന്‍ വിവാഹങ്ങള്‍, ഇനി ഈ കല്യാണങ്ങള്‍ക്ക് പങ്കെടുക്കില്ലെന്നും മുരളി തുമ്മാരുകുടി
കൊച്ചി: പുതുതലമുറയിലെ വിവാഹ ആഘോഷങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. പഴയകാലത്തിനിന്നും വിഭിന്നമായി ഒരു വിവാഹമെന്നത് ധൂര്‍ത്ത് ആയി മാറിയെന്നും മാതാപിതാക്കള്‍ക്കാണ് സാമ്പത്തിക ബാധ്യതയെന്നും തുമ്മാരുകുടി വിമര്‍ശിക്കുന്നു. കുട്ടികള്‍ അവരുടെ കല്യാണത്തിനുള്ള തുക സ്വയം കണ്ടെത്തണം. ചെലവ് വഹിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമല്ലെന്നും അദ്ദേഹം പറഞ്ഞു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
ന്യൂജെന്‍ കല്യാണങ്ങള്‍
പങ്കാളികള്‍ പരസ്പരം കണ്ടെത്തി നടത്തുന്ന വിവാഹങ്ങളില്‍ മാത്രമേ പങ്കെടുക്കൂ എന്ന് ഈ വര്‍ഷം ആദ്യം പറഞ്ഞിരുന്നുവല്ലോ. ഇപ്പോള്‍ ബന്ധുക്കളോ സുഹൃത്തുക്കളോ വിവാഹത്തിന് ക്ഷണിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് ഇക്കാര്യമാണ്. കഴിഞ്ഞ എട്ടുമാസം കണ്ടിടത്തോളം കാര്യങ്ങള്‍ മുന്നോട്ടാണ്. എന്റെ ചുറ്റും നടക്കുന്ന വിവാഹങ്ങളില്‍ പകുതിയും 'ലവ് മാര്യേജ്' ആണ്. വളരെ നല്ലത്. പുതിയ തലമുറക്ക് അഭിനന്ദനങ്ങള്‍!
എന്നാല്‍ അഭിനന്ദിക്കാന്‍ പറ്റാത്ത ഒരു പ്രവണത കൂടി ഇപ്പോള്‍ കാണുന്നുണ്ട്. അത് സമൂഹത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ എണ്ണത്തില്‍ കാണുന്ന വര്‍ദ്ധനയാണ്. പത്തുവര്‍ഷം മുന്‍പ് വരെ ഒരു വിവാഹനിശ്ചയത്തിലും വിവാഹത്തിലും പരമാവധി വിവാഹം കഴിഞ്ഞാല്‍ ഒരു പാര്‍ട്ടിയിലും ഒതുങ്ങിനിന്നിരുന്ന വിവാഹാഘോഷങ്ങള്‍ ഇപ്പോള്‍ പലതായി.
വിവാഹനിശ്ചയം, സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്, ബാച്ചിലര്‍ പാര്‍ട്ടി (hen/stag) മെഹന്ദി, ഹല്‍ദി, സംഗീത്, വിവാഹം, വിവാഹ റിസപ്ഷന്‍ (ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍), പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് എന്നിങ്ങനെ.
ഇതിന് ഓരോന്നിനും ചിലവുകള്‍ ഏറെയാണ്. ഓരോന്നിനും പ്രത്യേകം ഡ്രസ്സുകള്‍, ഓരോ ഡ്രസ്സിനും പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ (അവയില്‍ പലതും പിന്നീട് ഉപയോഗിക്കാന്‍ ഇടയില്ലാത്തവ), പലതിനും കുടുംബത്തിലെ എല്ലാവര്‍ക്കും/കൂട്ടുകാര്‍ക്കും കളര്‍ കോര്‍ഡിനേറ്റഡ് വേഷങ്ങള്‍, വിവാഹത്തിനും വിവാഹനിശ്ചയത്തിനും പുറമെ സംഗീതിനും ഹല്‍ദിക്കും പ്രത്യേക ഹാളുകള്‍, സ്റ്റേജ്, അലങ്കാരങ്ങള്‍, പ്രൊഫഷണല്‍ ഇവന്റ് മാനേജര്‍, ആണിനും പെണ്ണിനും ബ്യുട്ടീഷന്‍ എന്നിങ്ങനെ പോകുന്നു ചെലവുകള്‍.
കൈയില്‍ പണമുള്ളവര്‍ ആറോ ഏഴോ ഘട്ടമായി വിവാഹാഘോഷങ്ങള്‍ക്ക് വാരിക്കോരി ചിലവാക്കട്ടെ. അങ്ങനെയെങ്കിലും പണം സമ്പദ്വ്യവസ്ഥയിലേക്ക് ഇറങ്ങട്ടെ. പണം കറങ്ങിനടക്കേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണ്.
എന്റെ പ്രശ്‌നം അതല്ല. വിവാഹം ലവ് ആണെങ്കിലും അറേന്‍ജ്ഡ് ആണെങ്കിലും പണം മുടക്കേണ്ടത് കല്യാണം കഴിക്കുന്നവരല്ല, അവരുടെ മാതാപിതാക്കളാണെന്ന് പുതിയ തലമുറ കുട്ടികള്‍ വിശ്വസിക്കുന്നു എന്നതാണ്. സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക നില ചിന്തിക്കാതെ കുട്ടികള്‍ അവരുടെ വിവാഹവും അഞ്ചോ ആറോ ഘട്ടങ്ങളായി പ്ലാന്‍ ചെയ്യുന്നു. അതിന് പണംകണ്ടെത്തേണ്ട ഉത്തരവാദിത്തം അവരുടെ മാതാപിതാക്കളുടേതുമാകുന്നു. വിവാഹച്ചടങ്ങുകള്‍ കൊഴുപ്പിക്കണമെന്നല്ലാതെ അതിന്റെ ചെലവിനെപ്പറ്റി, ആ ചെലവ് ആര് വഹിക്കും എന്നതിനെ കുറിച്ചൊന്നും അവര്‍ ചിന്തിക്കുന്നില്ല. അത് അവരല്ല എന്നുമാത്രം അവര്‍ക്കറിയാം.
കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസും, എന്‍.ആര്‍.ഐ.യും, ബിസിനസും, മറ്റു കുറച്ചു പ്രൊഫഷണല്‍ രംഗങ്ങളും ഒഴിച്ചാല്‍ ആളുകളുടെ ശമ്പളം വളരെ കുറവാണ്. 25 വര്‍ഷം ഒരു സ്വകാര്യസ്‌കൂളിലോ സ്ഥാപനത്തിലോ ശരാശരി ജോലി ചെയ്യുന്നവരുടെ മാസശമ്പളം മുപ്പതിനായിരം പോലുമില്ല. അവരാണ് പത്തും ഇരുപതും ലക്ഷം രൂപ മുടക്കി വിവാഹം നടത്തിത്തരണമെന്ന് പുതിയ തലമുറ പ്രതീക്ഷിക്കുന്നത്.
ഈ വിഷയത്തില്‍ പുതിയ തലമുറയോട് എനിക്ക് ഒന്നേ പറയാനുള്ളു. സ്വന്തം വിവാഹം എത്ര ആര്‍ഭാടമാക്കുന്നതിലും ഒരു തെറ്റുമില്ല. എന്നാല്‍ അതിനുള്ള പണം സ്വയം കണ്ടെത്തുന്നതാണ് ശരി. ഒന്നുകില്‍ കൈയിലുള്ള പണത്തില്‍നിന്നുകൊണ്ടുള്ള വിവാഹ ആഘോഷം, അതല്ലെങ്കില്‍ ആവശ്യമായ പണം കൈയിലെത്തിയിട്ട് വിവാഹം. അതാണ് ലോകം ചെയ്യുന്നത്. അതായിരിക്കണം ശരിയായ ന്യൂജെന്‍.
എന്റെ തലമുറയോട് കുറച്ചുകൂടി പറയാം.
മക്കള്‍ക്ക് അവരുടെ ബൗദ്ധിക കഴിവിന്റെയും നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളുടെയും പരമാവധിയില്‍ വിദ്യാഭ്യാസം നല്‍കുക എന്നതാണ് നിങ്ങള്‍ അവര്‍ക്കുവേണ്ടി ചെയ്യേണ്ടുന്ന അവസാനത്തെ ഉത്തരവാദിത്തം. അതിനപ്പുറത്തേക്ക് എന്തും ചെയ്യാം. പക്ഷെ, അതിനെ നിങ്ങളുടെ ഉത്തരവാദിത്തമായി കാണേണ്ടതില്ല.
മാതാപിതാക്കള്‍ വിവാഹം ആര്‍ഭാടത്തില്‍ നടത്തിത്തരുന്നത് തങ്ങളുടെ അവകാശമാണെന്ന് കുട്ടികള്‍ കരുതുന്നുണ്ടെങ്കിലും മാതാപിതാക്കള്‍ക്ക് വയസ്സാകുമ്പോള്‍ അവരെ പരിപാലിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പുതിയ തലമുറ കരുതുന്നില്ല. കൂടുതല്‍ കുട്ടികള്‍ നാടുവിടുന്ന കാലത്ത് അത് പ്രായോഗികവും ആവില്ല.
കേരളത്തിലെ ആയുര്‍ദൈര്‍ഘ്യവും മെഡിക്കല്‍ ചെലവുകളും കൂടുകയാണ്. ഒരാളുടെ ജീവിതത്തിലെ ശരാശരി മെഡിക്കല്‍ ചിലവിന്റെ പകുതിയും അവസാനത്തെ വര്‍ഷങ്ങളില്‍ ആണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഒരു മെഡിക്കല്‍ ഇന്‍ഷുറന്‍സ് സിസ്റ്റം ഇല്ല. അതുകൊണ്ട് എന്റെ തലമുറ പരമ്പരാഗതമായി കിട്ടിയതോ സ്വയം സമ്പാദിച്ചതോ ആയ പണം പരമാവധി സൂക്ഷ്മതയോടെ ഉപയോഗിച്ചില്ലെങ്കില്‍ വയസുകാലത്ത് കഷ്ടപ്പെടും, വഴിയാധാരമാകും, സംശയം വേണ്ട. അന്ന് ആറുനില വിവാഹം നടത്തിവിട്ട മക്കളും മരുമക്കളും ഒന്നും സഹായത്തിനുണ്ടാകില്ല.
അതുകൊണ്ടുതന്നെ സ്വയം പങ്കാളികളെ കണ്ടെത്താനും സ്വന്തം ചെലവില്‍ വിവാഹം നടത്താനും മക്കളെ പഠിപ്പിക്കുന്നതാണ് ബുദ്ധി. വിവാഹം വാസ്തവത്തില്‍ അത്ര ചിലവുള്ള കാര്യമല്ല. ആയിരം രൂപ കൈയിലുണ്ടെങ്കിലും വിവാഹം നടത്താം, അപ്പോള്‍ പണമില്ലാത്തത് കൊണ്ട് ആരും വിവാഹം കഴിക്കാതിരിക്കേണ്ടി വരില്ല. അഥവാ കുട്ടികള്‍ പണമുണ്ടാക്കി ആറോ ഏഴോ ഘട്ടമായി വിവാഹം നടത്തുന്നുണ്ടെങ്കില്‍ അതും നല്ലത്. രണ്ടാണെങ്കിലും നമുക്ക് ആഘോഷമായി പങ്കെടുക്കാം. അതല്ലാതെ വയസ്സുകാലത്തേക്ക് കരുതിവെക്കേണ്ട പണമെടുത്ത് ആറു നില വിവാഹം നടത്തിയാല്‍ പണി പാളും.
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട. പറഞ്ഞില്ലെന്നു വേണ്ട...