ഗ്രാൻഡ് കണ്ണൂർ ഷോപ്പിങ് ഫെസ്റ്റിവലിലെ ‘ചക്ക വീട്’ ശ്രദ്ധേയമാകുന്നു
ലോക്ക് ഡൗൺ കാലം മുഴുവനും മിക്ക മലയാളികളുടെയും തീൻ മേശകളിലെ താരം ചക്കയായിരുന്നു. വറുതിക്കാലത്ത് താങ്ങായ ചക്ക ഏറെ ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നുകൂടിയാണ്. കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന കാർഷിക വ്യാവസായിക വാണിജ്യ മേളയായ ഗ്രാൻഡ് കണ്ണൂർ ഷോപ്പിങ് ഫെസ്റ്റിവലിൽ എത്തിയാൽ ചക്കയുടെ ഔഷധ ഗുണമുള്ള മൂല്യവർധിത ഉത്പന്നങ്ങൾ നിങ്ങൾക്കും സ്വന്തമാക്കാം..മേളയുടെ പ്രധാന ആകർഷണമായ ‘ചക്ക വീട്ടിൽ’ ചക്കവിഭവങ്ങളുടെ ഒരു കലവറ തന്നെയാണ് നിങ്ങളെ കാത്തിരിക്കുന്നത്..
ചക്ക ഹൽവ , ചക്ക സ്ക്വാഷ്, ചക്ക വരട്ടി, ചക്ക ചമ്മന്തിപ്പൊടി, ചക്ക പുട്ടുപൊടി, ചക്ക ഉണ്ട, ജാം , ഇടിച്ചക്ക അച്ചാർ, ചക്ക പക്കാ വട, ചക്ക മുറുക്ക്..എന്നിങ്ങനെ ഇവിടുത്തെ ചക്ക ഉൽപ്പന്നങ്ങളുടെ ലിസ്റ്റ് അങ്ങനെ നീണ്ടു കിടക്കുകയാണ്.. തീർന്നില്ല, പാഷൻ ഫ്രൂട്ട് സ്ക്വാഷ്, ജാതിക്ക സ്ക്വാഷ്, നെല്ലിക്ക കാന്താരി തുടങ്ങിയവയും ഇവിടെ ലഭ്യമാണ്. യാതൊരു വിധ മായവും കലരാത്ത തനി നാടൻ ഉൽപ്പന്നങ്ങൾ ആണ് ഇവ ഓരോന്നും.
തൃശൂർ നവഹരിതം ചാലക്കുടിയും ഗോൾഡൻ ജാക്ക് (നാച്ചുറൽ പ്രോഡക്റ്റ്) എക്സ് സെർവീസ്മെൻ കോളനി ചാലക്കുടിയും സംയുക്തമായാണ് ‘ചക്ക വീട്’ എന്ന പേരിൽ ചക്കയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ഔഷധ ഗുണമുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ പ്രദര്ശനവും വിൽപ്പനയും സംഘടിപ്പിക്കുന്നത്.
ചാലക്കുടി വെറ്റിലപ്പാറയിലെ എക്സ് സെർവീസ്മെൻ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഫാക്ടറിയിൽ തയ്യാറാക്കുന്ന ഉൽപ്പന്നങ്ങൾ നവഹരിതം ചക്ക വീട് പ്രസിഡന്റ് ലൈജുവിന്റെ നേതൃത്വത്തിലാണ് വിൽപ്പനയ്ക്കെത്തിച്ചിരിക്കുന്നത്. സൊസൈറ്റി മാനേജർ മുരളീധരന്റെ നേതൃത്വത്തിൽ ഇന്ന് സൊസൈറ്റിയിൽ ചക്കയിൽ നിന്നും 200 ഓളം മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ടെന്നാണ് സൊസൈറ്റി ജീവനക്കാരനായ സലിം തോമസ് പറയുന്നത്.
ശരീരത്തിന് ആവശ്യമായ ജീവകങ്ങളും മൂലകങ്ങളും നാരുകളും അടങ്ങിയ പോഷകസമ്പന്നമായ നാടൻ വിഭവമാണ് ചക്ക. തയാമിൻ, വിറ്റാമിൻ എ, വിറ്റാമിൻ സി), സോഡിയം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ, കാൽസ്യം, ഇരുമ്പ്, മെഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ എന്നിവയുടെ സാന്നിധ്യമുള്ള ചക്ക ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധവുമാണ്. കൊളസ്ട്രോൾ കുറയ്ക്കുക, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയവയ്ക്കും സഹായിക്കുന്ന ചക്കയുടെ എല്ലാ ഗുണങ്ങളും ഈ ചക്ക ഉല്പന്നങ്ങളിലും അടങ്ങിയിരിക്കുന്നുണ്ട്.
ചക്ക ഉണ്ണിയപ്പം, ചക്ക പായസം, ചക്ക ഐസ് ക്രീം എന്നിവയും ഇവർ സാധാരണയായി തയ്യാറാക്കി നൽകാറുണ്ട്. എന്നാൽ ചില കാരണങ്ങൾകൊണ്ട് കണ്ണൂർ ഷോപ്പിങ് ഫെസ്റ്റിവലിൽ ഇവരുടെ ഈ ഉൽപ്പന്നങ്ങൾ ലഭ്യമല്ല. ഗ്രാൻഡ് കണ്ണൂർ ഷോപ്പിങ് ഫെസ്റ്റിവലിലെ ഈ ചക്ക വീട് ചക്കയുടെ മാഹാത്മ്യം വിളിച്ചോതുക കൂടിയാണ്. നിരവധിയാളുകളാണ് ചക്ക ഉൽപ്പന്നങ്ങൾ തേടി ഇപ്പോൾ ചക്ക വീട്ടിലേക്കെത്തിക്കൊണ്ടിരിക്കുന്നത്.
The post ഗ്രാൻഡ് കണ്ണൂർ ഷോപ്പിങ് ഫെസ്റ്റിവലിലെ ‘ചക്ക വീട്’ ശ്രദ്ധേയമാകുന്നു first appeared on Keralaonlinenews.