എത്ര തിരഞ്ഞിട്ടും പെണ്ണുകിട്ടുന്നില്ലെന്ന് ടെക്കി, ശമ്പളം ഒരു ലക്ഷമെങ്കിലും ഇല്ലെങ്കില്‍ വരേണ്ടെന്ന് പെണ്‍വീട്ടുകാര്‍, ഇനി പെണ്ണുകെട്ടാത്ത തലമുറയെന്ന് സോഷ്യല്‍മീഡിയ

Marriage Salary
Marriage Salary

മാതാപിതാക്കളുടെ മാനസികാവസ്ഥയ്ക്ക് ഒരു റീസെറ്റ് ആവശ്യമാണ്. 28 വയസ്സുള്ള ഒരാള്‍ക്ക് എങ്ങനെ 1-2 ലക്ഷം സമ്പാദിക്കാന്‍ കഴിയുമെന്ന് വിനീത് ചോദിക്കുന്നു.

ബെംഗളുരു: വിദ്യാസമ്പന്നരും ഉയര്‍ന്ന ജോലി ഉള്ളവരുമായ യുവാക്കള്‍ക്ക് പോലും പെണ്ണുകിട്ടാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയ ടെക്കിയുടെ പോസ്റ്റ് വൈറലായി. വിനീത് കെ എന്നയാളാണ് സോഷ്യല്‍ മീഡിയയില്‍ മാറുന്ന ചിന്താഗതികള്‍ പങ്കുവെച്ചുകൊണ്ട് എത്തിയത്. ഒട്ടേറെപ്പേര്‍ ഇതിന് പ്രതികരണവുമായെത്തുകയും ചെയ്തു.

പെണ്‍വീട്ടുകാര്‍ക്ക് വലിയ ശമ്പളത്തിലാണ് കണ്ണെന്ന് വിനീത് പറയുന്നു. ഒരു ലക്ഷം രൂപയെങ്കിലും ശമ്പളം വേണം. ഈ മാതാപിതാക്കളുടെ മാനസികാവസ്ഥയ്ക്ക് ഒരു റീസെറ്റ് ആവശ്യമാണ്. 28 വയസ്സുള്ള ഒരാള്‍ക്ക് എങ്ങനെ 1-2 ലക്ഷം സമ്പാദിക്കാന്‍ കഴിയുമെന്ന് വിനീത് ചോദിക്കുന്നു.

വിനീതിന്റെ പോസ്റ്റില്‍ വലിയ ചര്‍ച്ചയാണ് നടന്നത്. ഭൂരിഭാഗംപേരും പുരുഷപക്ഷത്ത് നിലയുറപ്പിച്ചപ്പോള്‍ പെണ്‍വീട്ടുകാര്‍ക്കുവേണ്ടിയും ചിലര്‍ പ്രതികരിച്ചു. വധുവിന്റെ കുടുംബത്തിന്റെ അമിതമായ ആവശ്യങ്ങളാല്‍, പുരുഷന്മാര്‍ നേരിടുന്ന ചൂഷണത്തിലും അപമാനത്തിലും തങ്ങളുടെ നിരാശ കമന്റര്‍മാര്‍ പങ്കുവെച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായി മാറിയിരിക്കുകയാണ് വിവാഹമെന്ന് ഒരാള്‍ പ്രതികരിച്ചു. മാതാപിതാക്കള്‍ കൂടുതല്‍ ന്യായമായ സമീപനം സ്വീകരിച്ചില്ലെങ്കില്‍ ജോലി ചെയ്യുന്നവരുടെ ഒരു തലമുറ 30-35 വയസ്സില്‍ വിവാഹം കഴിക്കുന്നത് കാണാം. ഇത് കുട്ടികളുണ്ടാകുന്നതില്‍ ഗുരുതരമായ വെല്ലുവിളികള്‍ ഉയര്‍ത്തും. പലരും അവിവാഹിതരായി തുടരാമെന്നും അയാള്‍ പറഞ്ഞു.

വിനീത് കെയുടെ വീക്ഷണത്തോട് എല്ലാവരും യോജിക്കുന്നില്ല. ബെംഗളുരു പോലുള്ള മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും വരുമാനമില്ലെങ്കില്‍ എങ്ങിനെ ജീവിക്കുമെന്നാണ് ഒരാളുടെ ചോദ്യം. ഒരു കുട്ടി കൂടിയുണ്ടെങ്കില്‍ ജീവിതച്ചെലവ് വര്‍ദ്ധിക്കും. ഇതെല്ലാം മുന്‍കൂട്ടി കാണേണ്ടതുണ്ടെന്നാണ് അവരുടെ പ്രതികരണം.

Tags