മാല പൊട്ടിച്ചെടുത്ത കള്ളനെ വലിച്ചു താഴെയിട്ട യുവതിക്ക് കൈയ്യടിക്കാന്‍ വരട്ടെ, മാലയേക്കാള്‍ വലുത് ജീവനാണ്, എതിര്‍ക്കാന്‍ നില്‍ക്കരുതെന്ന് മുരളി തുമ്മാരുകുടി

google news
Aswathy

തിരുവനന്തപുരം: മാല പൊട്ടിച്ചെടുത്തയാളെ സാഹസികമായി പിടികൂടിയ യുവതിക്ക് സോഷ്യല്‍ മീഡിയയിലെങ്ങും കൈയ്യടിയാണ്. തിരുവനന്തപുരം കാട്ടിയാക്കോണം സ്വദേശിനിയായ അശ്വിതിയാണ് കഴിഞ്ഞദിവസം ചെങ്കോട്ടുകോണത്തുവെച്ച് മാല പൊട്ടിച്ച കള്ളനെ കൈയ്യോടെ പിടികൂടിയത്. ഭര്‍ത്താവിനൊപ്പം വരികയായിരുന്ന അശ്വതിയുടെ മാല പൊട്ടിച്ച അനില്‍ കുമാര്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്‌കൂട്ടറില്‍നിന്നും വലിച്ച് താഴെയിട്ട് അശ്വതി പിടികൂടുന്ന രംഗം ഇതിനകം വൈറലായിട്ടുണ്ട്.

അശ്വതിയും അനില്‍ കുമാറും സ്‌കൂട്ടറില്‍ നിന്നും തെറിച്ചു താഴെവീഴുന്നത് സിസിടിവി ദൃശ്യത്തില്‍ കാണാം. ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിലെ യാത്രികനെ വലിച്ച് താഴെയിടാനുള്ള സാഹസിക പ്രവര്‍ത്തി വിജയകരമായെങ്കിലും ഈ രീതിയില്‍ അക്രമികളേയും കള്ളന്മാരേയും നേരിടുന്നത് ജീവന് ഭീഷണിയായേക്കുമെന്നാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി പറയുന്നത്.

ഈ രീതിയിലല്ല നാം പ്രതികരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കള്ളന്‍ നമ്മളെ നേരിടുന്നത് അവര്‍ തീരുമാനിക്കുന്ന സ്ഥലത്തും സമയത്തുമാണ്. മോഷ്ടിക്കുന്നതിലും മോഷണത്തിനിടക്കുള്ള സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അവര്‍ക്ക് മിടുക്കുണ്ടാകും. ഇത്തരക്കാരെ നേരിടുന്നത് റിസ്‌കാണ്. വിലപ്പെട്ടത് നഷ്ടമായാലും ജീവനേക്കാള്‍ വലുതല്ല അതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

മാലയുടെ വില, ജീവന്റെ വില?
മാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ സ്‌കൂട്ടറില്‍ നിന്നും വലിച്ചു താഴെയിട്ട യുവതിയുടെ വാര്‍ത്തയും ചിത്രവുമാണ്. മാല തിരിച്ചു കിട്ടി, വലിയ പരിക്കൊന്നും പറ്റിയതുമില്ല.
ശുഭം
മുന്‍പും പറഞ്ഞിട്ടുള്ളതാണ്, ഒരിക്കല്‍ കൂടി പറയാം
ഒരാള്‍ നമ്മുടെ മാലയോ പേഴ്സോ തട്ടിയെടുക്കാന്‍ വന്നാല്‍ അല്ലെങ്കില്‍ ഒഴിഞ്ഞ സ്ഥലത്തോ എ ടി എം കൗണ്ടറിലോ ഒക്കെ വന്നു ഭീഷണിപ്പെടുത്തി വാങ്ങാന്‍ ശ്രമിച്ചാല്‍ അവരോട് മല്ലുപിടിക്കാനാണ് നമ്മുടെ സ്വാഭാവിക പ്രതികരണം.
പക്ഷെ ഇതല്ല ഏറ്റവും ശരിയായ പ്രതികരണം
കള്ളന്‍ നമ്മളെ നേരിടുന്നത് അവര്‍ തീരുമാനിക്കുന്ന സ്ഥലത്തും സമയത്തുമാണ്. സുഹൃത്തുക്കളോ ആയുധങ്ങളോ പരിചയമോ ഒക്കെ മോഷ്ടിക്കുന്നതിലും മോഷണത്തിനിടക്കുള്ള സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഒക്കെ അവര്‍ക്ക് ഉണ്ടാകും. പോരാത്തതിന് മോഷണത്തിന് ഇടക്ക് പിടിക്കപ്പെടുന്നത് കള്ളന്മാരെ സംബന്ധിച്ച് വലിയ റിസ്‌ക് ആണ്, പ്രത്യേകിച്ചും നാട്ടുകാരുടെ കയ്യില്‍ കിട്ടിയാല്‍.
നമ്മള്‍ ആകട്ടെ, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ഇത് സംഭവിക്കുന്നത്. ഇതിനെ നേരിടാന്‍ ഒരു സംവിധാനമോ തയ്യാറെടുപ്പോ നമുക്ക് ഇല്ല.
അതുകൊണ്ട് തന്നെ ഇത്തരം ഒരു സാഹചര്യത്തില്‍ കള്ളന്‍ എന്തും ചെയ്യും. മാലയോ പേഴ്സോ പോകേണ്ടിടത്ത് ആരോഗ്യമോ ജീവനോ പോകും.
പെട്ടെന്ന് ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പകച്ചു പോവുകയാണ് ചെയ്യുന്നത്. എങ്ങനെ പ്രതികരിക്കും എന്നത് യന്ത്രികം ആയിരിക്കും. പക്ഷെ അല്പമെങ്കിലും ചിന്തിക്കാന്‍ സാധിച്ചാല്‍ കള്ളനുമായി മല്പിടുത്തതിന് പോകാതിരിക്കുന്നതാണ് ബുദ്ധി. പറ്റിയാല്‍ കള്ളന്റെ വണ്ടിയുടെ നമ്പറോ കളറോ ഒക്കെ ഓര്‍ത്തുവക്കുക. പോലീസില്‍ പരാതി പെടുക. ഒരു പക്ഷെ മോഷ്ടിച്ച വസ്തു തിരിച്ചു കിട്ടിയേക്കാം. ഇല്ലെങ്കിലും ജീവന്‍ കുഴപ്പത്തില്‍ ആകില്ല.
ജീവന്‍ ആണ് വലുത്, മാലയല്ല

 

Tags