മന്ത്രി അറിയുന്നുണ്ടോ? കലോത്സവ വേദികളില്‍ കോഴയുടെ ഒഴുക്ക്, ഒന്നാം സ്ഥാനത്തിന് 50,000 രൂപവരെ, ശബ്ദരേഖ പുറത്ത്, കാശുവാരുന്നത് ജഡ്ജസും ഏജന്റുമാരും

kerala school youth festival
kerala school youth festival

കുട്ടികളെ കഷ്ടപ്പെട്ട് പഠിപ്പിച്ചാണ് രക്ഷിതാക്കള്‍ വേദിയിലെത്തിക്കുന്നത്. ഈ കുട്ടികള്‍ക്ക് അര്‍ഹിച്ച വിജയം ലഭിക്കുന്നില്ലെന്ന് മാത്രമല്ല അപ്പീല്‍ നല്‍കാന്‍ വമ്പന്‍ തുക കണ്ടെത്തേണ്ട അവസ്ഥയിലാണിപ്പോള്‍.

കൊച്ചി: സംസ്ഥാനത്തെ ജില്ലാ സ്‌കൂള്‍ കലോത്സവങ്ങള്‍ പുരോഗമിക്കവെ മിക്കയിടങ്ങളിലും പരാതിപ്രവാഹം. നന്നായി പ്രകടനം നടത്തിവര്‍ പിന്നിലാവുകയും ജയിക്കില്ലെന്ന് ഉറപ്പിക്കുന്നവര്‍ ഒന്നാം സ്ഥാനവുമായി സംസ്ഥാന കലോത്സവത്തിന് ഇടംനേടുകയും ചെയ്യുന്ന കാഴ്ചയാണെങ്ങും. വര്‍ഷങ്ങളായി കേള്‍ക്കുന്ന ജഡ്ജസുമാരുടെ കോഴക്കഥകള്‍ക്ക് ഇക്കുറിയും വിരാമില്ല. മാത്രമല്ല, അപ്പീല്‍ നല്‍കാന്‍ 5,000 രൂപയാണ് സര്‍ക്കാരിലേക്ക് അടക്കേണ്ടത്.

സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നിലധികം ഇനങ്ങളില്‍ മത്സരിച്ചവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ വലിയ തുക കെട്ടിവെക്കണമെന്ന് ഒരു രക്ഷിതാവ് ചൂണ്ടിക്കാട്ടി. കോട്ടയം ജില്ലാ കലോത്സവത്തില്‍ കുച്ചിപ്പുടിയിലും നാടോടി നൃത്തത്തിലും മത്സരിച്ച കുട്ടിയുടെ പിതാവിന് സാമ്പത്തിക കാരണത്താല്‍ ഒരിനത്തില്‍ മാത്രമാണ് അപ്പീല്‍ നല്‍കാനായത്.

കുട്ടികളെ കഷ്ടപ്പെട്ട് പഠിപ്പിച്ചാണ് രക്ഷിതാക്കള്‍ വേദിയിലെത്തിക്കുന്നത്. ഈ കുട്ടികള്‍ക്ക് അര്‍ഹിച്ച വിജയം ലഭിക്കുന്നില്ലെന്ന് മാത്രമല്ല അപ്പീല്‍ നല്‍കാന്‍ വമ്പന്‍ തുക കണ്ടെത്തേണ്ട അവസ്ഥയിലാണിപ്പോള്‍. അപ്പീല്‍ എണ്ണം കുറയ്ക്കാനാണ് ഫീസ് കൂട്ടിയതെന്ന് അധികൃതര്‍ പറയുന്നു. അതേസമയം, മികച്ച പ്രകടനം നടത്തിയ കുട്ടിക്ക് എന്തുകൊണ്ട് ഒന്നാം സ്ഥാനം നല്‍കിയില്ലെന്ന ചോദ്യത്തിന് ജഡ്ജസിന് മറുപടിയില്ല.

അപ്പീലുമായെത്തുന്ന കുട്ടികള്‍ ഒന്നാം സ്ഥാനം വാങ്ങുന്നത് പതിവാണ്. ജഡ്ജസുമാരുടെ അഴിമതിക്കഥകള്‍ തുറന്നുകാട്ടിയിട്ടും ഇതിന് തടയിടാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. വിജിലന്‍സ് നിരീക്ഷണമുണ്ടെന്ന് പറയുമ്പോഴും അത് ഫലവത്തല്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന പല വെളിപ്പെടുത്തലുകളും. ജഡ്ജസുമാരെ സ്വാധീനിക്കുന്ന പരിശീലകരും അധ്യാപകരും ഏജന്റുമാരുമെല്ലാം ജയം അര്‍ഹിക്കുന്ന മിടുക്കരായ കുട്ടികളുടെ ഭാവിയാണ് ഇല്ലാതാക്കുന്നത്.

അതിനിടെ കട്ടപ്പന സ്വദേശിയായ നൃത്താധ്യാപകനും വിധികര്‍ത്താക്കളും തമ്മില്‍ നടന്ന കോണ്‍ഫറന്‍സ് കോളിന്റെ റെക്കോഡെന്നപേരില്‍ ശബ്ദരേഖ പ്രചരിക്കുകയാണ്. 10,000 രൂപ മുതല്‍ 50,000 രൂപവരെയാണ് കോഴയായി വാഗ്ദാനം ചെയ്യുന്നത്.

ഓരോ ഇനത്തിനും വിധികര്‍ത്താക്കളെ തീരുമാനിക്കുന്നതുപോലും വിവാദനായകനായ നൃത്താധ്യാപകനാണെന്ന് ശബ്ദരേഖയിലുണ്ട്. ഇയാള്‍ തീരുമാനിച്ചുനല്‍കുന്നവരെയാണ് ഡിഡിഇ ഓഫീസില്‍നിന്ന് വിധികര്‍ത്താക്കളും പാനലില്‍ നിയമിക്കുന്നതെന്നാണ് ആരോപണം.

വിധികര്‍ത്താക്കളില്‍ പലരും തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ബയോഡേറ്റയാണ് വിദ്യാഭ്യാസവകുപ്പിന് സമര്‍പ്പിക്കുന്നതെന്ന വിവരവും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മത്സരാര്‍ഥികളും രക്ഷിതാക്കളും മറ്റ് നൃത്താധ്യാപകരും ആവശ്യപ്പെടുന്നു.

വിവാദ ശബ്ദരേഖ പുറത്തുവന്നതോടെ ഇടുക്കി ജില്ലാ കലോത്സവത്തില്‍, വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന നാടോടിനൃത്തം, തിരുവാതിര, സംഘനൃത്തം എന്നിവ ശനിയാഴ്ചത്തേക്ക് മാറ്റി. ശബ്ദരേഖയും, നൃത്താധ്യാപകന്‍ വിധികര്‍ത്താക്കള്‍ക്ക് അയച്ചുനല്‍കിയ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുമായി മറ്റ് നൃത്താധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രതിഷേധിച്ചതോടെയാണ് നടപടിയുണ്ടായത്.

 

Tags