എസ്ഡിപിഐയുമായുള്ള കൂട്ടുകെട്ട് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായേക്കും, ഹിന്ദു ക്രിസ്ത്യന്‍ വോട്ടുകള്‍ ഭിന്നിക്കും, ദേശീയ തലത്തില്‍ ആയുധമാക്കാന്‍ ബിജെപി


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തീവ്ര മുസ്ലീം സംഘടനയായ എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും കോണ്‍ഗ്രസ് അത് സ്വീകരിക്കുകയും ചെയ്തത് തിരിച്ചടിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഹിന്ദു ക്രിസ്ത്യന്‍ വോട്ടുകള്‍ ഭിന്നിക്കാന്‍ ഇത് ഇടയായേക്കും. നേരത്തെ ജമാഅത്തെ ഇസ്ലാമിയെ പോലുള്ള സംഘടനകളുമായുള്ള കൂട്ടുകെട്ട് യുഡിഎഫ് വോട്ടുബാങ്കുകളില്‍ ഇടിവുണ്ടാക്കിയിരുന്നു.
പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത് ബന്ധമുള്ള സംഘടനയാണ് എസ്ഡിപിഐ. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പിഎഫ്‌ഐയിലെ പ്രവര്‍ത്തകരും നേതാക്കളുമെല്ലാം എസ്ഡിപിഐയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരാണ്. ദേശീയ തലത്തില്‍ തന്നെ തീവ്രവാദ സ്വഭാവമുള്ള സംഘടനയെ നിരോധിച്ചപ്പോള്‍ ആ സംഘടനയുമായി ബന്ധമുള്ള എസ്ഡിപിഐയുടെ പിന്തുണ യുഡിഎഫിനെ പ്രത്യേകിച്ചും കോണ്‍ഗ്രസിനെ ബാധിച്ചേക്കും.
രാഹുല്‍ ഗാന്ധിയുടെ റാലിയിലെ മുസ്ലീം ലീഗിന്റെ പച്ച കൊടിപോലും ദേശീയ തലത്തില്‍ ആയുധമാക്കുന്ന ബിജെപിക്ക് കിട്ടിയ മറ്റൊരു ആയുധമാവുകയാണ് എസ്ഡിപിഐയുമായുള്ള കൂട്ടുകെട്ട്. തീവ്ര മുസ്ലീം സംഘടനകളുമായുള്ള ബന്ധത്തെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എസ് ഡിപിഐ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുള്ള അംഗീകാരമാണെന്നാണ് കെപിസിസി അധ്യക്ഷ്യന്‍ കെ സുധാകരന്റെ പ്രതികരണം.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ എസ്ഡിപിഐയുടെ കൂട്ടുകെട്ടിനെ എതിര്‍ത്തിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തിരിച്ചടിയായ പ്രധാന വിഷയങ്ങളിലൊന്നാണ് ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം. പ്രത്യേകിച്ചും കോണ്‍ഗ്രസിന് ലഭിക്കാറുണ്ടായിരുന്ന മധ്യ കേരളത്തിലെ ക്രിസ്ത്യന്‍ വോട്ടുകളില്‍ ഇത് കനത്ത ഇടവുണ്ടാക്കി.
ഇത്തരമൊരു പശ്ചാത്തലത്തില്‍ എസ്ഡിപിഐയുമായുള്ള ബാന്ധവം ഏതു രീതിയിലാകും തിരിച്ചടിയാവുകയെന്നത് കണ്ടറിയേണ്ടതാണ്. സിപിഎം ഇതിനകം തന്നെ വിഷയം ഏറ്റെടുത്തുകഴിഞ്ഞു. ബിജെപി നേതാക്കളും എസ്ഡിപിഐയുടെ കോണ്‍ഗ്രസ് ബന്ധത്തെ ചൂണ്ടിക്കാട്ടുകയും അത് വോട്ടാക്കി മാറ്റുകയും ചെയ്യും. പ്രത്യേകിച്ചും തൃശൂര്‍ ഉള്‍പ്പെടെ ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളിലെ പ്രധാന വിഷയങ്ങളിലൊന്നായി വരുംദിവസം ഇത് മാറിയാലും അതിശയിക്കാനില്ല.