പിപി ദിവ്യ വിവാദവും ചാനല്‍ ചര്‍ച്ചകളും വോട്ടായി മാറിയില്ല, തെരഞ്ഞെടുപ്പ് പ്രവചനം തെറ്റിയതിനെക്കുറിച്ച് സിപി റാഷിദ് പറയുന്നത് ഇങ്ങനെ

CP Rashid Chelakkara
CP Rashid Chelakkara

ചേലക്കരയിലെ തന്റെ പ്രവചനം തെറ്റാന്‍ കാരണം അടുത്തിടെ ഉണ്ടായ ചില വിഷയങ്ങള്‍ വോട്ടായി മാറുമെന്ന നിഗമനമായിരുന്നെന്ന് റാഷിദ് പറയുന്നു.

കൊച്ചി: സംസ്ഥാനത്ത് നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പിന്റേയും ഫലം പുറത്തുവന്നതോടെ പ്രവചന വിദഗ്ധനായ സിപി റാഷിദിന് സോഷ്യല്‍ മീഡിയയില്‍ തെറിവിളിയാണ്. മൂന്നിടത്തും റാഷിദിന്റെ പ്രവചനം പാളി. ചേലക്കരയില്‍ നേരിയ ഭൂരിപക്ഷത്തിന് രമ്യ ഹരിദാസ് ജയിക്കുമെന്നായിരുന്നു റാഷിദിന്റെ പ്രവചനം. എന്നാല്‍ 12,000ത്തില്‍ അധികം വോട്ടുകള്‍ക്ക് ഇടതുമുന്നണിയുടെ യുആര്‍ പ്രദീപാണ് ജയം നേടിയത്.

പാലക്കാടും വയനാടും യുഡിഎഫ് ജയിക്കുമെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. ഈ മണ്ഡലങ്ങളില്‍ റാഷിദിന്റെ ജയപ്രവചനം ശരിയായെങ്കിലും വോട്ടിങ് ശതമാനത്തിലും ഭൂരിപക്ഷത്തിലുമെല്ലാം വലിയ വ്യത്യാസമുണ്ടായി. ചേലക്കരയിലെ തന്റെ പ്രവചനം തെറ്റാന്‍ കാരണം അടുത്തിടെ ഉണ്ടായ ചില വിഷയങ്ങള്‍ വോട്ടായി മാറുമെന്ന നിഗമനമായിരുന്നെന്ന് റാഷിദ് പറയുന്നു. പിപി ദിവ്യയുടെ വിവാദവും ചാനലുകള്‍ ആഴ്ചകളോളം നടത്തിയ ചര്‍ച്ചകളും വോട്ടര്‍മാരെ സ്വാധീനിച്ചില്ലെന്നും മാധ്യമ വാര്‍ത്തകള്‍ ജനങ്ങള്‍ അതേപടി സ്വീകരിക്കില്ലെന്നതിന്റെ തെളിവാണിതെന്നും റാഷിദ് വ്യക്തമാക്കി.

റാഷിദിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

 

തിരഞ്ഞെടുപ്പ് എന്നത് നമ്മുടെ കേരളത്തില്‍ ഒരു ഉത്സവം ആണ്. എന്തോ അറിഞ്ഞോ, അറിയാതെയോ ഞാനും അതിന്റെ ഒരു ഭാഗം ആയി വന്നു ചേര്‍ന്നിരിക്കുന്നു. അതിന് കാരണം  ഇലക്ഷന്‍ പ്രെഡിക്ഷന്‍സ് കൂടി ആണ്.

കൂട്ടി കാലം മുതല്‍ രാഷ്ട്രീയം എന്നത്, ഒരു ഇഷ്ട വിഷയവും ആയിരുന്നു. ഒരര്‍ത്ഥത്തില്‍ പൊളിറ്റിക്കല്‍ ന്യൂസുകളുടെ അഡിക്ട് പേഴ്‌സണ്‍. തുടര്‍ച്ചയായി വന്ന കൃത്യതയ്ക്ക് ഇടയിലെ ചില വീഴ്ചകളില്‍ പ്രധാനപെട്ട ഒന്നാണ് ഇന്നത്തെ ചേലക്കര ബൈ ഇലക്ഷന്‍ റിസള്‍ട്ട്. അത് അംഗീകരിക്കുന്നു. അതിനെ കുറിച്ച് നേരിട്ടു പരിചയം ഇല്ലാത്ത അനേകം മനുഷ്യരില്‍ ചിലരെങ്കിലും വ്യക്തി പരമായി വിളിച്ചു ചോദിക്കുന്നു. എന്താണ് സംഭവിച്ചത്.? നിങ്ങള്‍ ചേലക്കരയെ കുറിച്ച് കുറിപ്പ് ഇട്ടപ്പോള്‍ തന്നെ ഞങ്ങള്‍ അമ്പരന്നിരുന്നു.

അതേ. ഞാനും അംഗീകരിക്കുന്നു. അപ്പോഴും ഏകദേശം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പത്തോളം തിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ കൃത്യത ആയിരുന്നു ഞാനും നിങ്ങളും തമ്മിലുള്ള ബന്ധം. അതില്‍ വിവിധ പാര്‍ട്ടികളുടെ ജയ പരാജയങ്ങളും ഉണ്ടാവാം. ഞാന്‍ നേരിട്ട് പോവാത്ത പല സംസ്ഥാനങ്ങളിലും നടന്ന തിരഞ്ഞെടുപ്പുകള്‍ പോലും കൃത്യമായി പ്രവചിക്കാന്‍ എനിക്ക് കഴിഞ്ഞത് നമ്മുടെ നാട്ടിലെ മാധ്യമ വാര്‍ത്തകളിലൂടെയാണ്. ചര്‍ച്ചകളിലൂടെയാണ്. ഒപ്പം നമ്മുടെ സാമൂഹിക മാധ്യമ പ്രതി കരണങ്ങളിലൂടെയും. ഇതില്‍ നിന്നൊക്കെ ഞാന്‍ കണ്ടെത്തുന്ന വ്യക്തി പരമായ നിഗമനങ്ങളും. അതിന് അപ്പുറം ഒരു മായ ജാല വിദ്യയും എന്റെ കയ്യില്‍ ഇല്ല.
നമുക്ക് ഇന്നത്തെ റിസള്‍ട്ടിലേക്ക് തിരിച്ചു വരാം. എന്താണ്,ചേലക്കര റിസള്‍ട്ടില്‍ തെളിഞ്ഞു കാണുന്നത്.? അതില്‍ പ്രധാനപ്പെട്ട ഒന്നാണ്, നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ക്ക് ഇടയില്‍, ഈ അടുത്തായി വന്ന വലിയ രീതിയില്‍ ഉള്ള മത്സരങ്ങള്‍. അതിന്റെ ഭാഗമായി വാര്‍ത്തകളെ അനാവശ്യമായി വലിച്ചു നീട്ടുന്ന രീതി. ഉദാഹരണത്തിനു കണ്ണൂരിലെ പി പി ദിവ്യ വിഷയം. അതില്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ നടന്ന നിരീക്ഷണങ്ങള്‍, എട്ടു മണി ചര്‍ച്ചകള്‍, എല്ലാം പൊളിറ്റിക്കല്‍ കാല്‍പ്പനികതയുടെ അങ്ങേയറ്റം ആയിരുന്നില്ലേ..? എത്ര ദിവസം ആണ് ആ കാല്‍പനികത വെച്ച് വലിച്ചു നീട്ടിയത്. ദൗര്‍ഭാഗ്യതയുടെ പര കോടിയില്‍ ഒരു മനുഷ്യന്‍ ആത്മഹത്യ ചെയ്തു. അതിന്റെ പേരില്‍ എന്തൊക്കെയാണ് ഈ നാട്ടില്‍ വാര്‍ത്തകളായി കയറ്റി വിട്ടത്. എന്നിട്ട് എന്തെങ്കിലും ഒരു ചലനം വോട്ടില്‍ ജനങ്ങള്‍ അടയാളപ്പെടുത്തിയോ.? ഒന്നും തന്നെയില്ല.

ലോക സഭാ തിരഞ്ഞെടുപ്പിന് ശേഷം വന്ന ഏതെങ്കിലും വാര്‍ത്തകള്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചോ.? ഒന്നും തന്നെയില്ല. അതായത് ജനം എന്നത് കൃത്യമായ ഒരു ഫില്‍റ്ററിങ് നടത്തുന്നുണ്ട്. അതിന് അനുസരിച്ചു അവര്‍ കൃത്യമായി പ്രതികരിക്കും. അതാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രകടമാവുന്ന പ്രധാനപെട്ട ഒരു ഐറ്റം. ഇത് തന്നെയായിരുന്നു,2021 ലെ തുടര്‍ഭരണത്തിലും സംഭവിച്ചത്. പറഞ്ഞു വരുന്നത് എല്ലാ മാധ്യമ വാര്‍ത്തകളും ജനം തിരസ്‌കരിക്കുന്നു എന്നല്ല. ജനം മെറിറ്റ് അനുസരിച്ചു വിലയിരുത്തുന്നു എന്നതാണ്.

കുറിപ്പ് നീണ്ടു പോയി. എന്റെ കണക്ക് കൂട്ടലുകളിലെ കൃത്യത കുറവിന് ഒരു ന്യായികരണ വാദം ആയി അല്ല ഇത്രയും പറഞ്ഞത്. ഒപ്പം, ഈ അടുത്തായി വന്ന പല പൊളിറ്റിക്കല്‍ കോണ്‍ടാക്റ്റുകളും എന്റെ പ്രവചനങ്ങളേയും സ്വാധീനിച്ചിട്ടുണ്ടാവാം. അതില്‍ ഇന്ന പാര്‍ട്ടി എന്നൊന്നുമില്ല. നമ്മള്‍ പ്രതീക്ഷിക്കാത്ത പല പൊളിറ്റിക്കല്‍ അഭിപ്രായങ്ങളും നമ്മളിലേക്ക് എത്തിയിട്ടും ഉണ്ടാവാം. കണക്കിലെ കളിയിലെ പരാജയം വ്യക്തി പരമായി അംഗീകരിക്കുന്നു. ഒപ്പം ജയിച്ച നമ്മുടെ നാട്ടിലെ ജന പ്രതിനിധികള്‍ക്ക് അഭിനന്ദനങ്ങള്‍. പ്രത്യേകിച്ച് ചേലക്കരയുടെ നായകന്‍ യു ആര്‍ പ്രദീപിന്.!

പിന്നെ ഒരു കാര്യം, നിലവില്‍ തെറി വിളിച്ചു കൊണ്ടിരിക്കുന്ന ആരും അത് നിര്‍ത്തരുത്. കാരണം. നിങ്ങളുടെ ജോലി അതാണ്. അത് തുടരുക. ഞാന്‍ ആസ്വദിക്കുന്നുണ്ട്.

CP Rashid

Tags