നിങ്ങളുടെ സുഹൃത്ത് ടോക്‌സിക് ആണെന്ന് തോന്നിയാല്‍ അപ്പോ സ്‌കൂട്ടാവുക, അരുതാത്ത ബന്ധം ദുരന്തത്തില്‍ കലാശിക്കും

google news
Anuja

 

കഴിഞ്ഞദിവസം നടന്ന സംഭവം ഏവരേയും ഞെട്ടിക്കുന്നതാണ്. ദീര്‍ഘകാലമായി ഒരു വ്യക്തിയുമായുള്ള ബന്ധം വിവാഹിതയായ സ്‌കൂള്‍ അധ്യാപികയ്ക്ക് സമ്മാനിച്ചത് ദുരന്തമാണ്. വിനോദയാത്ര കഴിഞ്ഞുവരവെ അനുജയെ സുഹൃത്ത് ഹാഷിം ബലമായി വാഹനത്തില്‍ കൊണ്ടുപോവുകയും പിന്നീട് വാഹനം ട്രക്കിനിടിച്ച് ഇരുവരും മരിക്കുകയുമായിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴിയില്‍ യുവതി പലവട്ടം കാറില്‍ നിന്നും ചാടാന്‍ ശ്രമിച്ചിരുന്നെന്നാണ്. അതായത്, വാഹനമിടിപ്പിക്കാന്‍ പോവുകയാണെന്ന ഭീഷണിയെത്തുടര്‍ന്ന് ഭയന്നാണ് അവര്‍ ചാടാന്‍ ശ്രമിച്ചിരുന്നതെന്നാണ് സൂചന.

അടുത്തിടെ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകവെ അനുജയുടേയും ഹാഷിമിന്റേയും ജീവിതം പലര്‍ക്കും പാഠമാകേണ്ടതാണ്. തന്നില്‍ നിന്നും അകലുകയാണെന്ന് തോന്നിയാല്‍ പങ്കാളിയെ നിഷ്‌കരുണം ഇല്ലാതാക്കുന്ന രീതിയില്‍ മാനസിക വൈകൃതത്തിന് അടിമകളാകുന്ന ഒരു സമൂഹമായി മലയാളി മാറുകയാണോ എന്ന് സംശയിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. സുഹൃത്ത് ടോക്‌സിക് ആണെന്ന് തോന്നിയാല്‍ എത്രയും പെട്ടെന്ന് ഇയാളുടെ സൗഹൃദം തന്ത്രപൂര്‍വം ഉപേക്ഷിക്കുകയാണ് ഇതിനുള്ള പ്രധാന പോംവഴി.

ഒരു നല്ല ബന്ധത്തിന് നിങ്ങളുടെ ജീവിതം അസാധ്യമായ നിലയിലേക്ക് ഉയര്‍ത്താന്‍ കഴിയും. എന്നാല്‍, ഒരു ടോക്‌സിക് സുഹൃത്തുമായുള്ള അടുപ്പം വ്യക്തികളെ ഇല്ലാതാക്കും. ശാരീരികമോ മാനസികമോ ആയി ആരെങ്കിലും ദുരുപയോഗം ചെയ്താല്‍, അവരെ ഉപേക്ഷിക്കാന്‍ ഒട്ടും മടിക്കേണ്ടതില്ല.

ശാരീരിക ദുരുപയോഗം, ആവര്‍ത്തിച്ചുള്ള അവിശ്വസ്തത, അനുചിതമായ ലൈംഗിക പെരുമാറ്റം, അനാദരവ്, സത്യസന്ധതയില്ലാത്ത, നിങ്ങളെ നിയന്ത്രിക്കുന്ന പെരുമാറ്റം തുടങ്ങിയവയെല്ലാം ഒരു ടോക്‌സിക് വ്യക്തിയുടെ ലക്ഷണങ്ങളാണ്.

ഇത്തരം ബന്ധങ്ങളില്‍ നിന്നും പുറത്തുകടക്കാനുള്ള ശ്രമമാണ് പലപ്പോഴും ദുരന്തത്തില്‍ കലാശിക്കുന്നത്. അതുകൊണ്ടുതന്നെ അരുതാത്ത അടുപ്പങ്ങളില്‍ നിന്നും വിട്ടുപോരുമ്പോള്‍ ജാഗ്രത പാലിക്കണം. സുഹൃത്ത് ടോക്‌സിക് ആണെന്ന് മനസിലാക്കിയാല്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുന്നതാകും നല്ലത്.

ടോക്‌സിക് ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നത് ശരിക്കും സങ്കീര്‍ണ്ണമായേക്കാം. എന്നാല്‍, എത്രയും വേഗം നിങ്ങള്‍ ഒരു ബന്ധം ഉപേക്ഷിക്കുന്നുവോ അത്രയും നല്ലത്. പ്രക്രിയ എളുപ്പമാക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

നിങ്ങള്‍ ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ എങ്ങനെയാണ് അതിനെ നേരിടാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് ഒരു പ്ലാന്‍ തയ്യാറാക്കുക. ഇക്കാര്യം ആരെയെങ്കിലും അറിയിക്കുക. ഒരു കുടുംബാംഗത്തിന്റേയോ സുഹൃത്തിന്റേയോ സഹായം തേടാം. ഭീഷണി തോന്നുന്നുവെങ്കില്‍ പോലീസിനെ വിവരം അറിയിക്കേണ്ടതാണ്.

ടോക്‌സിക് ബന്ധം ഉപേക്ഷിക്കുന്നതിനും സ്വയം വീണ്ടെടുക്കുന്നതിനും പരിശ്രമവും സമയവും എടുക്കും. റിലേഷന്‍ഷിപ്പ് പ്രശ്നങ്ങളില്‍ അനുഭവപരിചയമുള്ള കൗണ്‍സിലര്‍മാരുടെ സഹായവും തേടാം.

ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ ടോക്‌സിക് സുഹൃത്തുമായുള്ള സംസാരം കുറയ്ക്കുക. നിങ്ങളെ തിരികെ ആകര്‍ഷിക്കാന്‍ ഇമോഷണല്‍ ബ്ലാക്ക്മെയില്‍ ഉപയോഗിച്ചേക്കാം. ഇത് മറികടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രക്ഷപ്പെടുക എളുപ്പമാകില്ല. ടോക്‌സിക്കായ വ്യക്തിയെ പ്രകോപിപ്പിക്കാതിരിക്കാനും നിങ്ങളില്‍ നിന്നും അവരുടെ ശ്രദ്ധ പതിയെ തിരിക്കാനും സാധിക്കണം. പൊടുന്നനെയുള്ള അകല്‍ച്ച പ്രകോപനത്തിന് ഇടയാക്കുകയും അത് ആക്രമണത്തിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ സമയമെടുത്തുള്ള അകല്‍ച്ചയാകും നല്ലത്.

 

Tags