ശബരിമല വെർച്വൽ ക്യൂ സംവിധാനത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റും എക്സിക്യൂട്ടീവ് ഓഫീസറും രണ്ടു തട്ടിൽ
ശബരിമല: വെർച്വൽ ക്യൂ സംവിധാനത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റും എക്സിക്യൂട്ടീവ് ഓഫീസറും രണ്ടു തട്ടിൽ. വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ വെർച്വൽ ക്യു ബുക്കിംഗ് 70000വും സ്പോട് ബുക്കിംഗിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും പ്രസിഡന്റ് ആവർത്തിച്ച് പറഞ്ഞതിന് ശേഷമാണ് എക്സിക്യൂട്ടീവ് ഓഫീസറുടെ വാട്സാപ്പിലൂടെയുള്ള പ്രതികരണം. വെർച്വൽ ക്യൂ 80,000വും സ്പോർട്ട് ബുക്കിംഗ് 10000 നൽകണമെന്ന ഹൈക്കോടി ഉത്തരവാണ് എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി പ്രതികരിച്ചത്.
വെർച്ചൽ ക്യൂ 80,000 ആയും സ്പോട്ട് ബുക്കിംഗ് പതിനായിരവും നൽകി കൂടുതൽ ഭക്തർക്ക് ദർശനത്തിനുള്ള സംവിധാനം ഒരുക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകൾ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. കോടതിയുടെ ഉത്തരവിന് വിരുദ്ധമായാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് വെർച്വൽ ക്യൂ ബുക്കിംഗിൽ മാറ്റം വരുത്തിയതെന്ന് ചൂണ്ടികാട്ടി. ശബരിമല സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
സ്പോട്ട് ബുക്കിംഗ് അനിയന്ത്രിതമായി നൽകുന്നത് വരും ദിവസങ്ങളിൽ തിരക്ക് നിയന്ത്രണാതീതമായി വർദ്ധിക്കുന്നതിന് കാരണമാകുമെന്നും ഇത് നിയന്ത്രണം പാളുന്നതിന് കാരണമാകുമെന്നും ദേവസ്വം ബോർഡിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും ചില പൊലീസ് ഉദ്യോഗസ്ഥരും ചൂണ്ടികാട്ടുന്നു. വെർച്വൽ ക്യൂ ബുക്കിംഗിൽ പോരായ്മയുണ്ടെന്നും ഇവർക്ക് അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് എക്സിക്യൂട്ടീവ് ഓഫീസറുകളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ശ്രദ്ധേയമാകുന്നത്.