സിപിഎമ്മില്‍ ശുദ്ധികലശവുമായി എംവി ഗോവിന്ദന്‍, ഏതു വമ്പനായാലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ പുറത്തുപോകും, കരുത്തോടെ തളിപ്പറമ്പിന്റെ മാഷ്
കണ്ണൂര്‍: സിപിഎമ്മിലെ ഏറ്റവും മികച്ച സംഘാടകരില്‍ ഒരാളായാണ് എംവി ഗോവിന്ദന്‍ മാഷ് അറിയപ്പെടുന്നത്. പാര്‍ട്ടി പ്രതിസന്ധിയിലായ ഇടത്തെല്ലാം ട്രബിള്‍ഷൂട്ടറായി മികവുകാട്ടിയിട്ടുളള എംവി ഗോവിന്ദന്‍ തന്നേക്കാള്‍ സീനിയറായ ഇപി ജയരാജനേപ്പോലും മറികടന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായതില്‍ അതിശയിക്കാനില്ല. സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റപ്പോഴും എത്ര വമ്പനായും അച്ചടക്കത്തിന്റെ കാര്യത്തില്‍ കടുകിട ഇളവുനല്‍കാന്‍ തയ്യാറല്ലെന്ന് തെളിയിക്കുകയാണ് അദ്ദേഹം.
ദീര്‍ഘകാലമായി സിപിഎമ്മിന് തലവേദനയുണ്ടാക്കുന്ന വിവാദ നേതാക്കളേയെല്ലാം പാര്‍ട്ടിയുടെ ചട്ടക്കൂടിനകത്തിട്ട് മാഷ് അച്ചടക്കം പഠിപ്പിക്കുകയാണ്. പി കെ ശശിയും സാക്ഷാല്‍ ഇ പി ജയരാജനുമെല്ലാം മാഷിന്റെ ക്ലാസില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. പി ശശിയായിരിക്കും പാര്‍ട്ടിക്ക് പുറത്തേക്കു പോകുന്ന അടുത്ത വമ്പന്‍ നേതാവെന്നാണ് സൂചന. പി ജയരാജന്‍ ഉള്‍പ്പെടെ പ്രമുഖരായ നേതാക്കളേയെല്ലാം അച്ചടക്കത്തിന്റെ മുനയില്‍നിര്‍ത്തി പാര്‍ട്ടിയെ നേര്‍വഴിയിലേക്ക് നയിക്കുകയാണ് പഴയ പിടി അധ്യാപകന്റെ ലക്ഷ്യം.
പ്രമുഖരായ രണ്ട് നേതാക്കളാണ് അടുത്തകാലത്തായി സിപിഎമ്മിന്റെ നടപടിക്കിരയായത്. പാലക്കാട് പി കെ ശശിയും കണ്ണൂരില്‍ ഇപി ജയരാജനും. പികെ ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയാണ് ചെയ്തതെങ്കില്‍ ഇപി ജയരാജനെ എൽഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നുതന്നെ മാറ്റി. പികെ ശശിക്കെതിരെ വര്‍ഷങ്ങളായി ആരോപണം സജീവമാണ്. സ്ത്രീവിഷയത്തില്‍ ശശിക്കെതിരെ നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ലെങ്കിലും സാമ്പത്തിക ഇടപാടില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇപ്പോഴത്തെ നടപടി.
ഇപി ജയരാജനെതിരെ പാര്‍ട്ടി തലത്തിലുള്ള അച്ചടക്ക നടപടിയായി കാണാന്‍ കഴിയില്ലെങ്കിലും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രവര്‍ത്തനം നടത്തിയ നേതാവിന് വ്യക്തമായ സൂചന നല്‍കുന്നതാണ് എൽഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തെ മാറ്റം. സിപിഎം സംസ്ഥാന സെക്രട്ടറിയാകുമെന്ന് കരുതപ്പെട്ടിരുന്ന ജയരാജന്‍ ഇനി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
ബിജെപി നേതാവ് പ്രകാശ് ജാവദേഡക്കറുമായി കൂടിക്കാഴ്ച നടത്തിയകാര്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസം തന്നെ പുറത്തുപറഞ്ഞ ഇപി സിപിഎമ്മിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. വര്‍ഷങ്ങളായി ഇപി ജയരാജനും പാര്‍ട്ടി നേതൃത്വവുമായി കാര്യങ്ങള്‍ ശരിയായ രീതിയിലല്ല നീങ്ങുന്നത്. ഭാര്യയുടെ പേരിലുള്ള റിസോര്‍ട്ടും പി ജയരാജന്റെ ആരോപണങ്ങളുമെല്ലാമായി ഇപി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പഴികേട്ടിരുന്നു. എന്നാല്‍, ജയരാജനെപ്പോലെ ഒരു നേതാവിനെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം മടിച്ചു. ബിജെപി ബന്ധമെന്ന ആരോപണമാണ് എൽഡിഎഫ് കണ്‍വീനര്‍ സ്ഥാനം തെറിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ആയിരിക്കും എംവി ഗോവിന്ദന്റെ അച്ചടക്ക നടപടി നേരിടേണ്ടിവരുന്ന അടുത്ത നേതാവ് എന്ന് സംസാരമുണ്ട്. സ്ത്രീവിഷയത്തില്‍ നേരത്തെ അച്ചടക്ക നടപടിക്ക് വിധേയനായ ശശി പിന്നീട് തിരിച്ചെത്തുകയും താക്കോല്‍സ്ഥാനത്ത് കയറിപ്പറ്റുകയും ചെയ്തത് അണികള്‍ക്കിടയില്‍ ഏറെ അസ്വാരസ്യത്തിന് കാരണമായിരുന്നു. ആഭ്യന്തര വകുപ്പിന്റെ കടിഞ്ഞാണ്‍ കൈക്കലാക്കി ശശി ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ പാര്‍ട്ടിയെ ഇല്ലാതാക്കുന്ന തരത്തിലേക്ക് നീങ്ങിയതോടെയാണ് അച്ചടക്ക നടപടിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.
ഏതു നേതാവായാലും പാര്‍ട്ടിയെ അനുസരിക്കാതെ മുന്നോട്ടുപോകാനാകില്ല എന്ന നിലപാടിലാണ് എംവി ഗോവിന്ദന്‍. മുഖ്യമന്ത്രിക്കുശേഷം രണ്ടാമന്‍ എന്ന നിലയിലേക്ക് ഉയര്‍ന്നുകഴിഞ്ഞ അദ്ദേഹം തുടര്‍ഭരണത്തിന്റെ ആലസ്യമില്ലാതെ സിപിഎമ്മിനെ മുന്നോട്ടുനയിക്കാനുള്ള യത്‌നത്തിലാണ്. അടുത്ത ഫിബ്രുവരിയില്‍ നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തോടെ ഗോവിന്ദന്‍ മാഷ് പാര്‍ട്ടിയിലെ തന്റെ നേതൃസ്ഥാനം ഒന്നുകൂടി ഉറപ്പിക്കും.
പാര്‍ട്ടിയിലെ ക്രൈസിസ് മാനേജ്‌മെന്റ് വിദഗ്ധന്‍ എന്നാണ് എംവി ഗോവിന്ദന്‍ അറിയപ്പെടുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി 2 വര്‍ഷം തികയ്ക്കുമ്പോള്‍ കാര്യങ്ങള്‍ ശരിയായ വഴിക്കാണോ എന്നതില്‍ പലര്‍ക്കും സംശയമുണ്ട്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാകും ഇനി നേതൃത്വത്തിന്റെ പ്രധാന ചുമതല. അതിന് മുന്‍പ് പാര്‍ട്ടിക്ക് പ്രതിസന്ധിയുണ്ടാക്കിയ നേതാക്കളെയെല്ലാം പ്രധാന ചുമതലകളില്‍ നിന്നും ഒഴിവാക്കും. സംസ്ഥാന സമ്മേളനത്തോടുകൂടി പാര്‍ട്ടിയിലെ ശുദ്ധികലശം പൂര്‍ത്തിയാകുമെന്നാണ് എംവി ഗോവിന്ദന്റെ കണക്കുകൂട്ടല്‍.