എന്താണ് ഡല്‍ഹി മദ്യനയക്കേസ്?, കെജ്രിവാള്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടിവരുമോ?

delhi liquor scam

ന്യൂഡല്‍ഹി: അഴിമതിക്കെതിരെ സമരം നടത്തി വിപ്ലവകരമായ രീതിയില്‍ അധികാരത്തിലേറിയ പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. കണ്ണടച്ചുതുറക്കും മുന്‍പ് മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഞെട്ടിച്ച എഎപി കഴിഞ്ഞ ചില നാളുകളായി അഴിമതിയുടെ നിഴലിലാണ്. മദ്യനയത്തില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ അറസ്റ്റിലായി ഒരു വര്‍ഷം കഴിയുമ്പോള്‍ അതേ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഇഡി പിടിയിലായി.

എഎപി 100 കോടി രൂപ അഴിമതിയിലൂടെ കൈക്കലാക്കിയെന്ന അന്വേഷണ സംഘത്തിന്റെ ആരോപണം പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. നേരത്തെ അറസ്റ്റിലായ മനീഷ് സിസോദിയയ്‌ക്കെതിരെ തെളിവ് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കോടതി തന്നെ ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തോട് ചോദ്യങ്ങളുയര്‍ത്തി. സമാന കേസില്‍ കെജ്രിവാളും അറസ്റ്റിലാകുമ്പോള്‍ ചിലതെല്ലാം കേസില്‍ ഒളിഞ്ഞിരിപ്പുണ്ടോയെന്ന സംശയം ജനങ്ങള്‍ക്കുണ്ട്.

ഇഡി പറയുന്നതനുസരിച്ച്, കെജ്രിവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാര്‍ട്ടിയുടെ മറ്റ് ഉന്നത നേതാക്കളും ചേര്‍ന്ന് ബിആര്‍എസ് എംഎല്‍സി കെ കവിതയുമായള ഗൂഢാലോചന നടത്തുകയും 100 കോടി രൂപ കിക്ക്ബാക്ക് കൈപ്പറ്റുകയും ചെയ്‌തെന്നാണ്. വിഷയത്തില്‍ ചോദ്യം ചെയ്യാനുള്ള ഇഡിയുടെ ഒമ്പത് സമന്‍സുകളില്‍ നിന്ന് കെജ്രിവാള്‍ ഒഴിഞ്ഞുമാറുകയും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് പ്രകാരം രണ്ട് കേസുകള്‍ കോടതിയില്‍ ഫയല്‍ ചെയ്യുകയും ചെയ്തു.

2021-22 2021 നവംബര്‍ 17 നാണ് ഡല്‍ഹി സര്‍ക്കാരിന്റെ എക്സൈസ് നയത്തിന് തുടക്കമാകുന്നത്. മദ്യമേഖലയുടെ നവീകരണത്തിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും 9,500 കോടി രൂപ വരുമാനം വര്‍ധിപ്പിക്കുന്നതിനുമായാണ് മദ്യനയം ആവഷ്‌കരിച്ചത്.

അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നയപ്രകാരം സ്വകാര്യ ഉടമസ്ഥതയിലുള്ള കടകള്‍ക്ക് വഴിയൊരുക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന 600 ഷോപ്പുകള്‍ അടച്ചുപൂട്ടാന്‍ ശ്രമിച്ചു.   

പുതിയ നയത്തോടെ തലസ്ഥാന നഗരത്തിലെ മിക്ക മദ്യവില്‍പ്പനകളുടെയും മുന്‍വശത്തെ ഇരുമ്പ് ഗ്രില്ലുകള്‍ ഒഴിവാക്കി. മദ്യം വാങ്ങുന്നവര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ബ്രാന്‍ഡുകള്‍ തെരഞ്ഞെടുത്ത് വാങ്ങാനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. വെബ്സൈറ്റുകളും ആപ്പുകളും വഴി ഡല്‍ഹിയില്‍ മദ്യം ഹോം ഡെലിവറി ചെയ്യാനും ആരംഭിച്ചു.

2022 ജൂലൈയില്‍ ചീഫ് സെക്രട്ടറി നരേഷ് കുമാര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്നാണ് ഡല്‍ഹി എക്സൈസ് നയ അഴിമതി കേസ് ഉടലെടുത്തത്. അന്നത്തെ എക്‌സൈസ് മന്ത്രി മനീഷ് സിസോദിയ ഏകപക്ഷീയവുമായ തീരുമാനങ്ങള്‍ കൈക്കൊണ്ടെന്നും പുതിയ നയം നടപ്പിലാക്കുന്നത് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും എഎപിയുമായി ബന്ധപ്പെട്ട ചില നേതാക്കളും മന്ത്രിമാരും കിക്ക്ബാക്ക് സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.

സിസോദിയ നിയമങ്ങള്‍ വളച്ചൊടിക്കുകയും മദ്യവില്‍പ്പന ലൈസന്‍സികള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തുവെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്നും സക്സേന ആവശ്യപ്പെട്ടു.

പ്രസ്തുത റിപ്പോര്‍ട്ട് വന്നയുടന്‍ ഡല്‍ഹി സര്‍ക്കാര്‍ മദ്യനയം പിന്‍വലിച്ചു. ബിജെപി തങ്ങളുടെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സികളെ വില്‍പ്പനക്കാരെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുന്നതിനാലാണ് നയം റദ്ദാക്കിയത് എന്നാണ് സിസോദിയ പറഞ്ഞത്.

അറസ്റ്റ് ചെയ്യുന്നതുവരെ, ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിസോദിയയുടെ പേര് ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇയാളുടെ വീടുള്‍പ്പെടെ 31 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.

ബി.ജെ.പിയുടെ മറ്റൊരു കടുത്ത വിമര്‍ശകനായ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളാണ് കവിത. അവരേയും കേസില്‍ പ്രതിയാക്കിയിരുന്നു. അടുത്തിടെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഡല്‍ഹിയിലെ ചില്ലറ മദ്യവില്‍പ്പന മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ് സ്വകാര്യ മേഖലയ്ക്ക് കടന്നുവരാന്‍ വഴിയൊരുക്കിയതായിരുന്നു എക്‌സൈസ് നയം. ലൈസന്‍സ് സ്വന്തമാക്കുന്നവര്‍ക്ക് അനാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കല്‍, കൈക്കൂലി വാങ്ങി ലൈസന്‍സ് നീട്ടി നല്‍കല്‍ തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങള്‍. മദ്യനയത്തിനെതിരെ റിപ്പോര്‍ട്ട് നല്‍കിയ ഉടന്‍ അത് റദ്ദാക്കിയത് കൂടുതല്‍ ദുരൂഹതകള്‍ക്കിടയാക്കി

എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഒണ്‍ലി മച്ച് ലൗഡറിന്റെ മുന്‍ സിഇഒ വിജയ് നായര്‍, പെര്‍നോഡ് റിക്കാര്‍ഡിലെ മുന്‍ ജീവനക്കാരന്‍ മനോജ് റായ്, ബ്രിന്‍ഡ്കോ സ്പിരിറ്റ്സിന്റെ ഉടമ അമന്‍ദീപ് ധാല്‍, ഇന്‍ഡോസ്പിരിറ്റ്സ് ഉടമ സമീര്‍ മഹേന്ദ്രു എന്നിവര്‍ നയ രൂപീകരണത്തില്‍ ഇടപെട്ടുവെന്ന് സിബിഐ കണ്ടെത്തിയിരുന്നു.

Tags